‘സ്വര്‍ണ്ണക്കടത്ത് ആരോപണങ്ങള്‍ എല്‍ഡിഎഫിനെ ബാധിക്കില്ല’; യുഡിഎഫ് ഭൂരിപക്ഷം നേടുമെന്ന് ടി ജി മോഹന്‍ദാസ്
സംസ്ഥാന സര്‍ക്കാരിനെതിരായ ആരോപണങ്ങളും വിവാദങ്ങളും തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ ബാധിക്കില്ലെന്ന് മുതിര്‍ന്ന സംഘ്പരിവാര്‍ നേതാവ് ടി ജി മോഹന്‍ദാസ്. എല്‍ഡിഎഫും യുഡിഎഫും ഈ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഏകദേശം സമാസമം ആയിരിക്കുമെന്ന് ബിജെപി ഇന്റലക്ച്വല്‍ സെല്‍ അംഗം പറഞ്ഞു. എല്‍ഡിഎഫിന് കുറച്ച് നഷ്ടങ്ങളുണ്ടാകും. നേട്ടം 2015നേക്കാള്‍ കുറയും. അനുകൂല സാഹചര്യമാണെങ്കില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കിട്ടിയ അത്രയും വോട്ട് എല്‍ഡിഎഫിന് കിട്ടുമായിരിക്കുമെന്നും മോഹന്‍ദാസ് മോണിങ്ങ് റിപ്പോര്ട്ടറിനിടെ പ്രതികരിച്ചു. വലിയ അര്‍ത്ഥമൊന്നും അതിനില്ല. സ്വര്‍ണ്ണക്കടത്തും അനുബന്ധ ആരോപണങ്ങളും തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഐഎമ്മിനെ […]

സംസ്ഥാന സര്‍ക്കാരിനെതിരായ ആരോപണങ്ങളും വിവാദങ്ങളും തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ ബാധിക്കില്ലെന്ന് മുതിര്‍ന്ന സംഘ്പരിവാര്‍ നേതാവ് ടി ജി മോഹന്‍ദാസ്. എല്‍ഡിഎഫും യുഡിഎഫും ഈ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഏകദേശം സമാസമം ആയിരിക്കുമെന്ന് ബിജെപി ഇന്റലക്ച്വല്‍ സെല്‍ അംഗം പറഞ്ഞു. എല്‍ഡിഎഫിന് കുറച്ച് നഷ്ടങ്ങളുണ്ടാകും. നേട്ടം 2015നേക്കാള്‍ കുറയും. അനുകൂല സാഹചര്യമാണെങ്കില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കിട്ടിയ അത്രയും വോട്ട് എല്‍ഡിഎഫിന് കിട്ടുമായിരിക്കുമെന്നും മോഹന്‍ദാസ് മോണിങ്ങ് റിപ്പോര്ട്ടറിനിടെ പ്രതികരിച്ചു.
വലിയ അര്‍ത്ഥമൊന്നും അതിനില്ല. സ്വര്‍ണ്ണക്കടത്തും അനുബന്ധ ആരോപണങ്ങളും തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഐഎമ്മിനെ ബാധിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. ഇയാള്‍ക്ക് നമുക്ക് വേണ്ടി എന്ത് ചെയ്യാന്‍ പറ്റും എന്നാണ് മുഖ്യമായും ജനങ്ങള്‍ ചിന്തിക്കുന്നത്.
ടി ജി മോഹന്‍ദാസ്
ആരോപണങ്ങള്‍ ജനങ്ങളില്‍ എത്തിയിട്ടുണ്ട്. പക്ഷെ, നമ്മള് വിചാരിക്കുന്നത്ര വലിയ ഒരു പ്രതിഫലനമുണ്ടാകില്ല. സ്വര്‍ണ്ണക്കടത്ത് പിണറായി വിജയന് നേരിട്ട് നടത്തിയതാണെന്ന് വിശ്വസിക്കുന്ന ഒരാളുപോലും സിപിഐഎമ്മിന് വോട്ടു ചെയ്യും. കാരണം സിപിഐഎം സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയിരിക്കുന്ന ചെറുപ്പക്കാരന് സത്യസന്ധനും അറിയാവുന്നവനുമായിരിക്കും. വിളിച്ചാല്‍ ഫോണെടുക്കുന്നവനും ആപത്തില്‍ ഓടിവരുന്നവനുമാണ്. പിണറായി വിജയന് സ്വര്‍ണം കടത്തിയെങ്കില്‍ ഈ ചെറുപ്പക്കാരന് എന്തുപിഴച്ചു. ഈ രീതിയിലാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടിങ് പോകുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബിജെപി ജയിക്കുമെന്ന അവസ്ഥയുണ്ടായപ്പോള്‍ ക്രോസ് വോട്ടിങ്ങുണ്ടായിരുന്നു. അതിനെ തെറ്റായി കാണുന്നില്ല. അങ്ങനെയാണ് രാഷ്ട്രീയം. അത് ബിജെപിയും എല്ലാ പാര്‍ട്ടികളും ചെയ്യുന്നുണ്ട്. പക്ഷെ, അതിനപ്പുറത്തേക്ക് ഒരു സ്ഥാനാര്‍ത്ഥിയുടെ വ്യക്തി സ്വാധീനം വന്നുകഴിഞ്ഞാല്‍, ഒരു വാര്‍ഡില്‍ ഒരാള്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചാല്‍ അതുണ്ടാക്കാന്‍ കഴിയും. ഏത് പാര്‍ട്ടിയാണെങ്കിലും. എല്ലാവരും തൊട്ടുകൂടാത്തവരായി പ്രഖ്യാപിക്കുന്ന എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടിയും പല സ്ഥലങ്ങളില്‍ ജയിച്ചുവരുന്നുണ്ട്. അതെല്ലാം അവിടുത്തുകാര്‍ മുഴുവന്‍ എസ്ഡിപിഐക്കാര് ആയതുകൊണ്ടല്ല. ആ സ്ഥാനാര്‍ത്ഥിക്കാണ് അവിടുത്തെ ജനങ്ങള്‍ വോട്ടുചെയ്യുന്നത്. ക്രോസ് വോട്ടിങ്ങിന് അപ്പുറത്തേക്ക് കടക്കാനും സാധിക്കും. അയ്യോ, അവര്‍ രണ്ടും ചേര്‍ന്ന് ഞങ്ങളെ തോല്പിക്കാന് പോകുന്നേ എന്ന് നിലവിളിച്ചിട്ടും കാര്യമില്ല. അതൊരു രാഷ്ട്രീയ യാഥാര്‍ത്ഥ്യമാണ്. എന്നും രാഷ്ട്രീയം അങ്ങനെയാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്. ജനാധിപത്യ പ്രക്രിയയുടെ ഭാഗമാണത്. നമ്മുടെ ജനാധിപത്യത്തില്‍ ഒരാള്‍ക്ക് ജയിക്കാന്‍ 50 ശതമാനം വോട്ടൊന്നും വേണ്ട. ഏറ്റവും കൂടുതല്‍ വോട്ടുകിട്ടുന്നയാള്‍ ജയിക്കും. അപ്പോള്‍ എതിരാളിയുടെ വോട്ട് ഭിന്നിപ്പിക്കുക, നമ്മുടെ വോട്ട് ഏകീകരിച്ച് ബലപ്പെടുത്തുക.
കേരളത്തില്‍ ന്യൂനപക്ഷം, ന്യൂനപക്ഷം എന്നുപറഞ്ഞ് ബഹളം വെയ്ക്കുന്നത് എന്തുകൊണ്ടാണ്. ഉറച്ച, ഏകീകരിക്കപ്പെട്ട വോട്ടാണ് ന്യൂനപക്ഷത്തിന്റേത് എന്ന് കരുതുന്നു. എത്ര കണ്ട് ശരിയാണെന്ന് അറിയില്ല. എങ്കിലും പൊതുവേ അങ്ങനെയാണ് നിരീക്ഷണം. അതുകൊണ്ട് എല്‍ഡിഎഫും യുഡിഎഫും ഞങ്ങളാണ് ന്യൂനപക്ഷ സംരക്ഷകര്‍ എന്ന് പറയുന്നു. ന്യൂനപക്ഷത്തിന്റെ വോട്ട് കിട്ടാന്‍ വേണ്ടിയാണ്.
ഇപ്പുറത്ത് ഞാന്‍ അടങ്ങുന്ന ബിജെപി ഹിന്ദു അനുകൂല നിലപാടെടുക്കുന്നു. കാരണം അപ്പുറത്ത് അവരുടെ കൈയ്യിലായിപ്പോയി. പിന്നെ ബാക്കിയുള്ളതെന്താ ഇപ്പുറത്താണ്. അതുകൊണ്ട് ന്യൂനപക്ഷേതര വോട്ടുകള്‍ ഏകീകരിക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നു. അതിലാണ് രാഷ്ട്രീയം.
15 ശതമാനം വോട്ടിന് അപ്പുറത്തേക്ക് വളരാന്‍ കഴിയുമോയെന്നത് കാലം തെളിയിക്കേണ്ടതാണ്. ചിലപ്പോള്‍ വളരെ പെട്ടെന്നായിരിക്കും. രാഷ്ട്രീയത്തില്‍ ഒരു ഉമ്മറപ്പടി കടക്കലുണ്ട് (ത്രെഷോള്‍ഡ് പോയിന്റ്). ത്രിപുരയില്‍ ഒരു മേല്‍വിലാസവുമുണ്ടായിരുന്നില്ല ബിജെപിയ്ക്ക്. പക്ഷെ, ഒരൊറ്റ മറിച്ചില്‍ മറിഞ്ഞു. നാല് സീറ്റില്‍ നിന്ന് 48 സീറ്റിലേക്ക് വളര്‍ന്നത് ചില്ലറ കാര്യമാണോ? ഒരു കരിങ്കല്ല് പൊട്ടിക്കാന്‍ നേരത്ത് 99 അടിയും വേസ്റ്റാണെന്ന് നമുക്ക് തോന്നും. നൂറാമത്തെ അടിയ്ക്ക് ആയിരിക്കും കരിങ്കല്ല് ചിതറിപ്പോകുന്നത്. ആ ഒരു കാഴ്ച്ചപ്പാടിലാണ് കേരളത്തില്‍ ബിജെപി പ്രവര്‍ത്തിക്കുന്നത്. അല്ലെങ്കില്‍ 10-40 വര്‍ഷം രാഷ്ട്രീയത്തില്‍ നിന്നിട്ട് ഒന്നുമില്ലാന്ന് പറഞ്ഞ് പൂട്ടികെട്ടി വീട്ടില്‍ പോകാന്‍ പറ്റുമോ?
സ്ട്രാറ്റജി ആപേക്ഷികമാണ്. കേരളത്തിലെ ആളുകളുടെ സ്വഭാവം, രാഷ്ട്രീയ-സാമൂഹി അന്തരീക്ഷം മൊക്കെ അനുസരിച്ചിരിക്കും. ഉത്തര്‍പ്രദേശ് നോക്കൂ. അവര്‍ വിവരമില്ലാത്തവരാണ്, നിരക്ഷരകുക്ഷികളാണ് എന്നൊക്കെ പറയുന്നു. യുപിയിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയമില്ല. സ്വതന്ത്രന്മാര് മാത്രമേയുള്ളൂ. കേരളവും പതുക്കെ ആ രീതിയിലേക്കാണ് പോകുന്നത്. ഈ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയം കലര്‍ത്തുന്നതും പിന്നീട് അതിനേച്ചൊല്ലി ആവലാതികളുണ്ടാകുന്നതും നിന്നുപോകും. ശുദ്ധമായ പൗരബോധമുള്ളവര്‍ക്ക് വേണ്ടിയുള്ളതാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പ്. ആര്‍ട്ടിക്കിള്‍ 370ഓ രാമക്ഷേത്രമോ ഒന്നും പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിഷയമല്ല. എന്തിനാണ് ഇതൊക്കെ പറഞ്ഞ് പ്രചരണം നടത്തുന്നത് അതിന്റെയൊന്നും ആവശ്യമില്ല.
അസ്ഥിയില്‍ പിടിച്ച രാഷ്ട്രീയമുള്ള നല്ലൊരു ശതമാനവും കേരളത്തിലുണ്ട്. എന്തൊക്കെ വന്നെന്ന് പറഞ്ഞാലും അവരുടെ ചിഹ്നം, അവരുടെ പാര്‍ട്ടി എന്ന് പറഞ്ഞ് ചെയ്യുന്നവരുണ്ട്. അവരോട് പറഞ്ഞാല്‍ വോട്ട് മറച്ചുചെയ്തെന്ന് വരും. ഇത്തവണ നമുക്ക് ഇന്നയാള്‍ക്ക് വേണം നമ്മള് വോട്ട് ചെയ്യാനെന്ന്. ഉള്‍പ്പാര്‍ട്ടി വിരോധം തീര്‍ക്കാന്‍ വരെ അത് ഉപയോഗിക്കുന്നുണ്ട്. അച്യുതാനന്ദനെ മാരാരിക്കുളത്ത് തോല്പിച്ചത് അങ്ങനെയാണല്ലോ. വോട്ടുമറിച്ച് തോല്പിച്ചത് സിപിഐഎം തന്നെയാണ്, വേറാരുമല്ല. പക്ഷെ, വോട്ടുമറിക്കലിന്റെ ഇംപാക്ട് തദ്ദേശ തെരഞ്ഞെടുപ്പില്‍ കുറവായിരിക്കും.