ഒരു ലക്ഷം കോടിയുടെ കപ്പൽ, പണി കൊടുത്തത് ടോയ്‌ലറ്റ്,ലോകത്തെ വിറപ്പിക്കുന്ന യുദ്ധക്കപ്പലിലെ 'നാറ്റക്കേസ്'

യുദ്ധസന്നദ്ധരായി ഇരിക്കേണ്ട നാവികർ ടോയ്‌ലറ്റ് നന്നാക്കാൻ സമയം കളയേണ്ടി വരുന്നത് സേനയുടെ പ്രവർത്തനക്ഷമതയെയും ബാധിക്കുന്നു

1 min read|25 Feb 2026, 04:04 pm

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം മുറുകുന്ന ഈ സാഹചര്യത്തിൽ, യുഎസ് നാവികസേനയുടെ ഏറ്റവും വലിയ വിമാന വാഹിനിക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡിലെ നിലവിൽ വല്ലാത്ത അവസ്ഥയാണ്. അമേരിക്കൻ നാവികസേനയുടെ അഭിമാനമായ, ലോകത്തിലെ ഏറ്റവും ചെലവേറിയ യുദ്ധക്കപ്പലായ യു എസ് എസ് ജെറാൾഡ് ആർ. ഫോർഡിനെ ഇപ്പോൾ വലയ്ക്കുന്നത് ,ശത്രുക്കളല്ല അതിലെ 'ടോയ്‌ലറ്റുകളാണ്'.

അമേരിക്കൻ നാവികസേനയുടെ ഏറ്റവും കരുത്തുറ്റ കപ്പലാണ് ജെറാൾഡ് ഫോർഡ്.ഏകദേശം 1.08 ലക്ഷം കോടി രൂപ ചിലവാക്കിയാണ് ഇത് നിർമ്മിച്ചത്.എന്നാൽകഴിഞ്ഞ കുറച്ചു മാസങ്ങളായി ഈ കൂറ്റൻ കപ്പലിലെ നാവികർ വല്ലാത്തൊരുപ്രതിസന്ധിയിലാണ്. കപ്പലിലെ പ്ലംബിംഗ് സംവിധാനം പൂർണ്ണമായുംതാറുമാറായിരിക്കുന്നു.

സാധാരണഗതിയിൽ ഒരു യുദ്ധക്കപ്പൽ ആറുമാസമാണ് കടലിൽ തുടർച്ചയായി കിടക്കാറുള്ളത്. എന്നാൽ ഈ കപ്പൽ ഇപ്പോൾ 8 മാസമായി കടലിലാണ്. ഇത് ചിലപ്പോൾ 11 മാസം വരെ നീണ്ടുപോയേക്കാം. ഇത്രയും കാലം തുടർച്ചയായി ഉപയോഗിക്കുന്നത് കൊണ്ട് കപ്പലിലെ യന്ത്രങ്ങൾക്കും പൈപ്പുകൾക്കും തകരാർ സംഭവിക്കുന്നു. നിലവിൽ കപ്പലിലെ പല ടോയ്‌ലറ്റുകളും പ്രവർത്തിക്കുന്നില്ല. ചോർച്ചഅടയ്ക്കാനും ടോയ്‌ലറ്റുകൾ നന്നാക്കാനും നാവികർക്ക് രാത്രിയും പകലുംപണിയെടുക്കേണ്ടി വരുന്നു.

ഇറാനുമായുള്ള ചർച്ചകൾ പരാജയപ്പെട്ടാൽ എപ്പോൾ വേണമെങ്കിലും ഒരു ആക്രമണം ഉണ്ടായേക്കാം എന്ന ജാഗ്രതയിലാണ് നാവികർ. എന്നാൽ ഒരു വശത്ത് യുദ്ധഭീതിയും മറുവശത്ത് അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും കാരണം നാവികർ വലിയ മാനസിക സമ്മർദ്ദത്തിലാണ്. പലരും നാവികസേന വിട്ടുപോകുന്നതിനെക്കുറിച്ച് പോലും ആലോചിക്കുന്നു എന്നാണ് ലഭിക്കുന്ന വിവരം.

സാമ്പത്തിക ആഘാതം

ഇതൊരു ചെറിയ പ്ലംബിംഗ് പണിയല്ല. ഇതിനു പിന്നിലെ സാമ്പത്തിക കണക്കുകൾ കേട്ടാൽ ആരും ഞെട്ടും.ഈ കപ്പലിലെ പ്ലംബിംഗ് ക്ലീൻ ചെയ്യണമെങ്കിൽ ഒരു പ്രത്യേക രാസ ലായനി ഉപയോഗിക്കണം. ഓരോ തവണ ഇത് ചെയ്യുമ്പോഴും ഏകദേശം 3.3 കോടി രൂപ ആണ്അമേരിക്കൻ സർക്കാരിന് ചിലവാകുന്നത്. ടോയ്‌ലറ്റുകൾ അടിക്കടി ബ്ലോക്ക് ആകുന്നത് കൊണ്ട് അത് നന്നാക്കാൻ മാത്രംവൻ തുക മാറ്റി വെക്കേണ്ടി വരുന്നു.

കപ്പൽ നിർമ്മിക്കാൻ ഇത്രയധികം പണം

ചിലവാക്കിയിട്ടും, നിസ്സാരമെന്ന് തോന്നുന്ന പ്ലംബിംഗ് കാര്യത്തിൽ വന്ന പിഴവ് വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കുന്നത്. യുദ്ധസന്നദ്ധരായി ഇരിക്കേണ്ട നാവികർ ടോയ്‌ലറ്റ് നന്നാക്കാൻ സമയം കളയേണ്ടി വരുന്നത് സേനയുടെ പ്രവർത്തനക്ഷമതയെയും ബാധിക്കുന്നു.

പാഠങ്ങൾ പലത്

ലോകത്തെ വിറപ്പിക്കുന്ന ആയുധങ്ങളുണ്ടെങ്കിലും, ശരിയായ പ്ലംബിംഗ് സംവിധാനം ഇല്ലെങ്കിൽ എത്ര വലിയ കപ്പലായാലും ബുദ്ധിമുട്ടിലാകുമെന്ന് ഈ സംഭവം തെളിയിക്കുന്നു. 11 മാസം തുടർച്ചയായി കടലിൽ കിടന്ന് റെക്കോർഡ് ഇടാൻഒരുങ്ങുന്ന ഈ കപ്പലിന് ഇപ്പോൾ 'ടോയ്‌ലറ്റ് ബ്ലോക്ക്' വലിയൊരു വെല്ലുവിളിയായി മാറിയിരിക്കുകയാണ്.നൂതനമായ മിസൈലുകളും വിമാനവാഹിനികളും ഉണ്ടെങ്കിലും, അടിസ്ഥാന സൗകര്യങ്ങളായ വെള്ളവും ടോയ്‌ലറ്റും ശരിയായില്ലെങ്കിൽ ഏതൊരു വമ്പൻ സന്നാഹവുംപതറിപ്പോകുമെന്ന് ഈ സംഭവം നമ്മെ ഓർമ്മിപ്പിക്കുന്നു.

കോടികൾ മുടക്കി അത്യാധുനിക യന്ത്രങ്ങൾ വാങ്ങുന്നതിനേക്കാൾ പ്രധാനം അവ കൃത്യസമയത്ത് പരിരക്ഷിക്കുക എന്നതാണ്. യുദ്ധമുഖത്ത് ശത്രുക്കളെ നേരിടേണ്ട നാവികർ ഇന്ന് കപ്പലിലെ പൈപ്പ് ചോർച്ച അടയ്ക്കാൻ പാടുപെടുകയാണ്. അവരുടെ ക്ഷമയും കഠിനാധ്വാനവുമാണ് ഈ വലിയ കപ്പലിനെ ഇപ്പോഴും കടലിൽ നിലനിർത്തുന്നത്. ഒരു ചെറിയ ചോർച്ച പോലും ശരിയായ സമയത്ത് അടച്ചില്ലെങ്കിൽ അത് കോടികളുടെ നഷ്ടമുണ്ടാക്കുമെന്ന വലിയൊരു സാമ്പത്തിക പാഠം കൂടി ഈ 'ടോയ്‌ലറ്റ് കഥ' ലോകത്തിന് നൽകുന്നു.

Content highlights :‘Toilet wars’ hobble Trump’s $13-billion aircraft carrier USS Gerald Ford amid US-Iran tensions

To advertise here,contact us