Top

ജയത്തിന് തൊട്ടരികെ ബൈഡൻ: ജോർജിയയിൽ മുന്നേറ്റം, നിയമ വിരുദ്ധ വോട്ടുകൾ കണക്കാക്കരുതെന്ന ട്രംപിന്റെ പ്രസ്താവനയ്‌ക്കെതിരെ അമേരിക്കയിൽ പ്രതിഷേധം വ്യാപകം

അമേരിക്കയിൽ വോട്ടെണ്ണൽ പുരോഗമിക്കവേ 264 ഇലക്ട്‌റൽ വോട്ടുകൾ നേടി ഡെമോക്രാറ്റിക്‌ സ്ഥാനാർഥി ജോ ബൈഡൻ വിജയത്തിനരികെ. 214 ഇലക്ട്‌റൽ വോട്ടുകളാണ് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപ് നേടിയത്. നിർണ്ണായക സംസ്ഥാനമായ ജോർജിയയിൽ 1000 വോട്ടുകൾക്ക് ജോ ബൈഡൻ ലീഡ് ചെയ്യുകയാണ്.

6 Nov 2020 7:35 AM GMT

ജയത്തിന് തൊട്ടരികെ ബൈഡൻ: ജോർജിയയിൽ മുന്നേറ്റം, നിയമ വിരുദ്ധ വോട്ടുകൾ കണക്കാക്കരുതെന്ന ട്രംപിന്റെ പ്രസ്താവനയ്‌ക്കെതിരെ അമേരിക്കയിൽ പ്രതിഷേധം വ്യാപകം
X

അമേരിക്കയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള വോട്ടെണ്ണൽ പുരോഗമിക്കവേ 264 ഇലക്ട്‌റൽ വോട്ടുകൾ നേടി ഡെമോക്രാറ്റിക്‌ സ്ഥാനാർഥി ജോ ബൈഡൻ വിജയത്തിനരികെ. 214 ഇലക്ട്‌റൽ വോട്ടുകളാണ് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപ് നേടിയത്. നിർണ്ണായക സംസ്ഥാനമായ ജോർജിയയിൽ 1000 വോട്ടുകൾക്ക് ജോ ബൈഡൻ ലീഡ് ചെയ്യുകയാണ്. 99 ശതമാനം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ 24,49,371(49.4%) വോട്ടുകളാണ് ബൈഡൻ സ്വന്തമാക്കിയിരിക്കുന്നത്. 24,48,454 (49.4%) വോട്ടുകൾ ട്രംപും നേടിയിട്ടുണ്ട്. പതിനാറ് ഇലക്ട്‌റൽ കോളേജുകളുള്ള സംസ്ഥാനമാണ് ജോർജിയ. അതിനാൽ ജോർജിയയിൽ വിജയിച്ചാൽ ബൈഡന് വിജയം ഉറപ്പിയ്ക്കാം.

മറ്റൊരു നിർണ്ണായക സംസ്ഥാനമായ നെവാഡയിലും ബൈഡൻ തന്നെയാണ് ലീഡ് ചെയ്യുന്നത്. 84 ശതമാനം വോട്ടുകൾ എണ്ണിക്കഴിഞ്ഞ ഇവിടെ 6,04,251 വോട്ടുകളാണ് ബൈഡൻ നേടിയത്. ട്രംപിന് 5,92,813 വോട്ടുകളും. ആറ് ഇലക്ട്‌റൽ കോളേജ് വോട്ടുകളുള്ള നെവാഡയിൽ ലീഡ് നില മാറിമറിഞ്ഞു കൊണ്ടിരിയ്ക്കുകയാണ്. തപാൽ വോട്ടുകളുടെ ആധിക്യമാണ് നെവാഡയിലെ ഫലം വൈകിപ്പിക്കുന്നത്.

ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന പെൻസിൽവാനിയയിൽ 97 ശതമാനം വോട്ടുകളാണ് എണ്ണിക്കഴിഞ്ഞിരിയ്ക്കുന്നത്. 32,67,923 (49.3%) വോട്ടുകളാണ് ബൈഡൻ ഈ സംസ്ഥാനത്ത് നിന്നും ഇതുവരെ നേടിയത്. 32,85,965 (49.6 %) വോട്ടുകളാണ് ട്രംപ് കരസ്ഥമാക്കിയിരിക്കുന്നത്. 20 ഇലക്ട്‌റൽ വോട്ടുകളാണ് ഈ സംസ്ഥാനത്തുള്ളത്. ഈ സംസ്ഥാനത്തെ ഫിലാഡൽഫിയ കൗണ്ടിയിലുള്ള ഫലം നിർണായകമാണ്. ഡെമോക്രാറ്റിക്‌ പാർട്ടിക്ക് അനുകൂലമാണെങ്കിലും ലീഡ് നില ഇവിടെ മാറി മറിയുന്നുണ്ട്.

അതെ സമയം ജനഹിതത്തെ അപമാനിച്ചുക്കൊണ്ടുള്ളതാണ് ഡൊണാൾഡ് ട്രംപിന്റെ പ്രസംഗമെന്ന് ആരോപിച്ചുകൊണ്ടു തത്സമയ സംപ്രേക്ഷണം അമേരിക്കയിലെ ടെലിവിഷൻ വാർത്താ മാധ്യമങ്ങൾ നിർത്തിവെച്ചു . തെരഞ്ഞെടുപ്പിന് ശേഷമുള്ള ഡൊണാൾഡ് ട്രംപിന്റെ ആദ്യത്തെ വാർത്ത സമ്മേളനത്തിനിടെയായിരുന്നു അമേരിക്കൻ ടെലിവിഷൻ മാധ്യമങ്ങളുടെ അപ്രതീക്ഷിത നടപടി. “ഞങ്ങളിൽ നിന്ന് തിരഞ്ഞെടുപ്പ് മോഷ്ടിക്കാൻ ഡെമോക്രറ്റുകൾ ശ്രമിയ്ക്കുന്നു, അവർ നിയമവിരുദ്ധമായ വോട്ടുകൾ ഉപയോഗിക്കുന്നു” പതിനേഴ് മിനിറ്റ് ദൈർഘ്യമുള്ള പ്രസംഗത്തിൽ ട്രംപ് പറഞ്ഞു. ഇതിനോടനുബന്ധമായ പ്രസ്താവനകൾ ആവർത്തിക്കുമ്പോഴായിരുന്നു തത്സമയ സംപ്രേക്ഷണം വാർത്ത മാധ്യമങ്ങൾ നിർത്തിവെച്ചത്.

നിയമ വിരുദ്ധമായ വോട്ടുകൾ കണക്കാക്കുന്നത് തടയണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ട്രംപിന്റെ പ്രസ്താവനയ്‌ക്കെതിരെ രാജ്യത്തുടനീളം പ്രതിഷേധം വ്യാപിച്ചു. എന്നാൽ വോട്ടെണ്ണൽ പ്രക്രിയ നിർത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ട്രംപിന്റെ പിന്തുണക്കാർ പോളിംഗ് കേന്ദ്രങ്ങൾക്ക് മുന്നിൽ ഒത്തുകൂടി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ പരിഭ്രാന്തരാക്കി.

പല സംസ്ഥാനങ്ങളിലെയും വോട്ടെണ്ണൽ നിർത്തി വെയ്ക്കണമെന്നാവശ്യപ്പെട്ടുക്കൊണ്ട് റിപ്പബ്ലിക്കൻ പാർട്ടിക്കാർ കോടതികളെ സമീപിച്ചെങ്കിലും അവരുടെ ഹർജികളെല്ലാം തള്ളപ്പെട്ടു. ജോർജിയയിൽ വൈകി എത്തിയ 53 ബാലറ്റുകൾ പരിഗണിക്കരുതെന്നായിരുന്നു അവരുടെ ആവശ്യം. മിഷിഗണിലും സമാനമായ ആരോപണമാണ് ഉന്നയിച്ചത്. ഇവിടെ വോട്ടെണ്ണൽ തടയാനും ട്രംപ് അനുകൂലികൾ ശ്രമിച്ചിരുന്നു. ചോദ്യം ചെയ്യപ്പെട്ട ബാലറ്റുകൾ അസാധുവാണെന്നതിന് തെളിവുകളൊന്നുമില്ലെന്ന് ചൂണ്ടിക്കാട്ടി പരാതികൾ കോടതി തള്ളി.

Popular Stories

    Next Story