Top

അമേരിക്കൻ പ്രസിഡൻറ് തിരഞ്ഞെടുപ്പ്; ആര് വാഴും, ആര് വീഴും?

ലോകം ഉറ്റുനോക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ അവശേഷിക്കെ പ്രചാരണത്തിന്റെ അവസാനഘട്ടത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇരു സ്ഥാനാർഥികളും തമ്മിൽ നടക്കുന്നത് .

3 Nov 2020 12:05 AM GMT

അമേരിക്കൻ പ്രസിഡൻറ്  തിരഞ്ഞെടുപ്പ്; ആര് വാഴും, ആര് വീഴും?
X

ലോകം ഉറ്റുനോക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ അവശേഷിക്കെ പ്രചാരണത്തിന്റെ അവസാനഘട്ടത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇരു സ്ഥാനാർഥികളും തമ്മിൽ നടക്കുന്നത് . നിർണ്ണായക സംസ്ഥാനങ്ങളിലെ പ്രചാരണങ്ങളിലാണ് ഇപ്പോൾ ബൈഡനും ട്രംപും പ്രാധാന്യം നൽകുന്നത്. പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് അഞ്ച് സംസ്ഥാനങ്ങളാണ് പ്രസിഡന്റ് ട്രംപ് സന്ദർശിച്ചത്. അതേസമയം കടുത്ത മൽസരം നടക്കുന്ന പെൻസിൽവേനിയയിലാണ് ബൈഡന്റെ ശ്രദ്ധ.

നിലവിലെ എക്സിറ്റ് പോൾ ഫലങ്ങളും സർവേകളുമെല്ലാം ജോ ബൈഡന് അനുകൂലമാണ്. എന്നാൽ കഴിഞ്ഞ തവണത്തെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം ഇലക്ട്‌റൽ വോട്ടുകളുടെ അപ്രതീക്ഷിതമായ വ്യതിയാനത്തെ ഓർമപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ തവണ ഹിലരി ക്ലിന്റനെ അമ്പരിപ്പിച്ചു കൊണ്ട് ഫ്ലോറിഡ സംസ്ഥാനത്തിൽ നിന്നും ലഭിച്ച ഇലക്ട്‌റൽ വോട്ടിലൂടെയാണ് ട്രംപ് പ്രസിഡന്റ് പദവിയിൽ എത്തിയത്. അത് കൊണ്ട് തന്നെ ഫ്ലോറിഡ പോലുള്ള നിര്ണ്ണായക സംസ്ഥാനങ്ങളിൽ ജോ ബൈഡൻ വിജയിക്കുമോ എന്നതായിരിക്കും തിരഞ്ഞെടുപ്പിന്റെ ഗതി നിർണ്ണയിക്കുന്നത്.

ഫ്ലോറിഡയും പെൻസിൽവാനിയയും അരിസോണയുമാണ് വിജയിയെ തീരുമാനിക്കുന്നതെന്നു തിരഞ്ഞെടുപ്പ് വിദഗ്ധർ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. വേഗത്തിൽ പോളിംഗ് നടക്കുന്ന ഫ്ലോറിഡയിലെ ഫലം ഇന്ത്യൻ സമയം നാളെ രാവിലെ പത്തു മണിയോടെ വ്യക്തമാകും. അതോടെ വൈറ്റ് ഹൗസിന്റെ പടികൾ ആരായിരിക്കും കയറുകയെന്ന ഏകദേശം ചിത്രം വ്യക്തമാകും. കനത്ത പോരാട്ടം നടക്കുന്ന പെൻസിൽവാനിയ സംസ്ഥാനത്തിൽ നിന്നും പരമാവധി വോട്ടർമാരെ പോളിങ് ബൂത്തിൽ എത്തിക്കുവാനുള്ള ശ്രമമാണ് ഇരു സ്ഥാനാർഥികളും തങ്ങളുടെ പ്രചാരണത്തിലൂടെ ലക്‌ഷ്യം വെയ്ക്കുന്നത്.

അമേരിക്കയിലെ 50 സംസ്ഥാനങ്ങളിലും ഫെഡറൽ ഡിസ്ട്രിക്ടായ കൊളംബിയയിലും കൂടി ആകെ 538 ഇലക്ടറൽ വോട്ടുകളാണുള്ളതു. ഭൂരിപക്ഷം നേടാനായി 270 വോട്ടുകൾ വേണം. ഫ്‌ലോറിഡയിൽ പോപ്പുലർ വോട്ടുകളിൽ മുന്നിലെത്തുന്ന സ്ഥാനാർഥിക്കു സംസ്ഥാനത്തിൽ നിന്നും 29 വോട്ടുകൾ നേടുവാൻ സാധിക്കും.

Next Story