മുകുള്‍ റോയിയെ അമിത് ഷായ്ക്ക് പേടി?; സ്ഥാനങ്ങള്‍ വലിച്ചെറിഞ്ഞ ബിജെപി എം.എല്‍.എമാരോട് സന്ധിയില്ലാതെ ദീദീ
ബംഗാളില്‍ എട്ട് ബിജെപി എംഎല്‍എമാര്‍ നിയമസഭാ പാനലുകളിലെ ചുമതലയില്‍ നിന്നും രാജിവെച്ചതിന് പിന്നാലെ ബിജെപി-മുകുള്‍ റോയി പ്രത്യക്ഷ യുദ്ധമുണ്ടാകുമെന്ന് സൂചന. മുകുള്‍ റോയിയെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയര്‍മാനായി ചുമതലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് മനോജ് ടിഗ്ഗ, മിഹിര്‍ ഗോസ്വാമി, കൃഷ്ണ കല്യാണി, നിഖില്‍ രഞ്ജന്‍ ഡേ, ബിഷ്ണു പ്രസാദ് ശര്‍മ, ദീപക് ബാര്മാന്, അശോക് കീര്‍ത്താനി, ആനന്ദമയ ബാര്മാന് എന്നിവരാണ് രാജിവെച്ചിരിക്കുന്നത്. മമത ബാനര്‍ജിയുടെ വിശ്വസ്തനായിരുന്നു റോയിയെ ബിജെപി നേരത്തെ സ്വന്തം പാളയത്തിലെത്തിച്ചിരുന്നു. എന്നാല്‍ പിന്നീട് തിരികെയെത്തി, നിലവില്‍ […]
14 July 2021 5:52 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ബംഗാളില്‍ എട്ട് ബിജെപി എംഎല്‍എമാര്‍ നിയമസഭാ പാനലുകളിലെ ചുമതലയില്‍ നിന്നും രാജിവെച്ചതിന് പിന്നാലെ ബിജെപി-മുകുള്‍ റോയി പ്രത്യക്ഷ യുദ്ധമുണ്ടാകുമെന്ന് സൂചന. മുകുള്‍ റോയിയെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയര്‍മാനായി ചുമതലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് മനോജ് ടിഗ്ഗ, മിഹിര്‍ ഗോസ്വാമി, കൃഷ്ണ കല്യാണി, നിഖില്‍ രഞ്ജന്‍ ഡേ, ബിഷ്ണു പ്രസാദ് ശര്‍മ, ദീപക് ബാര്മാന്, അശോക് കീര്‍ത്താനി, ആനന്ദമയ ബാര്മാന് എന്നിവരാണ് രാജിവെച്ചിരിക്കുന്നത്. മമത ബാനര്‍ജിയുടെ വിശ്വസ്തനായിരുന്നു റോയിയെ ബിജെപി നേരത്തെ സ്വന്തം പാളയത്തിലെത്തിച്ചിരുന്നു. എന്നാല്‍ പിന്നീട് തിരികെയെത്തി, നിലവില്‍ ബിജെപിക്കെതിരായ തന്ത്രങ്ങള്‍ റോയിയാണ് മെനയുന്നത്.
തൃണമൂലിന് ബംഗാള്‍ രാഷ്ട്രീയത്തില്‍ ശക്തമായ സാന്നിദ്ധ്യമായി വളര്‍ന്നതില്‍ റോയിയുടെ പങ്ക് ചെറുതല്ല. കാലുമാറിയ മറ്റു നേതാക്കളോട് ശക്തമായ നിലപാട് സ്വീകരിച്ച മമത പക്ഷേ റോയിയുടെ കാര്യത്തില്‍ കടുത്ത തീരുമാനമെടുത്തില്ല. തെരഞ്ഞെടുപ്പിന് പിന്നാലെ റോയിയെ പാര്‍ട്ടിയിലേക്ക് തിരികെ രണ്ടും കൈയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു. നിര്‍ണായക സ്ഥാനങ്ങളില്‍ മുകുള്‍ റോയി തിരികെയെത്തുമെന്നും ഇതോടെ വ്യക്തമായി. ഇതിന്റെ ആദ്യ പടിയായി പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയര്‍മാനായി നിയമനം നല്കി. ചട്ടപ്രകാരം പ്രതിപക്ഷ പാര്‍ട്ടികളുടെ എംഎല്‍എയാണ് പിഎസി ചെയര്മാന് ആകേണ്ടതെന്ന് പ്രതിപക്ഷം നേതാവ് സുവേന്ദു അധികാരി അവകാശപ്പെട്ടത്. എന്നാല്‍ ദീദീ ഇക്കാര്യം മുഖവിലയ്ക്കെടുത്തില്ല.
ബിജെപി സമീപകാലത്തെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് തിരിച്ചടി മൂന്ന് സംസ്ഥാനങ്ങളിലൊന്നാണ് ബംഗാള്‍. കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളാണ് പട്ടികയിലുള്ള മറ്റുള്ളവര്‍. മുകുള്‍ റോയി കൂടി തിരികെയെത്തിയതോടെ മമത രാഷ്ട്രീയ ബംഗാളില്‍ എതിരില്ലാതെ മുന്നേറുമെന്നും നിരീക്ഷകര്‍ വിലയിരുത്തുന്നു. ബിജെപിയുടെ രാഷ്ട്രീയ കരുനീക്കങ്ങളെക്കുറിച്ച് കൃത്യമായ ധാരണയുള്ള നേതാവാണ് റോയി. അതുകൊണ്ട് തന്നെ ബിജെപിയുടെ പ്രതിഷേധം വിലപോവില്ല. അമിത് ഷാ അദ്ദേഹത്തിനെതിരെ നേരിട്ട് കരുനീക്കങ്ങള്‍ നടത്തില്ലെന്നും അഭ്യൂഹങ്ങളുണ്ട്. സ്വന്തം പാളയത്തിന്റെ നീക്കങ്ങള്‍ മുന്‍കൂര്‍ അറിയാവുന്ന നേതാവെന്ന നിലയില്‍ റോയിയെ പിടിച്ചുകെട്ടാന്‍ ബിജെപി വിയര്‍ക്കും.
ഇക്കഴിഞ്ഞ പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ച മുകുള്‍ റോയ് തെരഞ്ഞെടുപ്പ് വിജയിച്ചതിന് ശേഷമാണ് പാളയം മാറിയത്. ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചയാള്‍ പിഎസി ചെയര്‍മാനാക്കിയ തൃണമൂല്‍ കോണ്‍ഗ്രസ് നടപടിയാണ് എംഎല്‍എമാരെ ചൊടിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഇത് അമിത് ഷാ വിവിധ സംസ്ഥാനങ്ങളില്‍ നടത്തിയതിന് സമാന നീക്കമാണെന്നും മറുവാദവുമുണ്ട്. തൃണമൂല്‍ എംഎല്‍എമാര്‍ കൂട്ടമായി ബിജെപിയിലേക്ക് ചേക്കേറുമെന്ന് തെരഞ്ഞെടുപ്പിന് മുന്‍പ് ഷാ പ്രഖ്യാപിച്ചിരുന്നു.