Top

‘ചില തെറ്റുകള്‍ സംഭവിച്ചു’; അമിത് ഷാ കുറ്റസമ്മതം നടത്തിയെന്ന് കര്‍ഷക നേതാവ് ശിവ് കുമാര്‍ കാക്ക

ഡല്‍ഹി: കര്‍ഷകനിയമത്തില്‍ ചില തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി അമിത് ഷാ തങ്ങളോട് സമ്മതിച്ചുവെന്ന് കര്‍ഷക സംഘടനാ നേതാക്കളിലൊരാളായ ശിവ് കുമാര്‍ കാക്ക.നിയമങ്ങള്‍ നടപ്പാക്കുന്നതിന് മുന്‍പ് എന്തുകൊണ്ട് കര്‍ഷകരോട് ആലോചിച്ചില്ലെന്ന് ചോദിച്ചപ്പോഴാണ് ചില തെറ്റുകള്‍ സംഭവിച്ചതായി അമിത് ഷാ സമ്മതിച്ചതെന്ന് ശിവ് കുമാര്‍ പറഞ്ഞു.നിയമങ്ങളില്‍ ആവശ്യമെങ്കില്‍ കൂടുതല്‍ ഭേദഗതികള്‍ വരുത്താന്‍ തയ്യാറാണെന്നും അമിത് ഷാ പറഞ്ഞതായി ശിവ് കുമാര്‍ പറഞ്ഞു. അതേസമയം, പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്ന റിപ്പോര്‍ട്ടുകളും അദ്ദേഹം തള്ളി. ജനദ്രോഹകരമായ നിയമങ്ങള്‍ പിന്‍വലിക്കുക, അതുവരെ സമരം […]

10 Dec 2020 5:38 AM GMT

‘ചില തെറ്റുകള്‍ സംഭവിച്ചു’; അമിത് ഷാ കുറ്റസമ്മതം നടത്തിയെന്ന് കര്‍ഷക നേതാവ് ശിവ് കുമാര്‍ കാക്ക
X

ഡല്‍ഹി: കര്‍ഷകനിയമത്തില്‍ ചില തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി അമിത് ഷാ തങ്ങളോട് സമ്മതിച്ചുവെന്ന് കര്‍ഷക സംഘടനാ നേതാക്കളിലൊരാളായ ശിവ് കുമാര്‍ കാക്ക.
നിയമങ്ങള്‍ നടപ്പാക്കുന്നതിന് മുന്‍പ് എന്തുകൊണ്ട് കര്‍ഷകരോട് ആലോചിച്ചില്ലെന്ന് ചോദിച്ചപ്പോഴാണ് ചില തെറ്റുകള്‍ സംഭവിച്ചതായി അമിത് ഷാ സമ്മതിച്ചതെന്ന് ശിവ് കുമാര്‍ പറഞ്ഞു.
നിയമങ്ങളില്‍ ആവശ്യമെങ്കില്‍ കൂടുതല്‍ ഭേദഗതികള്‍ വരുത്താന്‍ തയ്യാറാണെന്നും അമിത് ഷാ പറഞ്ഞതായി ശിവ് കുമാര്‍ പറഞ്ഞു.

അതേസമയം, പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്ന റിപ്പോര്‍ട്ടുകളും അദ്ദേഹം തള്ളി. ജനദ്രോഹകരമായ നിയമങ്ങള്‍ പിന്‍വലിക്കുക, അതുവരെ സമരം എന്നത് കര്‍ഷകര്‍ ഒന്നിച്ചെടുത്ത തീരുമാനമാണെന്നും തങ്ങള്‍ക്കിടയില്‍ യാതൊരു തര്‍ക്കവുമില്ലെന്നും ശിവ് കുമാര്‍ പറഞ്ഞു. നിയമങ്ങള്‍ പിന്‍വലിക്കും വരെ പോരാട്ടം തുടരാന്‍ തന്നെയാണ് തങ്ങളുടെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ അഞ്ചിന ഫോര്‍മുലകള്‍ തള്ളിയതിന് പിന്നാലെ കര്‍ഷകപ്രക്ഷോഭം ശക്തമാക്കാന്‍ ഡിസംബര്‍ 14ന് രാജ്യവ്യാപകമായി ബിജെപി ഓഫീസുകള്‍ ഉപരോധിക്കുമെന്ന് കര്‍ഷകര്‍ ഇന്നലെ അറിയിച്ചിരുന്നു. ജില്ലാ ആസ്ഥാനങ്ങള്‍ക്ക് മുന്‍പില്‍ കുത്തിയിരുപ്പ് സമരം നടത്താനാണ് കര്‍ഷകരുടെ തീരുമാനം. ബിജെപി നേതാക്കളെയും ജനപ്രതിനിധികളെയും ഉപരോധിക്കുമെന്നും വഴി തടഞ്ഞ് കരിങ്കൊടി കാട്ടി പ്രതിഷേധിക്കുമെന്നും കര്‍ഷകര്‍ അറിയിച്ചു. റിലയന്‍സ് ജിയോ, അദാനി കമ്പനി ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനും ദേശീയപാതകളിലെ ടോള്‍പിരിവുകള്‍ തടയാനും കര്‍ഷകര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ടോള്‍ പ്ലാസകള്‍ പിടിച്ചെടുത്ത് വാഹനങ്ങളെ ടോളില്ലാതെ കടത്തിവിടും.12ന് ദില്ലിജയ്പൂര്‍ ദേശീയപാത ഉപരോധിക്കും. രാജ്യത്തെ മുഴുവന്‍ കര്‍ഷകരും സമരത്തെ പിന്തുണയ്ക്കാന്‍ ഡല്‍ഹിയിലെത്താനും ആഹ്വാനമുണ്ട്.

കര്‍ഷകപ്രക്ഷോഭം പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ബുധനാഴ്ച മുന്നോട്ടുവച്ച ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. സര്‍ക്കാര്‍ അവതരിപ്പിച്ച അഞ്ചിന ഫോര്‍മുലകളും കര്‍ഷക സംഘടനകള്‍ തള്ളിയതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്. താങ്ങുവിലയില്‍ രേഖാമൂലം ഉറപ്പ്, സര്‍ക്കാര്‍ നിയന്ത്രിത ചന്തകള്‍ നിലനിര്‍ത്തും, സ്വകാര്യ മേഖലയെ നിയന്ത്രിക്കും, കരാര്‍കൃഷി തര്‍ക്കങ്ങളില്‍ നേരിട്ട് കോടതിയെ സമീപിക്കാം, സ്വകാര്യസര്‍ക്കാര്‍ ചന്തകള്‍ക്ക് നികുതി ഏകീകരണം എന്നീ അഞ്ച് ഫോര്‍മുലകളാണ് കേന്ദ്രം സംഘടനകള്‍ക്ക് മുന്നില്‍ വെച്ചത്. എന്നാല്‍ ഇതെല്ലാം കര്‍ഷകനേതാക്കള്‍ തള്ളുകയായിരുന്നു. 13 കര്‍ഷകസംഘടനാ നേതാക്കളാണ് അമിത് ഷായുമായി ചര്‍ച്ച നടത്തിയത്.

കര്‍ഷക പ്രക്ഷോഭം ശക്തമാകുമെന്ന സൂചനയെത്തുടര്‍ന്ന് ഡല്‍ഹി അതിര്‍ത്തികളില്‍ കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ നീക്കം. ഡല്‍ഹി ഹരിയാന അതിര്‍ത്തിയായ തിക്രിയിലും ഉത്തര്‍പ്രദേശ് അതിര്‍ത്തിയായ ഗാസിപൂര്‍, നോയിഡ, ഗുരുഗ്രാം എന്നിവിടങ്ങളിലും കര്‍ഷകരുടെ സമരം തുടരുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം തള്ളിതോടെ, കൂടുതല്‍ കര്‍ഷകര്‍ അതിര്‍ത്തികളില്‍ എത്തി. ബദര്‍പുര്‍ അതിര്‍ത്തിയില്‍ പൊലീസ് സുരക്ഷ ശക്തമാക്കി. പ്രശ്‌നത്തില്‍ ഉചിതമായ തീരുമാനം ഉടന്‍ ഉണ്ടായില്ലെങ്കില്‍ ആദ്യം ഉത്തരേന്ത്യയിലും പിന്നീട് രാജ്യവ്യാപകമായും ചരക്ക് ഗതാഗതം സ്തംഭിപ്പിക്കാനാണ് സംഘടനകളുടെ തീരുമാനം. അതിര്‍ത്തികളില്‍ സമരം കടുപ്പിച്ചതോടെ ഡല്‍ഹിയിലേക്കുള്ള ചരക്കുഗതാഗത്തെ ഇത് ബാധിക്കും. ഡിസംബര്‍ 12, ഡല്‍ഹി ജയ്പൂര്‍, ഡല്‍ഹി ആഗ്ര ദേശീയപാതകള്‍ ഉപരോധിക്കുമെന്ന് കര്‍ഷകര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Popular Stories

    Next Story