
തൃശൂര്‍ അമ്പിളിക്കല കൊവിഡ് സെന്ററില്‍ ചികിത്സയിലിരിക്കെ വിചാരണ തടവുകാരന് മര്‍ദ്ദനമേറ്റ മരിച്ച സംഭവത്തില്‍ ജയില്‍ ജീവനക്കാര്‍ക്കെതിരെ നടപടി. കൊവിഡ് കേന്ദ്രത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന നാല് ജയില്‍ ജീവനക്കാരെ സ്ഥലം മാറ്റി. രണ്ട് പേരെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്കും ഒരാളെ അതിസുരക്ഷാ ജയിലിലേക്കും മാറ്റി. മറ്റൊരു ജീവനക്കാരനെ എറണാകുളം സബ് ജയിലിലേക്കാണ് സ്ഥലം മാറ്റിയത്.
ജയില്‍ വകുപ്പ് നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. രണ്ട് ജീവനക്കാര്‍ മോശമായി പെരുമാറിയെന്ന് ജയില്‍ വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പക്ഷെ, മരണകാരണമാകുന്ന മര്‍ദ്ദനം അമ്പിളിക്കലയില്‍ ഉണ്ടായിട്ടില്ല. ചെറിയ തോതിലുള്ള റാഗിങ്ങ് മാത്രമാണ് കൊവിഡ് ചികിത്സാ കേന്ദ്രത്തില്‍ നടന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. കഞ്ചാവ് കേസ് പ്രതി ഷമീറിന്റെ മരണത്തില്‍ ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
ഒക്ടോബര്‍ ഒന്നിന് പുലര്‍ച്ചെയാണ് തിരുവനന്തപുരം സ്വദേശി ഷെമീര്‍ മരിച്ചത്. ക്രൂരമര്‍ദ്ദനമേറ്റാണ് ഷെമീര്‍ മരിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. വടി പോലുള്ള വസ്തു കൊണ്ടതിന്റെ നാല്‍പ്പതിലേറെ മുറിപ്പാടുകള്‍ ഷെമീറിന്റെ ശരീരത്തിലുണ്ടായിരുന്നെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. പിന്‍ഭാഗത്തേറ്റ അടിയില്‍ മുറിവേറ്റ് ചോര വാര്‍ന്നുപോയി. ശരീരമാകെ രക്തം കട്ട പിടിച്ചു. വാരിയെല്ലുകള്‍ പൊട്ടി. ക്ഷതം മൂലം തലയില്‍ രക്തം കട്ട പിടിച്ചിരുന്നെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.
അപസ്മാര രോഗിയായ ഷെമീറിനെ സെപ്റ്റംബര്‍ 30ന് രാവിലെ തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിച്ചിരുന്നു. മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു. ഇതിനിടെ ജനറല്‍ ആശുപത്രിയില്‍ നിന്ന് ഓടിപ്പോകാന്‍ ശ്രമിച്ച ഷെമീറിനെ നീരീക്ഷണ കേന്ദ്രത്തിലേക്ക് തന്നെ ജയില്‍ അധികൃതര്‍ മാറ്റി. മെഡിക്കല്‍ കോളേജില്‍ ചികിത്സിക്കണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം ചെവിക്കൊണ്ടില്ല. സെപ്റ്റംബര്‍ 30ന് രാത്രി ജയില്‍ അധികൃതര്‍ തടവുകാരനെ അബോധാവസ്ഥയില്‍ മെഡിക്കല്‍ കോളേജിലെത്തിക്കുകയായിരുന്നു.