വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയ്ക്കൊപ്പം മുല്ലപ്പള്ളി; സഖ്യമില്ലെന്ന് ആവര്‍ത്തിക്കുന്നതിനിടെ ചര്‍ച്ചയായി ചിത്രം
വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യുഡിഎഫ് സഖ്യമില്ലെന്ന് കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് ആവര്‍ത്തിക്കുന്നതിനിടെ ചര്‍ച്ചയായി വെല്‍ഫെയര്‍ സ്ഥാനാര്‍ത്ഥിയ്ക്കൊപ്പം നില്ക്കുന്ന ചിത്രം. മലപ്പുറം ഏലങ്കുളം ഗ്രാമപഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി സംഗമത്തിന്റെ ചിത്രം സ്വന്തം ഫേസ്ബുക്ക് പ്രൊഫൈലിലാണ് കെപിസിസി അദ്ധ്യക്ഷന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. നേതാക്കളും സ്ഥാനാര്‍ത്ഥികളും നിരയായി നില്ക്കുന്ന ചിത്രത്തില്‍ മുല്ലപ്പള്ളിയുടെ തൊട്ടുമുന്നിലായി നില്ക്കുന്നവരുടെ കൂട്ടത്തില്‍ ഒമ്പതാം വാര്‍ഡ് കുന്നക്കാവിലെ സ്ഥാനാര്‍ത്ഥി സെല്മയുണ്ട്. യുഡിഎഫ് പിന്തുണയോടെയാണ് സെല്‍മ മത്സരിക്കുന്നത്. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകയാണ് സെല്‍മ. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബ്ലോക്ക് പഞ്ചായത്ത് […]

വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യുഡിഎഫ് സഖ്യമില്ലെന്ന് കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് ആവര്‍ത്തിക്കുന്നതിനിടെ ചര്‍ച്ചയായി വെല്‍ഫെയര്‍ സ്ഥാനാര്‍ത്ഥിയ്ക്കൊപ്പം നില്ക്കുന്ന ചിത്രം. മലപ്പുറം ഏലങ്കുളം ഗ്രാമപഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി സംഗമത്തിന്റെ ചിത്രം സ്വന്തം ഫേസ്ബുക്ക് പ്രൊഫൈലിലാണ് കെപിസിസി അദ്ധ്യക്ഷന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. നേതാക്കളും സ്ഥാനാര്‍ത്ഥികളും നിരയായി നില്ക്കുന്ന ചിത്രത്തില്‍ മുല്ലപ്പള്ളിയുടെ തൊട്ടുമുന്നിലായി നില്ക്കുന്നവരുടെ കൂട്ടത്തില്‍ ഒമ്പതാം വാര്‍ഡ് കുന്നക്കാവിലെ സ്ഥാനാര്‍ത്ഥി സെല്മയുണ്ട്. യുഡിഎഫ് പിന്തുണയോടെയാണ് സെല്‍മ മത്സരിക്കുന്നത്. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകയാണ് സെല്‍മ. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബ്ലോക്ക് പഞ്ചായത്ത് കുന്നക്കാവ് ഡിവിഷനില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ജനവിധി തേടിയിരുന്നു.

വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യമില്ലെന്ന് ദിവസങ്ങള്‍ക്ക് മുന്‍പും മുല്ലപ്പള്ളി ആവര്‍ത്തിച്ചിരുന്നു. സഖ്യം വേണ്ടെന്ന് തീരുമാനിച്ചത് മുരളീധരനും ഉള്‍പ്പെട്ട സമിതിയാണ്. കോണ്‍ഗ്രസിന്റെ ദേശീയതലത്തിലുള്ള നയങ്ങള്‍ക്ക് അനുസരിച്ചാണ് നിലപാടുകള്‍ സ്വീകരിക്കുന്നത്. വെല്‍ഫയര്‍ പാര്‍ട്ടി വിഷയം കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ചേര്‍ന്ന് തീരുമാനിച്ചതാണ്. യുഡിഎഫിന് പുറത്തുള്ള കക്ഷികളുമായി സഖ്യമില്ല. സംഘടനാപ്രശ്നങ്ങള്‍ അലട്ടാത്ത തെരഞ്ഞെടുപ്പാണിത്. പ്രദേശികതലത്തിലെ അസ്വാരസ്യങ്ങള്‍ക്ക് പരിഹാരം കാണാന്‍ വേണ്ട നിര്‍ദ്ദേശം ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്മാര്ക്ക് നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പുവേളയില്‍ നേതാക്കള്‍ അഭിപ്രായ പ്രകടനം നടത്തുമ്പോള്‍ സംയമനം പാലിക്കണമെന്നും മുല്ലപ്പള്ളി പറയുകയുണ്ടായി.
വെല്‍ഫെയര്‍ ബന്ധത്തെ ചൊല്ലി യുഡിഎഫ് നേതാക്കള്‍ ഭിന്നാഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതിനിടെ നീക്കുപോക്ക് ചര്‍ച്ചകള്‍ തൃപ്തികരമാണെന്ന് വ്യക്തമാക്കി വെല്‍ഫെയര്‍ പാര്‍ട്ടി ഇന്നലെ രംഗത്തെത്തിയിരുന്നു. പ്രാദേശിക ധാരണകള്‍ തെരെഞ്ഞെടുപ്പില്‍ ഇരുകക്ഷികള്‍ക്കും ഗുണം ചെയ്യുമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കി. വെല്‍ഫെയര്‍ ബന്ധത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കാതെ യുഡിഫ് നേതാക്കള്‍ ഒഴിഞ്ഞുമാറുന്നതിനിടെയാണ് ധാരണ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി എന്ന് വെല്‍ഫെയര്‍ നേതാക്കള്‍ തന്നെ സ്ഥിരീകരിച്ചത്. നീക്കുപോക്ക് ചര്‍ച്ചകളില്‍ സന്തോഷവും തൃപ്തിയുമുണ്ട്. കഴിഞ്ഞ പാര്‍ലമെന്റ് തെരെഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പിന്തുണയോടെ യുഡിഫ് വലിയ വിജയമാണ് നേടിയത്. തദ്ദേശതെരഞ്ഞെടുപ്പില്‍ ഇത് ആവര്‍ത്തിക്കുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി റിപ്പോര്‍ട്ടറോട് പ്രതികരിച്ചു.
യുഡിഫ് നേതാക്കള്‍ ചോദ്യങ്ങളില്‍ നിന്ന് വഴുതിമാറുമ്പോഴും വെല്‍ഫെയര്‍ ബന്ധം ഇതിനോടകം തന്നെ താഴെ തട്ടില്‍ യാഥാര്‍ഥ്യമായി കഴിഞ്ഞു. മലപ്പുറത്ത് മാത്രം 28 ഗ്രാമപഞ്ചായത്തുകളിലും 7 മുനിസിപ്പാലിറ്റികളിലും ഒരു ബ്ലോക്ക് പഞ്ചായത്തിലും യുഡിഎഫ് ബാനറിലാണ് വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത്.