Top

വാരിക്കോസ് വെയിൻ: അറിയേണ്ടതെല്ലാം

രക്തക്കുഴലിന്റെ ഭിത്തികളിൽ ഉണ്ടാകുന്ന ക്ഷീണം ആണ് വെരിക്കോസ് വെയിൻ ഉണ്ടാകാനുള്ള പ്രധാനകാരണം.

23 Jun 2021 1:46 AM GMT
നിഷ അജിത്

വാരിക്കോസ് വെയിൻ: അറിയേണ്ടതെല്ലാം
X

എന്താണ് വാരിക്കോസ് വെയിൻ ..?

തൊലിക്കും കൊഴുപ്പിനും അടിയിൽ കാണപ്പെടുന്ന രക്തക്കുഴലുകളും, മസിലുകൾക്കുള്ളിൽ കാണപ്പെടുന്ന രക്തക്കുഴലുകളും എന്നിങ്ങനെ രണ്ടു തരത്തിലാണ് ശരീരത്തിൽ രക്തക്കുഴലുകൾ കാണപ്പെടുന്നത്. ഇതിൽ രക്തക്കുഴലിന്റെ ഭിത്തികളിൽ ഉണ്ടാകുന്ന ക്ഷീണം ആണ് വെരിക്കോസ് വെയിൻ ഉണ്ടാകാനുള്ള പ്രധാനകാരണം. ഈ അവസ്ഥ കൊണ്ട് വേണ്ടത്ര മർദ്ദം കൊടുത്തു രക്തത്തിന് ഹൃദയത്തിലേക്ക് തിരികെ എത്താൻ സാധിക്കാതെ വരികയും തുടർന്ന് രക്തം അവിടെതന്നെ കെട്ടികിടക്കുകയും ചെയ്യുന്നത് മൂലമാണ് രക്തക്കുഴലുകൾ വീർത്തു വരുന്നതും, കെട്ട് പിണഞ്ഞു കിടക്കുന്ന അവസ്ഥ ഉണ്ടാകുന്നതും.

മറ്റൊന്ന് രക്തസഞ്ചാരം കൃത്യമാകാൻ ഞരമ്പിനകത്തു തന്നെയുള്ള വാൽവുകളിലും ഷട്ടറുകളിലും സംഭവിക്കുന്ന തകരാറുകൾ ആണ്. മറ്റുചിലരിൽ വയറിനകത്തു കാണപ്പെടുന്ന തടിപ്പുകളും മുഴയും മറ്റും ഇത്തരമൊരവസ്ഥയിലേക്ക് നയിക്കാറുണ്ട്. ചിലരിൽ ഇത് ജനിതകമാകാം. ചിലരിൽ പ്രായവും, അമിത വണ്ണവും കാരണമാകുന്നതായി കണ്ടു വരാറുണ്ട്. പേശികൾക്കുള്ളിൽ കാണപ്പെടുന്ന രക്തക്കുഴലുകളിൽ സാധാരണയായി ഈ പ്രശ്നം ഉണ്ടാകാറില്ല. എന്നാൽ തൊലിക്കും കൊഴുപ്പിനും അടിയിലായി കാണപ്പെടുന്ന രക്തക്കുഴലുകളിലാണ് ഇത് അധികവും ഉണ്ടാകാറ്. രോഗം മൂർച്ഛിക്കുന്നതനുസരിച്ചു പല ഘട്ടങ്ങളായാണ് ഇത് പ്രകടമാകുന്നത്.

രോഗനിർണ്ണയം:-
ഡോപ്ലർ പരിശോധന ആണ് രോഗനിർണ്ണയം നടത്താൻ ഉപയോഗിക്കുന്ന ഒരു മാർഗ്ഗം.

പ്രകടമാകുന്ന ലക്ഷണങ്ങൾ:-
ആദ്യഘട്ടത്തിൽ കാലിന്റെ പല ഭാഗത്തും രക്തക്കുഴലുകൾ തെളിഞ്ഞു കാണാൻ സാധിക്കും. അടുത്ത ഘട്ടത്തിൽ ഇവ അല്പം കൂടി സ്പഷ്ടമാകുന്നു. പിന്നീട് വലിയ രീതിയിൽ തന്നെ രക്തക്കുഴലുകളുടെ വലിപ്പവും തടിപ്പും കൂടി വരും. അടുത്ത ഘട്ടത്തിലാണ് തൊലിയുടെ നിറം മാറുന്നതും, തൊലിക്ക് തിളക്കം വരുന്നതുമെല്ലാം. പിന്നീട് അവിടങ്ങളിൽ അൾസർ അല്ലെങ്കിൽ വ്രണങ്ങൾ ഉണ്ടാകുന്നു. വേദനയും തുടങ്ങും. വളരെ ചുരുക്കം പേരിൽ രക്തക്കുഴലുകൾ പൊട്ടി രക്തസ്രാവം ഉണ്ടാകാറുണ്ട്. അബോധാവസ്ഥയിലേക്കും രോഗി പോകാൻ സാധ്യതയുണ്ട്. രോഗം മൂർച്ഛിക്കുന്നതനുസരിച്ചു പല ഘട്ടങ്ങളായാണ് ഇത് പ്രകടമാകുന്നത്.

ചികത്സാരീതികൾ :-
മസിലിനകത്തുള്ള രക്തക്കുഴലുകളിൽ രക്തകട്ടകൾ രൂപപ്പെടുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്. ഇത്തരം രോഗികളിൽ രക്തകട്ടകൾ അലിയിച്ചു കളയുന്ന തരം മരുന്നുകൾ ആണ് എടുക്കേണ്ടത്. അതുപോലെ ആദ്യ ഒന്ന് രണ്ടു ഘട്ടങ്ങളിൽ വരുന്ന രോഗാവസ്ഥയിൽ, പട്ടീസ് ചുറ്റിയും, മരുന്നുകൾ എടുത്തും, കംപ്രഷന്‍ സ്റ്റോക്കിങ്സ് ഉപയോഗിക്കുന്നതുമെല്ലാം പലവിധ ചികിത്സാ രീതികൾ ആണ്. രോഗബാധിതമായ കാലുകൾ പൊക്കി വെക്കുന്ന രീതികളും ശ്രമിച്ചു നോക്കാവുന്നതാണ്. ഇതിനായി കട്ടിലിന്റെ കാലുകൾ വേണം ഉയർത്തി വെക്കാൻ.

രോഗം മൂർച്ഛിക്കുന്നതനുസരിച്ചു ചികിത്സാരീതികളിൽ ശസ്ത്രക്രിയകളും ഉൾപ്പെടും. ലേസർ ചികിത്സകൾ, താക്കോൽ ദ്വാര ശസ്ത്രക്രിയകൾ ഒക്കെയും പ്രശ്നപരിഹാരത്തിനായി ഇന്ന് നിലവിലുണ്ട്. രണ്ടോ മൂന്നോ ദിവസം കൊണ്ട് രോഗിക്ക് ശസ്ത്രക്രിയ നടത്തി പരിപൂർണ്ണ സൗഖ്യമായി ആശുപത്രി വിടാനുമാകും. സമയത്തു ചികിത്സിച്ചാൽ മരുന്ന് കൊണ്ടോ ശസ്ത്രക്രിയ കൊണ്ടോ പരിപൂർണ്ണമായും ഭേദമാക്കാൻ സാധിക്കുന്ന ഒരു രോഗാവസ്ഥയാണ് വെരിക്കോസ് വെയിൻ.

Next Story