‘ലക്ഷദ്വീപ് വികസനത്തിന് കടിഞ്ഞാണിടുന്നത് മൗലികവാദികള്‍’; ന്യായീകരിച്ച് ബിജെപി ദേശീയനേതൃത്വം
പുതിയ അഡ്മിനിസ്ട്രേറ്ററും ബിജെപി നേതാവുമായ പ്രഫുല്‍ പട്ടേല്‍ ദ്വീപില്‍ നടപ്പിലാക്കുന്ന ഭരണ പരിഷ്കാരങ്ങളെ ന്യായീകരിച്ച് ബിജെപി ദേശീയ നേതൃത്വം. പുതിയ അഡ്മിനിസ്ട്രേറ്റര്‍ ദ്വീപില്‍ വികസനം കൊണ്ടുവരാനുള്ള ശ്രമത്തിലാണെന്നും മൗലിക വാദികളാണ് വികസനത്തിന് കടിഞ്ഞാണ്‍ ഇടുന്നതെന്നുമാണ് ബിജെപി ദേശീയ ഐടി വിഭാഗം മേധാവി അമിത് മാളവ്യയുടെ പ്രതികരണം. ട്വിറ്ററിലൂടെ അമിത് മാളവ്യ പ്രതികരണം രേഖപ്പെടുത്തിയത്. ‘ടൂറിസം ലക്ഷ്യമിട്ടുള്ള വികസനത്തിനാണ് ലക്ഷദ്വീപിലെ പുതിയ അഡ്മിനിസ്ട്രേറ്റര്‍ ശ്രമിക്കുന്നത്. എന്നാല്‍ മൗലികവാദം ലക്ഷ്യമിട്ടുള്ള ചിലര്‍ ഇതിനെ തടസപ്പെടുത്തുകയാണ്.’ അമിത് മാളവ്യ പറഞ്ഞു. ലക്ഷദ്വീപ് […]
26 May 2021 11:49 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പുതിയ അഡ്മിനിസ്ട്രേറ്ററും ബിജെപി നേതാവുമായ പ്രഫുല്‍ പട്ടേല്‍ ദ്വീപില്‍ നടപ്പിലാക്കുന്ന ഭരണ പരിഷ്കാരങ്ങളെ ന്യായീകരിച്ച് ബിജെപി ദേശീയ നേതൃത്വം. പുതിയ അഡ്മിനിസ്ട്രേറ്റര്‍ ദ്വീപില്‍ വികസനം കൊണ്ടുവരാനുള്ള ശ്രമത്തിലാണെന്നും മൗലിക വാദികളാണ് വികസനത്തിന് കടിഞ്ഞാണ്‍ ഇടുന്നതെന്നുമാണ് ബിജെപി ദേശീയ ഐടി വിഭാഗം മേധാവി അമിത് മാളവ്യയുടെ പ്രതികരണം. ട്വിറ്ററിലൂടെ അമിത് മാളവ്യ പ്രതികരണം രേഖപ്പെടുത്തിയത്.
‘ടൂറിസം ലക്ഷ്യമിട്ടുള്ള വികസനത്തിനാണ് ലക്ഷദ്വീപിലെ പുതിയ അഡ്മിനിസ്ട്രേറ്റര്‍ ശ്രമിക്കുന്നത്. എന്നാല്‍ മൗലികവാദം ലക്ഷ്യമിട്ടുള്ള ചിലര്‍ ഇതിനെ തടസപ്പെടുത്തുകയാണ്.’ അമിത് മാളവ്യ പറഞ്ഞു.
ലക്ഷദ്വീപ് ബിജെപിയില്‍ നിന്ന് പോലും പ്രഫുല്‍പട്ടേലിന്റെ ഭരണത്തിനെതിനെ വന്‍ പ്രതിഷേധം ഉയര്‍ന്നു വരുന്ന സാഹചര്യത്തിലാണ് ദേശീയ നേതൃത്വത്തിന്റെ ന്യായീകരണ പോസ്റ്റ്. പ്രഫുല്‍ പട്ടേലിനെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ലക്ഷദ്വീപ് നേതൃത്വം പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത്ഷാ, ദേശീയാധ്യക്ഷന്‍ ജെപി നദ്ദ എന്നിവര്‍ക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ദ്വീപ് നിവാസികള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കാന്‍ കേന്ദ്രം തയ്യാറായിരുന്നില്ല. പകരം വികസനത്തിന്റെ പേര് പറഞ്ഞ് കൂടുതല്‍ കടുത്ത നടപടികളിലേക്ക് പോവുകയാണുണ്ടായത്.
ഏറ്റവും ഒടുവില്‍ ലക്ഷ്യദ്വീപിലെ 15 സ്ക്കൂളുകള്‍ അടച്ചു പൂട്ടുകയുണ്ടായി. കില്‍ത്താന്‍ ദ്വീപില്‍ മാത്രം നാല് സ്ക്കൂളുകളാണ് പൂട്ടിയത്. അധ്യാപകരുടേയും ജീവനക്കാരുടേയും കുറവ് ചൂണ്ടികൂട്ടിയാണ് നീക്കം. നേരത്തെ അങ്കണാവാടികള്ക്കും പുതിയ ഭരണകൂടം പൂട്ടിട്ടിരുന്നു. ലക്ഷദ്വീപ് ഡവലപ്മെന്റ് കോര്പ്പറേഷന് 20 വര്‍ഷമായുണ്ടായിരുന്ന കപ്പല്‍ വിഭാഗത്തിന്റെ അധികാരങ്ങളും എടുത്തുമാറ്റാന്‍ നീക്കം നടക്കുന്നുണ്ട്. കപ്പലുകളുടെ ക്രൂമാരെ നിയമിക്കാനുള്ള കരാര്‍, ഷിപ്പിംഗ് കോര്പ്പറേഷന് ഓഫ് ഇന്ത്യക്ക് കൈമാറും. 6 മാസത്തിനുള്ളില്‍ കപ്പലുകള്‍ ഏറ്റെടുക്കുമെന്ന് ഷിപ്പിംഗ് കോര്പ്പറേഷന് ഓഫ് ഇന്ത്യ അറിയിച്ചു.
ലക്ഷദ്വീപിലേക്ക് സര്‍വീസ് നടത്തുന്നത് ഏഴ് യാത്രാ കപ്പലുകളും എട്ട് ബാര്‍ജുകളും സ്പീഡ് വെസലുകളുമാണ്. ഇതിലെല്ലാമായി 800 ല്‍ അധികം ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ട്. ക്രൂമാരില്‍ 70 ശതമാനം പേരും ലക്ഷദ്വീപില്‍ നിന്നുള്ളവരാണ്. ശേഷിക്കുന്ന 30 ശതമാനം കേരളത്തിലെ ജീവനക്കാരും. ലക്ഷദ്വീപിലെ സാമ്പത്തിക വ്യവസ്ഥിതിയെ നിയന്ത്രിക്കുന്നതില്‍ നിര്‍ണായക പങ്ക് കപ്പല്‍ ജീവനക്കാരുടെ വരുമാനമാണ്
ഇതിന് പുറമേ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റി. ഫിഷറീസ് വകുപ്പില്‍ നിന്ന് 39 ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റാന്‍ ഉത്തരവിട്ടിരിക്കുന്നത്. നേരത്തെ കരാര്‍ ജീവനക്കാരെ പിരിച്ചു വിട്ടതിനു പിന്നാലെയാണ് നടപടി.
കഴിഞ്ഞ ദിവസം പൊതുവകുപ്പുകളിലെ കാര്യക്ഷമതയില്ലാത്ത ജീവനക്കാരെ പിരിച്ചു വിടാന്‍ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ കെ പട്ടേല്‍ നിര്‍ദ്ദേശിച്ചിരുന്നു. ദ്വീപിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ സര്‍വേ നടത്തി മെച്ചമില്ലാത്ത ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്തി നടപടി എടുക്കാനായിരുന്നു നിര്‍ദ്ദേശം. സര്‍ക്കാര്‍ വകുപ്പുകളിലധികവും ജോലി ചെയ്യുന്നത് ദ്വീപ് നിവാസികളാണ്.
സര്‍ക്കാര്‍ വകുപ്പുകളിലെ നിയമന ചട്ടങ്ങള്‍ പരിശോധിക്കാനും ഇന്നലെ ഉത്തരവിട്ടിരുന്നു. ഇതു പ്രകാരം നിലവിലുള്ള റിക്രൂട്ട്മെന്റ് നിയമങ്ങളെല്ലാം പുനപരിശോധിക്കുകയും മാറിയ കാലത്തിനനുസരിച്ചുള്ള വിദ്യാഭ്യാസ യോഗ്യത നിയമനങ്ങളില്‍ മാനദണ്ഡമാവുന്നുണ്ടോ എന്നും പരിശോധിക്കുകയും ചെയ്യും.
നിലവിലുള്ള റിക്രൂട്ടിംഗ് കമ്മിറ്റികളിലും പുനപരിശോധന നടത്താന്‍ നിര്‍ദ്ദേശമുണ്ട്. നിലവിലുള്ള എല്ലാ റിക്രൂട്ടിംഗ് കമ്മിറ്റികളുടെ ലിസ്റ്റും ഇതില്‍ ഒഴിവാക്കേണ്ട കമ്മിറ്റികളുടെ ലിസ്റ്റും സമര്‍പ്പിക്കേണ്ടതുണ്ട്. നിരവധി കമ്മിറ്റികള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇത് വിഷയങ്ങളില്‍ തീരുമാനമെടുക്കുന്നതിന് കാലതാമസമുണ്ടാക്കുന്നുണ്ടെന്നും നോട്ടീസില്‍ പറയുന്നു.
- TAGS:
- BJP
- Praful Patel