
കൊവിഡിന്റെ രണ്ടാം തരംഗം ശക്തിയാര്‍ജിക്കുന്ന സാഹചര്യത്തില്‍ ഉത്തര്‍പ്രദേശിലെ അഞ്ച് നഗരങ്ങളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന അലഹബാദ് ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തിന് പുല്ലുവില കല്‍പ്പിച്ച് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ലഖ്നൗ, വാരണാസി, കാണ്‍പൂര്‍, ഗൊരഖ്പുര്‍, പ്രയാഗ്രാജ് തുടങ്ങിയ നഗരങ്ങള്‍ അടയ്ക്കാനായിരുന്നു ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ഈ ആവശ്യമാണ് സര്‍ക്കാര്‍ പരിഗണിക്കാതെ തള്ളിക്കളഞ്ഞത്.
യുപി സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ഇന്നലെ രൂക്ഷഭാഷയിലാണ് കോടതി വിമര്‍ശിച്ചത്. ‘പൊതുജനങ്ങളുടെ കൂടിച്ചേരലുകള്‍ പരിശോധിക്കാതിരിക്കാന്‍ സര്‍ക്കാരിന് അതിന്റേതായ രാഷ്ട്രീയ നിര്‍ബന്ധമുണ്ടെങ്കില്‍ ഞങ്ങള്‍ക്ക് വെറും കാഴ്ച്ചക്കാരായി നോക്കിനില്‍ക്കാനാകില്ല. പൊതുജനാരോഗ്യ സംരക്ഷണമാണ് ഇപ്പോള്‍ നമ്മുക്ക് മുന്നിലുള്ള പ്രധാനപരിഗണന. കുറച്ചുപേരുടെ അശ്രദ്ധ മൂലമുണ്ടെയ ഈ രോഗത്തില്‍ നിന്ന് നിരപരാധികളെ രക്ഷിക്കാനുള്ള ഞങ്ങളുടെ ഭരണഘടനാപരമായ ഉത്തരവാദിത്വത്തില്‍ നിന്നും ഞങ്ങള്‍ക്ക് ഒഴിഞ്ഞുമാറാനാവില്ല’. സര്‍ക്കാരിന് നേരെ കോടതി ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ ഈ വിധത്തിലായിരുന്നു.
രാജ്യത്ത് ഇന്ന് മാത്രം 2.59 ലക്ഷത്തിലധികം പേരാണ് കൊവിഡ് ബാധിതരായത്. തുടർച്ചയായ ആറാം ദിവസമാണ് രാജ്യത്ത് കൊവിഡ് കേസുകൾ 2 ലക്ഷം കവിയുന്നത്. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇപ്പോൾ 1.53 കോടിയിലധികമാണ്.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൊവിഡ് മൂലമുള്ള മരണങ്ങൾ ഇന്ത്യയിൽ 1,761 ആയി.
ഈ സാഹചര്യത്തിൽ കൗൺസിൽ ഫോർ ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് പരീക്ഷകളും (CISCE) റദ്ദാക്കിയിട്ടുണ്ട്. 10 ആം ക്ലാസ്സിലെ ഐസിഎസ്ഇ (ICSE) ബോർഡ് പരീക്ഷകളാണ് റദ്ദാക്കിയത്. പരീക്ഷ മാറ്റിവെച്ച് കൊണ്ടുള്ള മുൻ തീരുമാനം പിൻവലിക്കുകയാണെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. 11 ആം ക്ലാസ്സിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിക്കാനുള്ള നിർദേശവും കൗൺസിൽ നൽകിയിട്ടുണ്ട്. എന്നാൽ 12ആം ക്ലാസ്സിന്റെ പരീക്ഷയുടെ കാര്യത്തിൽ തീരുമാനമൊന്നും ഇനിയും ആയിട്ടില്ല.