Top

പരാമര്‍ശം പിന്‍വലിക്കില്ലെന്ന് ആരിഫ് എംപി; ‘വിമര്‍ശിച്ചത് പ്രാരാബ്ധം വോട്ടാക്കി മാറ്റാനുള്ള ശ്രമത്തെ, തൊഴിലാളികളെയല്ല’

കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ അരിത ബാബുവിനെതിരെ നടത്തിയ പരാമര്‍ശം പിന്‍വലിക്കില്ലെന്ന് എഎം ആരിഫ് എംപി. പ്രാപാബ്ധവും ബുദ്ധിമുട്ടും വോട്ടാക്കി മാറ്റാനുള്ള ശ്രമത്തെയാണ് താന്‍ വിമര്‍ശിച്ചതെന്നും തൊഴിലാളികളെയല്ലെന്നും ആരിഫ് വ്യക്തമാക്കി. കായംകുളം എംഎല്‍എ പ്രതിഭയുടെ പ്രവര്‍ത്തനങ്ങളില്‍ കുറവുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കണം. വിമര്‍ശിക്കണം. അല്ലാതെ പ്രതിഭക്കെതിരെ മത്സരിക്കുന്നത് ഒരു ക്ഷീരകര്‍ഷകയായതുകൊണ്ട് അതാണ് അര്‍ഹതയുടെ മാനദണ്ഡം എന്ന് അവതരിപ്പിക്കുന്നതിനെയാണ് താന്‍ വിമര്‍ശിച്ചതെന്നും ആരിഫ് മീഡിയാവണിനോട് പറഞ്ഞു. എഎം ആരിഫിന്റെ വാക്കുകള്‍: ”അരിതാ ബാബു പാല്‍ വിറ്റ് ഉപജീവനം നടത്തുന്ന ആളാണ്. അത് ഒരു […]

5 April 2021 6:55 AM GMT

പരാമര്‍ശം പിന്‍വലിക്കില്ലെന്ന് ആരിഫ് എംപി; ‘വിമര്‍ശിച്ചത് പ്രാരാബ്ധം വോട്ടാക്കി മാറ്റാനുള്ള ശ്രമത്തെ, തൊഴിലാളികളെയല്ല’
X

കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ അരിത ബാബുവിനെതിരെ നടത്തിയ പരാമര്‍ശം പിന്‍വലിക്കില്ലെന്ന് എഎം ആരിഫ് എംപി. പ്രാപാബ്ധവും ബുദ്ധിമുട്ടും വോട്ടാക്കി മാറ്റാനുള്ള ശ്രമത്തെയാണ് താന്‍ വിമര്‍ശിച്ചതെന്നും തൊഴിലാളികളെയല്ലെന്നും ആരിഫ് വ്യക്തമാക്കി. കായംകുളം എംഎല്‍എ പ്രതിഭയുടെ പ്രവര്‍ത്തനങ്ങളില്‍ കുറവുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കണം. വിമര്‍ശിക്കണം. അല്ലാതെ പ്രതിഭക്കെതിരെ മത്സരിക്കുന്നത് ഒരു ക്ഷീരകര്‍ഷകയായതുകൊണ്ട് അതാണ് അര്‍ഹതയുടെ മാനദണ്ഡം എന്ന് അവതരിപ്പിക്കുന്നതിനെയാണ് താന്‍ വിമര്‍ശിച്ചതെന്നും ആരിഫ് മീഡിയാവണിനോട് പറഞ്ഞു.

എഎം ആരിഫിന്റെ വാക്കുകള്‍: ”അരിതാ ബാബു പാല്‍ വിറ്റ് ഉപജീവനം നടത്തുന്ന ആളാണ്. അത് ഒരു മാനദണ്ഡമായി സ്ഥാനാര്‍ത്ഥി തെരഞ്ഞെടുക്കപ്പെടണമെന്ന് യുഡിഎഫ് പ്രചരിപ്പിക്കുന്നത് ശരിയാണോ എന്നാണ് എന്റെ ചോദ്യം. അങ്ങനെയെങ്കില്‍ തൊട്ടടുത്ത ഹരിപ്പാട് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ലോട്ടറി വിറ്റ് ഉപജീവനം നടത്തിയ ആളാണ്. ചായക്കടയില്‍ ചായ അടിച്ചുകൊടുത്ത ആളാണ്. പ്രാരാബ്ധമാണ് മാനദണ്ഡമെങ്കില്‍ സഖാവ് സജിലാലിന് വോട്ട് ചെയ്യാന്‍ യുഡിഎഫ് പറയുമോ? പ്രാരാബ്ധവും ബുദ്ധിമുട്ടും പറഞ്ഞ് വോട്ടാക്കി മാറ്റാന്‍ ശ്രമിക്കുന്ന രീതിയെയാണ് ഞാന്‍ വിമര്‍ശിച്ചത്. അല്ലാതെ തൊഴിലാളികളെയല്ല. ഇല്ലാത്ത വ്യാഖ്യാനം എന്തിനാണ് കൊടുക്കുന്നത്. കായംകുളം എംഎല്‍എ പ്രതിഭയുടെ പ്രവര്‍ത്തനം വിലയിരുത്തണം. അതില്‍ എന്തെങ്കിലും കുറവുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കണം. വിമര്‍ശിക്കണം. അല്ലാതെ പ്രതിഭക്കെതിരെ മത്സരിക്കുന്നത് ഒരു ക്ഷീരകര്‍ഷകയായതുകൊണ്ട് അതാണ് അര്‍ഹതയുടെ മാനദണ്ഡം എന്ന് അവതരിപ്പിക്കുന്നതിനെയാണ് വിമര്‍ശിച്ചത്.”

സംഭവത്തില്‍ എഎം ആരിഫ് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. ആരിഫിന്റെ പരാമര്‍ശം വില കുറഞ്ഞതാണ്. പാല്‍ വിറ്റ് ജീവിക്കുന്ന അരിതയെ അധിക്ഷേപിക്കുന്നതിന് തുല്യമാണ് ഈ പരാമര്‍ശം. ഇതിന് കായംകുളത്തെ ജനം മറുപടി നല്‍കും. എംപിയുടെ പരാമര്‍ശം സ്വന്തം സ്ഥാനത്തിന് ചേരാത്തതാണ്. പ്രസ്താവനയെ ശക്തമായി അപലപിക്കുന്നെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം, തന്നെ പരിഹസിച്ച ആരിഫിന് മറുപടിയുമായി അരിതാ ബാബു രംഗത്തെത്തി. പരാമര്‍ശം വേദനാജനകമാണ്. പരിഹാസം തൊഴിലാളികളെ അപമാനിക്കുന്നതാണെന്നും അരിത പറഞ്ഞു. ‘എനിക്കെതിരെ എംപി നടത്തിയ പരാമര്‍ശത്തില്‍ വേദനയുണ്ട്. എംപി നടത്തിയത് തൊഴിലാളികളെ അപമാനിക്കുന്ന പരിഹാസമാണ്. ഒരു ജനപ്രതിനിധിയുടെ നാവില്‍നിന്ന് ഇത്തരം പരാമര്‍ശമുണ്ടാവുന്നത് വേദനാജനകമാണ്’, അരിത പറയുന്നു. പ്രസ്താവന ഏറെ വിഷമിപ്പിച്ചെന്നും അരിത പറഞ്ഞു. ഒരു തൊഴിലാളിവര്‍ഗ പാര്‍ട്ടിയുടെ നേതാവിന്റെ ഭാഗത്ത് നിന്ന് ഇങ്ങനെ ഒരു പരാമര്‍ശം ഒട്ടും പ്രതീക്ഷിച്ചില്ല. സാധാരണക്കാരായ തൊഴിലാളികളെ ആകെയാണ് അദ്ദേഹം അപമാനിച്ചതെന്നും അവര്‍ പറഞ്ഞു.

‘ഒരു ജനപ്രതിനിധിയാണ് ബഹുമാനപ്പെട്ട എംപി. ഞാനുള്‍പ്പടെയുള്ളവരുടെ ജനപ്രതിനിധിയാണ്. എന്നെ മാത്രമാണ് അദ്ദേഹം അങ്ങനെ പറഞ്ഞതെങ്കില്‍ കുഴപ്പമില്ലായിരുന്നു. പക്ഷേ, ഈ നാട്ടിലെ അധ്വാനിക്കുന്ന സാധാരണക്കാരെ മൊത്തത്തിലാണ് അദ്ദേഹം ഇങ്ങനെ അപമാനിച്ചത്. രാഷ്ട്രീയത്തില്‍ നില്‍ക്കുന്ന പലര്‍ക്കും അതൊരു വരുമാനമാര്‍ഗം കൂടിയായിരിക്കാം. പക്ഷേ രാഷ്ട്രീയം എനിക്ക് സേവനമാണ്. രാഷ്ട്രീയത്തിന് പുറമേ എനിക്ക് ജീവിക്കാനുള്ള വക ഞാന്‍ അധ്വാനിച്ചാണ് കണ്ടെത്തുന്നത് എന്നത് എനിക്ക് അഭിമാനമുള്ള കാര്യമാണ്. ഈ പരാമര്‍ശം മാനസികമായി എനിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത് തന്നെയാണ്’, അരിത വ്യക്തമാക്കി.

ഇത് പാല്‍ സൊസൈറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പല്ലെന്നും പ്രാരാബ്ദമാണ് മാനദണ്ഡമെങ്കില്‍ അതു പറയണമെന്നുമായിരുന്നു അരിതയ്ക്കെതിരെ എഎം ആരിഫ് പറഞ്ഞത്. കായകുളത്തെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പര്യടനത്തിനിടെയാണ് ആരിഫിന്റെ പരാമര്‍ശം.

Next Story