Top

ദേശീയ സുരക്ഷാനിയമം: അധികാരികൾ കൃത്യമായി വ്യാഖ്യാനിക്കണം, അതീവ ശ്രദ്ധയോടെ പ്രയോഗിക്കണമെന്ന് അലഹബാദ് ഹൈക്കോടതി

പരാതിക്കാരന്റെ അപേക്ഷ ഉപദേശക സമിതിക്ക് മുൻപിൽ അധികൃതർ യഥാസമയം ഹാജരാക്കിയിട്ടില്ലെന്നത് വ്യക്തികളെ തടഞ്ഞു വെക്കാൻ പര്യാപ്‍തമായ കരണമല്ലെന്നാണ് ഹൈക്കോടതി പറഞ്ഞത്.

9 Dec 2020 4:40 AM GMT

ദേശീയ സുരക്ഷാനിയമം: അധികാരികൾ കൃത്യമായി വ്യാഖ്യാനിക്കണം, അതീവ ശ്രദ്ധയോടെ പ്രയോഗിക്കണമെന്ന് അലഹബാദ് ഹൈക്കോടതി
X

അലഹബാദ്: സംസ്ഥാനങ്ങൾ ദേശീയ സുരക്ഷാ നിയമം സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണമെന്ന് അലഹബാദ് ഹൈക്കോടതി. ജാവേദ് സിദ്ധിഖി എന്നയാളുടെ ഹേബിയസ് കോർപസ് ഹർജി പരിഗണിക്കവെ ആണ് സംസ്ഥാനങ്ങൾ ദേശീയ സുരക്ഷാ നിയമം അശ്രദ്ധമായി കൈകാര്യം ചെയ്യരുതെന്ന കോടതി നിരീക്ഷണം ഉണ്ടായിട്ടുള്ളത്.

ദേശീയ സുരക്ഷാ നിയമം ചുമത്തി തടങ്കലിൽ പാർപ്പിച്ചിട്ടുള്ള ജാവേദിന്റെ അപേക്ഷ പരിഗണിക്കവെ ആണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. പരാതിക്കാരന്റെ അപേക്ഷ ഉപദേശക സമിതിക്ക് മുൻപിൽ അധികൃതർ യഥാസമയം ഹാജരാക്കിയിട്ടില്ലെന്നത് വ്യക്തികളെ തടഞ്ഞു വെക്കാൻ പര്യാപ്‍തമായ കരണമല്ലെന്നാണ് ഹൈക്കോടതി പറഞ്ഞത്. ജഡ്ജിമാരായ പ്രദീപ് കുമാർ ശ്രീവാസ്തവയും പ്രിന്തികർ ദിവാകറും ചേർന്ന ഡിവിഷൻ ബെഞ്ചാണ് ജാവേദിനെ തടവിൽ വെക്കാനുള്ള ഉത്തരവ് റദ്ദാക്കിയത്.

‘രാജ്യത്ത് നിലവിലുള്ള സാധാരണ നിയമങ്ങൾക്കുപരിയായി ഒരാളെ തടങ്കലിൽ വയ്ക്കാനും വിചാരണ ചെയ്യാനും ബന്ധപ്പെട്ടവർക്ക് സവിശേഷമായ അധികാരം നൽകുന്നിടത്ത്, അധികാരികൾ നിയമം കൃത്യമായി വ്യഖ്യാനിക്കുകയും അതീവ ശ്രദ്ധയോടെ പ്രയോഗിക്കുകയും വേണം,’ അലഹബാദ് ഹൈക്കോടതി നിരീക്ഷിച്ചു.

പ്രതിരോധ തടങ്കലിൽ വയ്ക്കുന്നത് ശിക്ഷയല്ല, മറിച്ച് പ്രതിരോധം മാത്രമാണ് എന്ന് നിരീക്ഷിച്ച ഹൈക്കോടതി ഇത് ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരമുള്ള വ്യക്തി സ്വാതന്ത്ര്യത്തെ ബാധിക്കുന്നുണ്ടെന്നും സൂചിപ്പിച്ചു. അതിനാൽ, നിയമം പ്രതിപാദിക്കുന്ന നടപടിക്രമങ്ങൾ അനുസരിച്ച് മാത്രമാകണം അധികാരികൾ തടങ്കൽ ഉത്തരവ് പുറപ്പെടുവിക്കേണ്ടതെന്നും, ഭരണഘടന പൗരന്മാർക്ക് ഉറപ്പ് നൽകുന്ന സുരക്ഷാസംവിധാനങ്ങൾ പാലിച്ചിട്ടുണ്ടെന്ന് അവർ ഉറപ്പാക്കുകയും വേണമെന്നും ഹൈക്കോടതി കൂട്ടിച്ചേർത്തു.

‘ഞങ്ങളുടെ കാഴ്ചപ്പാടിൽ, കുറ്റാരോപിതന്റെ അപേക്ഷയിൽ അധികാരികൾ വരുത്തിയ കാലതാമസം തന്നെ അവരുടെ വിമുഖത വ്യക്തമാക്കുന്നു. പ്രസ്തുതകേസ് ഉപദേശക സമിതിയുടെ മുമ്പാകെ പരിഗണിച്ച അന്നുപോലും അധികാരികൾക്ക് പരാതിക്കാരന്റെ അപേക്ഷ ബോർഡിന് മുന്നിൽ വയ്ക്കാമായിരുന്നു. അധികാരികൾ വരുത്തിയ കാലതാമസത്തിനും അപേക്ഷ സമയത്തുതന്നെ ബോർഡിന് മുന്നിൽ വയ്ക്കാത്തതിനും സംസ്ഥാന അധികാരികൾ തന്നിരിക്കുന്ന വിശദീകരണം തൃപ്തികരമല്ല. ബന്ധപ്പെട്ടവരുടെ ഈ അനാസ്ഥ തന്നെ പരാതിക്കാരന്റെ മൗലികാവകാശങ്ങളുടെ ലംഘനമാണ്,’ ഹൈക്കോടതി പറഞ്ഞു.

മറ്റു കേസുകളിൽ ഉൾപെട്ടിട്ടില്ലെങ്കിൽ ജാവേദ് സിദ്ധിഖിയെ ഉടൻ തന്നെ വിട്ടയക്കണമെന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ജോൻപൂരിലെ ഭാദത്തി ഗ്രാമത്തിൽ കഴിഞ്ഞ ജൂണിൽ ദളിത്-മുസ്ലിം വിഭാഗങ്ങൾക്കിടയിൽ നടന്ന ലഹളയുടെയും തീവെപ്പിന്റെയും പേരിലാണ് ജാവേദ് സിദ്ധിഖിയെ അറസ്റ്റ് ചെയ്തത്. പിന്നീട് ജാവേദിന് മേൽ ദേശീയ സുരക്ഷാ നിയമം ചുമത്തുകയായിരുന്നു.

Popular Stories

    Next Story