“വെറും വാഗ്ദാനങ്ങള്‍”;’ 2019ല്‍ നടപ്പിലാക്കുമെന്ന് പറഞ്ഞതൊക്കെ ഇപ്പോള്‍ എവിടെ?’; അമിത് ഷാ സന്ദര്‍ശിക്കുന്ന നഗരത്തിന്റെ ഓരോ മുക്കിലും പോസ്റ്ററുകള്‍; വിവാദം
അമിത് ഷായുടെ സന്ദര്‍ശനത്തിന് മുന്നോടിയായി പലയിടത്തും ബിജെപി സ്ഥാപിച്ച കാവിക്കൊടികളും ബാനറുകളും അജ്ഞാതര്‍ നീക്കം ചെയ്തതായും ബംഗാളിലെ ബിജെപി പ്രവര്‍ത്തകര്‍ ആരോപിക്കുന്നുണ്ട്.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ബംഗാള്‍ സന്ദര്‍ശനത്തിന്റെ നാലാംഘട്ടം ഉടന്‍ ആരംഭിക്കാനിരിക്കെ ഷാ എത്തുന്ന കൂച്ച്ബെഹാര്‍ പ്രദേശത്ത് ബിജെപി വിരുദ്ധ പോസ്റ്ററുകള്‍ നിറഞ്ഞത് വിവാദമാകുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് ബിജെപി നല്കിയ വാഗ്ദാനങ്ങളുടെ ഇപ്പോഴത്തെ സ്ഥിതിയെന്താണെന്ന് ചോദിച്ചുകൊണ്ടുള്ള പരിഹാസ പോസ്റ്ററുകളാണ് നഗരത്തിന്റെ ഓരോ മുക്കിലും മൂലയിലും നിറയുന്നത്. കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ട് നടപ്പിലാക്കാത്ത ഓരോ പദ്ധതിയും ആനുകൂല്യവും എണ്ണിയെണ്ണിപ്പറയുന്ന പോസ്റ്ററാണ് അമിത് ഷായുടെ ബംഗാള്‍ സന്ദര്‍ശനത്തിനിടയില്‍ ബിജെപിയ്ക്ക് കല്ലുകടിയാകുന്നത്.
നടപ്പിലാക്കാത്ത വാഗ്ദാനങ്ങള്‍ മാത്രം പട്ടികപ്പെടുത്തിയ പോസ്റ്ററുകളില്‍ ഒരിടത്തും ഇത് ആരാണ് സ്ഥാപിച്ചതെന്ന് സൂചനകളില്ല. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും സംസ്ഥാനസര്‍ക്കാരുമാണ് ഈ പോസ്റ്ററിന് പിന്നിലെന്ന ബിജെപിയുടെ ആരോപണങ്ങളെ മമ്ത സര്‍ക്കാര്‍ നിഷേധിച്ചു. അമിത് ഷായുടെ സന്ദര്‍ശനത്തിന് മുന്നോടിയായി പലയിടത്തും ബിജെപി സ്ഥാപിച്ച കാവിക്കൊടികളും ബാനറുകളും അജ്ഞാതര്‍ നീക്കം ചെയ്തതായും ബംഗാളിലെ ബിജെപി പ്രവര്‍ത്തകര്‍ ആരോപിക്കുന്നുണ്ട്.
കൂച്ച്ബെഹാര്‍ പ്രദേശത്ത് പുതിയ വിമാനത്താവളം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചവര്‍ പിന്നീട് ആ വഴിക്ക് തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് പോസ്റ്ററുകളിലൂടെ അജ്ഞാതര്‍ ആരോപിക്കുന്നു. നാരായണി സേന വാഗാദാനം ചെയ്തിട്ട് അതും പാലിച്ചിട്ടില്ലെന്ന് പോസ്റ്ററുകളിലുണ്ട്. അതേസമയം അമിത് ഷായുടെ പരിബര്‍ത്തന്‍ യാത്രയുടെ നാലാം ഘട്ടത്തിന് ഇന്ന് തുടക്കമാകും. കൂച്ച്ബെഹാര്‍ പ്രദേശത്ത് നിന്നാകും യാത്രയുടെ നാലാം ഘട്ടത്തിന്റെ ഫ്ലാഗ് ഓഫ്.