
പശുവിറച്ചി സൂക്ഷിച്ചതിന്റെ പേരില്‍ നിഷ്ക്കളങ്കരെ ജയിലടയ്ക്കുന്നുവെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിന് നേരെ അലഹബാദ് ഹൈക്കോടതി രൂക്ഷവിമര്‍ശനമുയര്‍ത്തിയിട്ടും കൂസാതെ യോഗി ആദിത്യനാഥ്. ഗോക്കളെ സംരക്ഷിക്കുക എന്നത് താന്‍ നേതൃത്വം നല്കുന്ന സര്‍ക്കാരിന്റെ കടമയാണെന്ന് വിശ്വസിക്കുന്നതായും പശുക്കളെ കൊല്ലുന്നവരെ ജയിലിലടയ്ക്കുക തന്നെ ചെയ്യുമെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ഗോവധം ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും അദ്ദേഹം ഒരു തെരഞ്ഞെടുപ്പ് റാലിയില്പ്പറഞ്ഞു. പശുക്കളെ സുരക്ഷിതരാക്കുന്നതിനായി സംസ്ഥാനത്തുടനീളം ഗോശാലകള്‍ പണികഴിപ്പിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. പശുക്കളെ സംരക്ഷിക്കുക എന്നത് നാമോരോരുത്തരുടേയും കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗോവധമെന്ന് ആരോപിച്ചുകൊണ്ട് നിരപരാധികളെ ശിക്ഷിക്കുന്നതിനെതിരെ കഴിഞ്ഞദിവസമാണ് അലഹബാദ് ഹൈക്കോടതി രൂക്ഷവിമര്‍ശനമുയര്‍ത്തിയത്. ഗോവധത്തിന് ശിക്ഷിക്കപ്പെട്ട റഹ്മുദ്ദീന് എന്നയാളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയിലാണ് കോടതി ഈ സുപ്രധാന നിരീക്ഷണം നടത്തിയത്. പ്രതിയെ സംഭവസ്ഥലത്ത് വെച്ചല്ല അറസ്റ്റ് ചെയ്തതെന്നും ഇയാള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ എഫ്ഐആറില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും പ്രതിഭാഗം കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
കൈയ്യില്‍ ബീഫാണെന്ന പേരില്‍ സര്‍ക്കാര്‍ നിരപരാധികളെ പിടികൂടുന്നുവെന്നായിരുന്നു കോടതിയുടെ നീരീക്ഷണം. പരിശോധനയില്ലാതെ ബീഫാണെന്ന് സാക്ഷ്യപ്പെടുത്തുന്ന രീതിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും കോടതി കുറ്റപ്പെടുത്തിയിരുന്നു.