
വാഷിങ്ടൺ: രണ്ട് ഡോസ് കൊവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് മാസ്ക് ഉപേക്ഷിക്കാമെന്ന് അമേരിക്ക. കൊവിഡ് പ്രോട്ടോക്കോളുകളിൽ വാക്സിൻ സ്വീകരിച്ചവർക്ക് ഇനി മുതൽ മറ്റു ഇളവുകളും നൽകും. സാമൂഹിക അകലം, മാസ്ക് ധരിക്കൽ, കൂട്ടം കൂടൽ തുടങ്ങിയ നിയന്ത്രണങ്ങൾ വാക്സിൻ സ്വീകരിച്ചവർ പാലിക്കേണ്ടതില്ല. പ്രസിഡന്റ് ജോ ബൈഡനാണ് മാസ്ക് ഉപേക്ഷിച്ചുകൊണ്ടുള്ള പ്രസ്താവന നടത്തിയിരിക്കുന്നത്.
ഓവൽ ഓഫീസിൽ വെച്ച് രാജ്യത്തെ അഭിസംഭോദന ചെയ്ത ബൈഡൻ രാജ്യത്തെ സംബന്ധിച്ച മഹത്തായ ദിനമാണ് ഇന്നെന്ന് വ്യക്തമാക്കി. സെന്റേഴ്സ് ഓഫ് ഡിസീസ് കൺട്രോളിന്റെ നിർദേശ പ്രകാരം രണ്ട് ഡോസിൻ കൊവിഡ് വാക്സിൻ സ്വീകരിച്ചവർ ഇനി മാസ്ക് ധരിക്കേണ്ടതില്ല. മഹാമാരിക്കെതിരായ പോരാട്ടത്തിൽ നിർണായക മുഹൂർത്തമാണിത്. നമ്മുടെ രാജ്യത്തിന് ഇത് മഹത്തായ ദിനമാണ്. മാസ്ക് ഉപേക്ഷിച്ച് ഇനി ചിരിക്കാം. മറ്റുള്ളവരുടെ മുഖത്തെ ചിരികാണാം. ബൈഡൻ പറഞ്ഞു.
കൊവിഡ് ബാധിച്ച് മരിച്ചവരെ ഈയവസരത്തിൽ അനുസ്മരിക്കുന്നുവെന്നും ബൈഡൻ വ്യക്തമാക്കി. 5 ലക്ഷത്തിലേറെ പേരാണ് അമേരിക്കയിൽ വൈറസ് ബാധിച്ച് മരണപ്പെട്ടത്. ഒരുഘട്ടത്തിൽ ഇന്ത്യയെക്കാൾ കൂടുതൽ ദൈനംദിന കൊവിഡ് രോഗികളാണ് അമേരിക്കയിൽ ഉണ്ടായിരുന്നത്. ബൈഡൻ അധികാരത്തിലെത്തിയ ശേഷം കൊവിഡ് പ്രോട്ടോക്കോളുകൾ ശക്തമാക്കിയിരുന്നു.
ഇതുവരെ 30 ദശലക്ഷത്തിലേറെ അമേരിക്കക്കാർ വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. 80 ശതമാനത്തോളം കുറവാണ് മരണനിരക്കിൽ കുറവ് വന്നിരിക്കുന്നത്. വൈകാതെ തന്നെ അമേരിക്ക പൂർണമായും കൊവിഡ് മുക്തമാകുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ.