Top

പഞ്ചാബില്‍ 2017 ആവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ്, പ്രശാന്ത് കിഷോറിനെ തിരിച്ചെത്തിച്ച് അമരീന്ദര്‍ സിങ്; തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മുമ്പേ ക്യാബിനറ്റ് റാങ്കോടെ നിയമനം

ചണ്ഡീഗഢ്: പഞ്ചാബില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം ശേഷിക്കേ, തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിനെ സംസ്ഥാനത്തേക്കെത്തിച്ച് കോണ്‍ഗ്രസ്. മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങിന്റെ പ്രിന്‍സിപല്‍ അഡൈ്വസറായാണ് പ്രശാന്ത് കിഷോര്‍ എത്തുന്നത്. തന്റെ പ്രിന്‍സിപല്‍ അഡൈ്വസറായി പ്രശാന്ത് കിഷോറിനെ നിയമിക്കുകയാണെന്നും പഞ്ചാബിലെ ജനങ്ങള്‍ക്കുവേണ്ടി ഒരുമിച്ച് പരിപാടികള്‍ ആസൂത്രണം ചെയ്യുമെന്നും അമരീന്ദര്‍ സിങ് അറിയിച്ചു. 2020 ജൂണ്‍ മുതല്‍ പ്രശാന്ത് കിഷോറിനെ കൂടെ നിര്‍ത്താനുള്ള ശ്രമങ്ങള്‍ അമരീന്ദര്‍ സിങ് ആരംഭിക്കുകയും നയതന്ത്രജ്ഞനായി എത്താന്‍ ആവശ്യപ്പെട്ട് എംഎല്‍എമാര്‍ കിഷോറിന്റെ ടീമംഗങ്ങളുമായി ചര്‍ച്ച […]

1 March 2021 9:26 AM GMT

പഞ്ചാബില്‍ 2017 ആവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ്, പ്രശാന്ത് കിഷോറിനെ തിരിച്ചെത്തിച്ച് അമരീന്ദര്‍ സിങ്; തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മുമ്പേ ക്യാബിനറ്റ് റാങ്കോടെ നിയമനം
X

ചണ്ഡീഗഢ്: പഞ്ചാബില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം ശേഷിക്കേ, തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിനെ സംസ്ഥാനത്തേക്കെത്തിച്ച് കോണ്‍ഗ്രസ്. മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങിന്റെ പ്രിന്‍സിപല്‍ അഡൈ്വസറായാണ് പ്രശാന്ത് കിഷോര്‍ എത്തുന്നത്. തന്റെ പ്രിന്‍സിപല്‍ അഡൈ്വസറായി പ്രശാന്ത് കിഷോറിനെ നിയമിക്കുകയാണെന്നും പഞ്ചാബിലെ ജനങ്ങള്‍ക്കുവേണ്ടി ഒരുമിച്ച് പരിപാടികള്‍ ആസൂത്രണം ചെയ്യുമെന്നും അമരീന്ദര്‍ സിങ് അറിയിച്ചു.

2020 ജൂണ്‍ മുതല്‍ പ്രശാന്ത് കിഷോറിനെ കൂടെ നിര്‍ത്താനുള്ള ശ്രമങ്ങള്‍ അമരീന്ദര്‍ സിങ് ആരംഭിക്കുകയും നയതന്ത്രജ്ഞനായി എത്താന്‍ ആവശ്യപ്പെട്ട് എംഎല്‍എമാര്‍ കിഷോറിന്റെ ടീമംഗങ്ങളുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. എന്നാല്‍, അമരീന്ദര്‍ സിങിനുവേണ്ടി പ്രവര്‍ത്തിക്കാനില്ലെന്ന നിലപാടായിരുന്നു അന്ന് പ്രശാന്ത് കിഷോര്‍ സ്വീകരിച്ചത്.

തുടര്‍ന്ന് നിരവധിത്തവണ പ്രശാന്ത് കിഷോറുമായി അമരീന്ദര്‍ സിങ് നേരിട്ട് കണ്ട് സംസാരിച്ചിരുന്നെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം. തുടര്‍ന്നാണ് ചുമതലയേറ്റെടുക്കാന്‍ പ്രശാന്ത് തയ്യാറായത്. അമരീന്ദര്‍ സിങ് കുടുംബത്തിലെ ഒരു അംഗത്തെപ്പോലെയാണെന്നും അദ്ദേഹം ആവശ്യപ്പെട്ടാല്‍ നിരസിക്കാന്‍ കഴിയില്ലെന്നുമാണ് ഇക്കാര്യത്തില്‍ പ്രശാന്ത് കിഷോറിന്റെ പ്രതികരണം.

പ്രശാന്ത് കിഷോറിന് ക്യാബിനറ്റ് മിനിസ്റ്റര്‍ റാങ്കോടെയാണ് നിയമിരക്കുന്നതെന്നും ഇതിന് മന്ത്രിസഭയുടെ അനുമതിയുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു.

കര്‍ഷക പ്രക്ഷോഭം ശക്തമായ സംസ്ഥാനമായതിനാല്‍ത്തന്നെ എല്ലാ പാര്‍ട്ടികള്‍ക്കും പഞ്ചാബിലെ 2022ലെ നിയമസഭാ തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്. കര്‍ഷക പ്രക്ഷോഭത്തിനൊപ്പം നിന്ന കോണ്‍ഗ്രസ് തദ്ദേശ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയായിരുന്നു. ഏഴ് മുനിസിപാലിറ്റികളടക്കം തൂത്തുവാരിയായിരുന്നു കോണ്‍ഗ്രസിന്റെ തേരോട്ടം.

അമരീന്ദര്‍ സിങിന്റെ കോണ്‍ഗ്രസ് മന്ത്രിസഭയുടെ അവസാന വര്‍ഷമാണിത്. 2017ല്‍ ബിജെപി-എസ്എഡി സഖ്യത്തിന്റെ പത്തുവര്‍ഷത്തെ ഭരണവിരുദ്ധ വികാരങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചായിരുന്നു കോണ്‍ഗ്രസിന്റെ വിജയം. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ അത്ര എളുപ്പമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തൊഴിലവസരങ്ങള്‍ സൃഷ്ടിത്തും, കടങ്ങള്‍ എഴുതിത്തള്ളും തുടങ്ങിയ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അമരീന്ദര്‍ സര്‍ക്കാൈരിന് കഴിഞ്ഞിട്ടില്ല. കൂടാതെ, സര്‍ക്കാരിനെതിരെ ഒരു ഭാഗത്തുനിന്നും ഭരണവിരുദ്ധ വികാരവും ഉയരുന്നുണ്ട്.

എന്നിരുന്നാലും അമരീന്ദര്‍ സിങിനെ തന്നെയായാണ്‌ പഞ്ചാബ് കോണ്‍ഗ്രസ് എതിര്‍പ്പുകളില്ലാതെ ഉയര്‍ത്തിപ്പിടിക്കുന്ന മുഖം. ഭരണവിരുദ്ധ വികാരം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ലെന്ന സൂചന തദ്ദേശ തെരഞ്ഞെടുപ്പ് ഫലം നല്‍കുന്നുമുണ്ട്. പ്രതാപ് സിങ് ബജ്വ, സവ്‌ജ്യോത് സിങ് സിദ്ദു, പ്രതാപ് സിങ് തുടങ്ങിയ പാര്‍ട്ടി വിമതരുടെ വായടപ്പിക്കുന്ന തരത്തിലുള്ള നേട്ടമായിരുന്നു തദ്ദേശ തെരഞ്ഞെടുപ്പിലേത്.

എന്തൊക്കെയായാലും, അമരീന്ദര്‍ സിങിനും പ്രശാന്ത് കിഷോറിനും തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരു വര്‍ഷം ബാക്കിയുണ്ട് എന്നതാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. അനായാസമായി തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയാമെന്നും കോണ്‍ഗ്രസ് പാളയങ്ങള്‍ കരുതുന്നു.

അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പില്‍ രണ്ടാമത്തെ വലിയ വപാര്‍ട്ടിയായി ഉയര്‍ന്നുവന്ന ശിരോമണി അകാലിദളും തെരഞ്ഞെടുപ്പിലേക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിന് മുന്നോടിയായി 177 റാലികള്‍ സംഘടിപ്പിക്കുമെന്നാണ് ശിരോമണി അകാലി ദള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രശാന്ത് കിഷോറായിരുന്നു അമരീന്ദര്‍ സിങിന്റെ നിര്‍ദ്ദേശപ്രകാരം കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയത്. കോണ്‍ഗ്രസ് വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുകയും ചെയ്തു. 177ല്‍ 77 സീറ്റുകള്‍ കോണ്‍ഗ്രസ് നേടി. ബിജെപി-എസ്എഡി സഖ്യത്തിനെതിരെയുള്ള ഭരണവിരുദ്ധ വികാരം മുതലെടുത്തായിരുന്നു നേട്ടം കൊയ്തത്. ഈ വിജയത്തില്‍ പ്രശാന്ത് കിഷോറും അദ്ദേഹത്തിന്റെ കമ്പനിയായ ഐ പാക്കും നിര്‍ണായക സ്വാധീനം ചെലുത്തിയിരുന്നു. മികച്ച പ്രചരണ രീതികളായിരുന്നു യുവാക്കളെയടക്കം ആകര്‍ഷിക്കാന്‍ പ്രശാന്ത് കിഷോര്‍ അന്ന് സജ്ജമാക്കിയത്.

തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രശാന്തിനെ സമീപിക്കാന്‍ ആംആദ്മി പാര്‍ട്ടി ശ്രമിക്കുന്നെന്ന വാര്‍ത്തകളും വന്നിരുന്നു. എന്നാല്‍ ആപ്പിലെ ചില നേതാക്കള്‍ത്തന്നെ പ്രശാന്തുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനത്തോട് വിയോജിക്കുകയായിരുന്നു.

നിലവില്‍ പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തൃണമൂല്‍ കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിക്കുകയാണ് പ്രശാന്ത് കിഷോറും ഐ പാകും. ഡല്‍ഹി തെരഞ്ഞെടുപ്പില്‍ അരവിന്ദ് കെജ്രിവാള്‍, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈസ് ജഗന്‍മോഹന്‍ റെഡ്ഡി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ, ആര്‍ജെഡി നേതാവ് തേജസ്വി യാദവ് എന്നിവരുടെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായും പ്രശാന്ത് കിഷോര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് വേണ്ടി പ്രവര്‍ത്തിക്കുകയും ഒരു ഘട്ടത്തില്‍ ജെഡിയുവില്‍ ചേരുകയും ചെയ്തിരുന്നു. പിന്നീട് അഭിപ്രായ വ്യത്യാസങ്ങളെത്തുടര്‍ന്ന് പ്രശാന്ത് കിഷോര്‍ ജെഡിയു വിടുകയായിരുന്നു. കോണ്‍ഗ്രസിന് വേണ്ടി നിരവധി പ്രചരണങ്ങള്‍ ഏറ്റെടുത്ത് നടത്തുകയും ചെയ്തിട്ടുണ്ട്. 2014ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധികാരത്തിലെത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച വ്യക്തിയായിട്ടാണ് പ്രശാന്ത് കിഷോര്‍ അറിയപ്പെടുന്നത്.

Popular Stories

    Next Story