ബിറ്റ്‌കോയിൻ ലോകത്തെ ഞെട്ടിച്ച് 'എപ്‌സ്റ്റീൻ' വെളിപ്പെടുത്തലുകൾ, എന്താണ് സത്യാവസ്ഥ?

'സതോഷി നകമോട്ടോ' എന്ന അജ്ഞാതൻ എപ്‌സ്റ്റീൻ ആണെന്ന തരത്തിലുള്ള പ്രചാരണങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമാണ്

1 min read|23 Feb 2026, 09:52 am

വിവാദ വ്യവസായി ജെഫ്രി എപ്‌സ്റ്റീനെക്കുറിച്ചുള്ള പുതിയ അന്വേഷണ റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ക്രിപ്‌റ്റോകറൻസി ലോകം വലിയ ചർച്ചകളിലാണ്. 2026 ഫെബ്രുവരിയിൽ പുറത്തുവിട്ട ലക്ഷക്കണക്കിന് രേഖകൾ പ്രകാരം, ക്രിപ്‌റ്റോ വിപണിയുടെ വളർച്ചയിൽ എപ്‌സ്റ്റീൻ നിശബ്ദമായി ഇടപെട്ടിരുന്നു എന്നാണ് കണ്ടെത്തൽ.

കോയിൻബേസിലെ നിക്ഷേപം

ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകളിലൊന്നായ 'കോയിൻബേസിൽ' എപ്‌സ്റ്റീൻ ആദ്യകാലത്ത് നിക്ഷേപം നടത്തിയിരുന്നു. 2014-ൽ 3 മില്യൺ ഡോളറാണ് അദ്ദേഹം നിക്ഷേപിച്ചത്. തന്റെ നിക്ഷേപം 1000 ശതമാനം ലാഭത്തിൽ 2018-ൽ അദ്ദേഹം മറിച്ചുവിറ്റതായും രേഖകൾ പറയുന്നു.2014 ഡിസംബറിൽ കോയിൻബേസിന്റെ 'സീരീസ് സി' ഫണ്ടിംഗ് റൗണ്ടിലാണ് എപ്‌സ്റ്റൈൻ 3 മില്യൺ ഡോളർ നിക്ഷേപിച്ചത്. ആ സമയത്ത് കമ്പനിയുടെ ആകെ മൂല്യം ഏകദേശം 400 മില്യൺ ഡോളറായിരുന്നു.

അമേരിക്കയിലെ വിർജിൻ ഐലൻഡ്‌സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐജിഒ കമ്പനി എൽഎൽസി എന്ന സ്ഥാപനം വഴിയാണ് എപ്‌സ്റ്റൈൻ പണം നിക്ഷേപിച്ചത്. പ്രമുഖ ക്രിപ്‌റ്റോ നിക്ഷേപകനും ടെതർ സഹസ്ഥാപകനുമായ ബ്രോക്ക് പിയേഴ്‌സ് ആണ് ഈ ഇടപാടിന് സൗകര്യമൊരുക്കിയത്. അക്കാലത്ത് 'ബ്ലോക്ക്‌ചെയിൻ ക്യാപിറ്റൽ' എന്ന വെഞ്ച്വർ സ്ഥാപനത്തിൽ പ്രവർത്തിക്കുകയായിരുന്നു അദ്ദേഹം.

നിക്ഷേപം വരുന്നത് എപ്‌സ്റ്റൈനിൽ നിന്നാണെന്ന് കോയിൻബേസ് സഹസ്ഥാപകനായ ഫ്രെഡ് എർസാമിന് അറിയാമായിരുന്നുവെന്ന് ഇമെയിൽ രേഖകൾ വ്യക്തമാക്കുന്നു. 2018 ഫെബ്രുവരിയിൽ തന്റെ പക്കലുള്ള കോയിൻബേസ് ഓഹരികളുടെ പകുതി എപ്‌സ്റ്റൈൻ ബ്ലോക്ക്‌ചെയിൻ ക്യാപിറ്റലിന് തന്നെ മറിച്ചുവിറ്റു. ഏകദേശം 15 മില്യൺ ഡോളറിനായിരുന്നു ഈ വിൽപ്പന. അതായത്, തന്റെ നിക്ഷേപത്തിന്റെ ആ ഭാഗത്തിന് മാത്രം ഏകദേശം 1,000% ലാഭമാണ് അദ്ദേഹം നേടിയത്.

ബ്ലോക്ക് സ്ട്രീം

ബ്ലോക്ക്സ്ട്രീമുമായി എപ്‌സ്റ്റീന് ആദ്യകാല സാമ്പത്തിക ബന്ധങ്ങളുണ്ടായിരുന്നതായി ഇപ്പോൾ രേഖകൾ വെളിച്ചത്ത് വന്നിട്ടുണ്ട്. 2014-ൽ ബ്ലോക്ക്സ്ട്രീമിൻ്റെ പ്രാരംഭ ഘട്ട നിക്ഷേപ സമാഹരണത്തിൽ എപ്സ്റ്റീൻ ഏകദേശം 5 ലക്ഷം ഡോളർ നിക്ഷേപിച്ചു. 2014-ലെ ഇമെയിൽ രേഖകൾ പ്രകാരം, അന്നത്തെ സിഐഒ ഓസ്റ്റിൻ ഹിൽ ഫണ്ടിംഗിനെക്കുറിച്ച് എപ്സ്റ്റീനുമായി ചർച്ചകൾ നടത്തിയിരുന്നു. ക്രിപ്റ്റോ മേഖലയിലെ മറ്റ് എതിരാളികളെക്കുറിച്ചുള്ള വിവരങ്ങളും ഹിൽ എപ്സ്റ്റീനുമായി പങ്കുവെച്ചിരുന്നു.

എപ്സ്റ്റീനുമായി നിലവിൽ നേരിട്ടോ അല്ലാതെയോ യാതൊരു സാമ്പത്തിക ബന്ധവുമില്ലെന്ന് ബ്ലോക്ക്സ്ട്രീം നേതൃത്വം വ്യക്തമാക്കി. ഈ വെളിപ്പെടുത്തലുകൾ പുറത്തുവന്നതോടെ ക്രിപ്റ്റോകറൻസി മേഖലയിൽ വലിയ പ്രതിഷേധം ഉയർന്നു. എപ്സ്റ്റീനെപ്പോലെയുള്ള ഒരാളുടെ നിക്ഷേപം സ്വീകരിച്ചതിനെ തുടർന്ന് കമ്പനിയുടെ നേതൃത്വം രാജിവെക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

സതോഷി നകമോട്ടോ എപ്‌സ്റ്റീനാണോ?

ബിറ്റ്‌കോയിൻ കണ്ടുപിടിച്ച 'സതോഷി നകമോട്ടോ' എന്ന അജ്ഞാതൻ എപ്‌സ്റ്റീൻ ആണെന്ന തരത്തിലുള്ള പ്രചാരണങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമാണ്. എന്നാൽ ഇതിൽ വാസ്തവമില്ലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.ഗിസ്‌ലൈൻ മാക്‌സ്‌വെല്ലിന് എപ്‌സ്റ്റീൻ അയച്ചതെന്ന പേരിൽ പ്രചരിക്കുന്ന ഇമെയിൽ സ്ക്രീൻഷോട്ട് വ്യാജമാണെന്ന് വസ്തുതാന്വേഷകർ കണ്ടെത്തിയിട്ടുണ്ട്.

ബിറ്റ്‌കോയിന്റെ കോഡിംഗുമായോ അതിന്റെ സാങ്കേതിക വശങ്ങളുമായോ എപ്‌സ്റ്റീനെ ബന്ധിപ്പിക്കുന്ന യാതൊരു തെളിവും ഔദ്യോഗിക രേഖകളിലില്ല.ലഭ്യമായ വിവരങ്ങൾ പ്രകാരം എപ്‌സ്റ്റീൻ ഒരു ആദ്യകാല നിക്ഷേപകൻ മാത്രമായിരുന്നു, ബിറ്റ്‌കോയിന്റെ സ്രഷ്ടാവല്ല.

ചുരുക്കത്തിൽ എപ്‌സ്റ്റീൻ തന്റെ കള്ളപ്പണം വെളുപ്പിക്കാനോ ലാഭമുണ്ടാക്കാനോ ക്രിപ്‌റ്റോ വിപണിയെ ഉപയോഗിച്ചിരുന്നു എന്നത് ശരിയാണെങ്കിലും, ബിറ്റ്‌കോയിന്റെ പിന്നിലെ ബുദ്ധി അദ്ദേഹത്തിന്റേതാണെന്ന വാദത്തിന് അടിസ്ഥാനമില്ല.

Content highlights: Bitcoin Rocked by Epstein Exposé: What’s Fact and What’s Fiction?

To advertise here,contact us