അമിത് ഷാ അസമിലേക്കും; കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക്, പത്ത് പോയാലും കുഴപ്പമില്ലെന്ന് കോണ്‍ഗ്രസ്
ഗുവാഹത്തി: പശ്ചിമബംഗാള്‍ സന്ദര്‍ശനത്തിന് ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അസമിലെത്തുമെന്ന് റിപ്പോര്‍ട്ട്. ഡിസംബര്‍ 26നാണ് ഷായുടെ അസം സന്ദര്‍ശനം. സര്‍ക്കാരിന്റെ ചില പരിപാടികളിലും പാര്‍ട്ടി പരിപാടികളിലും ഷാ പങ്കെടുക്കുമെന്ന് ബിജെപി നേതാവ് നുമാല്‍ മോമിന് പറഞ്ഞു. ചില കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേരാനൊരുങ്ങുകയാണെന്നും അദ്ദേഹം വെളിപ്പെടുത്തി. സിറ്റിങ് എംഎല്‍എമാരും മുന്‍ മന്ത്രിയുമടക്കം കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുമെന്നാണ് മോമിന് അവകാശപ്പെടുന്നത്. അമിത് ഷാ അസമിലെത്തുന്ന വേദിയില്‍ വെച്ചാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തുകയെന്നും […]

ഗുവാഹത്തി: പശ്ചിമബംഗാള്‍ സന്ദര്‍ശനത്തിന് ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അസമിലെത്തുമെന്ന് റിപ്പോര്‍ട്ട്. ഡിസംബര്‍ 26നാണ് ഷായുടെ അസം സന്ദര്‍ശനം. സര്‍ക്കാരിന്റെ ചില പരിപാടികളിലും പാര്‍ട്ടി പരിപാടികളിലും ഷാ പങ്കെടുക്കുമെന്ന് ബിജെപി നേതാവ് നുമാല്‍ മോമിന് പറഞ്ഞു. ചില കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേരാനൊരുങ്ങുകയാണെന്നും അദ്ദേഹം വെളിപ്പെടുത്തി.
സിറ്റിങ് എംഎല്‍എമാരും മുന്‍ മന്ത്രിയുമടക്കം കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുമെന്നാണ് മോമിന് അവകാശപ്പെടുന്നത്. അമിത് ഷാ അസമിലെത്തുന്ന വേദിയില്‍ വെച്ചാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തുകയെന്നും അദ്ദേഹം പറഞ്ഞു. മുന്‍മന്ത്രിയും കോണ്‍ഗ്രസിന്റെ സിറ്റിങ് എംഎല്‍എയുമായ വനിത നേതാവ് അജന്ത നിയോഗ് അടക്കമുള്ള നേതാക്കള്‍ ബിജെപിയിലെത്തുമെന്ന സൂചനയാണ് മോമിന് നല്‍കുന്നത്.
‘ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസിന്റെ മൂന്നോ നാലോ എംഎല്‍എമാര്‍ ബിജെപിയില്‍ ചേരും. ജനുവരി അവസാനത്തോടെ കൂടുതല്‍ നേതാക്കളെത്തും. അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ കഴിഞ്ഞ് മൂന്നുനാല് വര്‍ഷമായി സംസ്ഥാനത്ത് വലിയ വികസന പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഇതില്‍ ആകൃഷ്ടരായാണ് കോണ്‍ഗ്രസ് എംഎല്എമാരെത്തുന്നത്. അസമിലെ ബിജെപി സര്‍ക്കാരില്‍ ജനം അതീവ സന്തുഷ്ടരാണ്. അസമിന്റെ ചരിത്രത്തിലാദ്യമായി ഞങ്ങള്‍ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച എല്ലാ പദ്ധതികളും പൂര്‍ത്തിയാക്കിക്കഴിഞ്ഞു’, മോമിന് പറഞ്ഞു.
മറ്റ് ഏത് പാര്‍ട്ടിയില്‍നിന്ന് മത്സരിക്കുന്നതിനേക്കാള്‍ വിജയസാധ്യത ബിജെപിയില്നിന്നായതു കൊണ്ടാണ് പല പാര്ട്ടിയില്നിന്നുള്ളവരും ബിജെപിയില്‍ എത്തുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. അമിത് ഷാ എത്തിയതിന് ശേഷം നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ചര്‍ച്ചകള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി കോണ്‍ഗ്രസിന്റെ മുന്‍മന്ത്രിയും എംഎല്‍എയുമായ അജിത് നിയോഗ് പാര്‍ട്ടിയില്‍ സജീവമായിരുന്നില്ല. കഴിഞ്ഞ ദിവസം അദ്ദേഹം സര്‍ബാനന്ദ സോനോവാളുമായും ധനമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ്മയുമായും നിര്‍ണായക കൂടിക്കാഴ്ച നടത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അജന്ത നിയോഗ് കോണ്‍ഗ്രസിനെ ചതിച്ചെന്നും പക്ഷേ, അത് പാര്‍ട്ടിയെ ബാധിക്കില്ലെന്നുമാണ് അസമിലെ കോണ്‍ഗ്രസ് അധ്യക്ഷനും രാജ്യസഭാ എംപിയുമായ റിപുണ്‍ ബോറയുടെ പ്രതികരണം.
‘ഇത് അജന്തയില്‍നിന്നും പ്രതീക്ഷിച്ചില്ല. കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്രങ്ങള്‍ കാരണം അവര്‍ പാര്‍ട്ടിയിലില്ല. വ്യക്തിപരമായ താല്പര്യത്തിന്റെ പുറത്തായിരുന്നു അവര്‍ പാര്‍ട്ടിയിലേക്ക് വന്നത്. പക്ഷേ, പാര്‍ട്ടി അവരെ ബഹുമാനിച്ചു. കോണ്‍ഗ്രസ് പ്രത്യയശാസ്ത്രം മുറുകെ പിടിച്ചതിന്റെ പേരില്‍ ഭീകരരാല്‍ കൊല്ലപ്പെട്ടതാണ് അവരുടെ ഭര്‍ത്താവ്. കോണ്‍ഗ്രസില്‍നിന്നും വ്യതിചലിക്കാന്‍ അദ്ദേഹം ഒരിക്കലും ഒരുക്കമായിരുന്നില്ല’, റിപുണ്‍ ബോറ പറഞ്ഞു.
തരുണ്‍ ഗൊഗോയി സര്‍ക്കാര്‍ അജന്തയ്ക്ക് നിരവധി സ്ഥാനമാനങ്ങള്‍ നല്‍കിയിരുന്നെന്നും അജന്തയോടൊപ്പം പത്ത് നേതാക്കള്‍ പോയാല്‍ പോലും കോണ്‍ഗ്രസിനെ ബാധിക്കില്ലെന്നും റിപുണ്‍ കൂട്ടിച്ചേര്‍ത്തു.