Top

കോപ്പ നിറയ്ക്കാന്‍ അര്‍ജന്റീനയും ബ്രസീലും; സ്വപ്‌ന ഫൈനല്‍ നാളെ പുലര്‍ച്ചെ 5:30-ന്, കന്നിക്കിരീടം തേടി മെസിയും നെയ്മറും

ലോകത്തിന്റെ മുഴുവന്‍ ഫുട്‌ബോള്‍ ഗ്രൗണ്ടായി നാളെ പുലര്‍ച്ചെ ബ്രസീല്‍ തലസ്ഥാനമായ റിയോ ഡി ജനീറോയിലെ മാറക്കാന സ്‌റ്റേഡിയം മാറും. ഫുട്‌ബോള്‍ ആരാധകരെ ഒന്നടങ്കാം ആവേശത്തിലാഴ്ത്തി ലാറ്റിനമേരിക്കന്‍ വന്‍ ശക്തികളായ അര്‍ജന്റീനയും ബ്രസീലും കോപ്പാ അമേരിക്ക കിരീടത്തിനായി കൊമ്പുകോര്‍ക്കുമ്പോള്‍ ലോകത്തിന്റെ കണ്ണും കാതുമെല്ലാം മാറക്കാനയിലെ മാനെ ഗാരിഞ്ച സ്‌റ്റേഡിയത്തിലേക്കായിരിക്കും. നാളെ പുലര്‍ച്ചെ 5:30-നാണ് മത്സരം. സെമിഫൈനലില്‍ ഏകപക്ഷീയമായ ഒരു ഗോളിന് പെറുവിനെ തോല്‍പിച്ചാണ് ബ്രസീലിന്റെ വരവെങ്കില്‍ ഷൂട്ടൗട്ടോളം നീണ്ട ആവേശപ്പോരാട്ടത്തിനൊടുവില്‍ കൊളംബിയയെ പിന്തള്ളിയായിരുന്നു അര്‍ജന്റീനയുടെ ഫൈനല്‍ പ്രവേശനം. രാജ്യാന്തര […]

9 July 2021 8:48 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോപ്പ നിറയ്ക്കാന്‍ അര്‍ജന്റീനയും ബ്രസീലും; സ്വപ്‌ന ഫൈനല്‍ നാളെ പുലര്‍ച്ചെ 5:30-ന്, കന്നിക്കിരീടം തേടി മെസിയും നെയ്മറും
X

ലോകത്തിന്റെ മുഴുവന്‍ ഫുട്‌ബോള്‍ ഗ്രൗണ്ടായി നാളെ പുലര്‍ച്ചെ ബ്രസീല്‍ തലസ്ഥാനമായ റിയോ ഡി ജനീറോയിലെ മാറക്കാന സ്‌റ്റേഡിയം മാറും. ഫുട്‌ബോള്‍ ആരാധകരെ ഒന്നടങ്കാം ആവേശത്തിലാഴ്ത്തി ലാറ്റിനമേരിക്കന്‍ വന്‍ ശക്തികളായ അര്‍ജന്റീനയും ബ്രസീലും കോപ്പാ അമേരിക്ക കിരീടത്തിനായി കൊമ്പുകോര്‍ക്കുമ്പോള്‍ ലോകത്തിന്റെ കണ്ണും കാതുമെല്ലാം മാറക്കാനയിലെ മാനെ ഗാരിഞ്ച സ്‌റ്റേഡിയത്തിലേക്കായിരിക്കും.

നാളെ പുലര്‍ച്ചെ 5:30-നാണ് മത്സരം. സെമിഫൈനലില്‍ ഏകപക്ഷീയമായ ഒരു ഗോളിന് പെറുവിനെ തോല്‍പിച്ചാണ് ബ്രസീലിന്റെ വരവെങ്കില്‍ ഷൂട്ടൗട്ടോളം നീണ്ട ആവേശപ്പോരാട്ടത്തിനൊടുവില്‍ കൊളംബിയയെ പിന്തള്ളിയായിരുന്നു അര്‍ജന്റീനയുടെ ഫൈനല്‍ പ്രവേശനം.

രാജ്യാന്തര ഫുട്‌ബോളില്‍ രണ്ടു വര്‍ഷമായി അപരാജിത കുതിപ്പ് തുടരുകയാണ് ഇരുടീമുകളും. അര്‍ജന്റീന അവസാനമായി തോറ്റത് ബ്രസീല്‍ തിരിച്ച് ബ്രസീല്‍ അവസാനമായി തോറ്റത് അര്‍ജന്റീനയോടുമാണെന്നതും ശ്രദ്ധേയം. 2019 ജൂണില്‍ നടന്ന കോപ്പാ അമേരിക്ക സെമിഫൈനലിലായിരുന്നു അര്‍ജന്റീനയുടെ അവസാന തോല്‍വി. പിന്നീട് തുടര്‍ച്ചയായ 19 മത്സരങ്ങളില്‍ തോല്‍വിയറിയാതെയാണ് അവര്‍ നാളെ ഇറങ്ങുന്നത്.

2019 നവംബറില്‍ നടന്ന സൗഹൃദ മത്സരത്തില്‍ അര്‍ജന്റീനയോടായിരുന്നു ബ്രസീലിന്റെ അവസാന തോല്‍വി. അതിനു ശേഷം കളിച്ച 13 മത്സരങ്ങളില്‍ 12-ലും അവര്‍ ജയിച്ചിരുന്നു. ഒരു മത്സരം സമനിലയില്‍ കലാശിച്ചു. കോപ്പയില്‍ അവസാനം ഏറ്റുമുട്ടിയ അഞ്ചു മത്സരങ്ങളില്‍ അഞ്ചിലും ജയം ബ്രസീലിനായിരുന്നു.

2007-ലാണ് ഫൈനലില്‍ അവസാനമായി ഇരുവരും ഏറ്റുമുട്ടിയത്. അന്ന് എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ബ്രസീല്‍ അര്‍ജന്റീനയെ വീഴ്ത്തിയത്. സമീപകാല കണക്കുകള്‍ ഇങ്ങനെയാണെങ്കിലും കോപ്പയിലെ ആദ്യാവസാന റെക്കോഡുകള്‍ പരിശോധിച്ചാല്‍ സമ്പൂര്‍ണ ആധിപത്യം അര്‍ജന്റീനയ്ക്കാണ്. ഇതുവരെ 10 ഫൈനലുകളില്‍ ഏറ്റുമുട്ടിയപ്പോള്‍ എട്ടിലും അര്‍ജന്റീനയ്ക്കായിരുന്നു ജയം. കിരീട ജയത്തിലും അര്‍ജന്റീനയാണ് മുന്നില്‍; 14 എണ്ണം. ബ്രസീലിന് ഇതുവരെ നേടാനായത് 10 എണ്ണം മാത്രം.

അര്‍ജന്റീന-ബ്രസീല്‍ മത്സരം പോലെ തന്നെ നാളെ ഏറെ ശ്രദ്ധയാകര്‍ഷിക്കുത് ഇരുടീമുകളുടെയും സൂപ്പര്‍ താരങ്ങള്‍ തമ്മിലുള്ള പോരാട്ടത്തിനു കൂടിയാണ്. ലയണല്‍ മെസിയുടെയും നെയ്മറുടെയും പോരാട്ടത്തിന്.

34കാരനായ മെസി തന്റെ കരിയറിലെ ഏറ്റവും വലിയ ലക്ഷ്യം തേടിയാണ് മാറക്കാനയില്‍ ഇറങ്ങുന്നത്; അര്‍ജന്റീന ദേശീയ കുപ്പായത്തില്‍ ഒരു രാജ്യാന്തര കിരീടം. ഏഴു വര്‍ഷം മുമ്പേ ഇതേ വേദിയില്‍ ഇതിലും വലിയ ഒരു ലോകകിരീടം കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടമായത് മെസിക്ക് ഓര്‍മയുണ്ടാകും… 2014 ഫുട്ബോള്‍ ലോകകപ്പ്. ഇക്കുറി അത്തരമൊരു പിഴവുണ്ടാകാതിരിക്കാനാകും അദ്ദേഹത്തിന്റെ ശ്രമം.

മറുവശത്ത് ബ്രസീലിനായി ലാറ്റിനമേരിക്കയുടെ ഫുട്ബോള്‍ കിരീടം സ്വന്തമാക്കുകയെന്ന സ്വപ്നമാണ് നെയ്മറിന് സാക്ഷാത്കരിക്കാനുള്ളത്. കഴിഞ്ഞ തവണ പരുക്കുമൂലം കോപ്പാ അമേരിക്കയില്‍ കളിക്കാന്‍ നെയ്മര്‍ ഉണ്ടായിരുന്നില്ല. ഇത്തവണ ആ നഷ്ടം നികത്തുകയാണ് ലക്ഷ്യം.

ഇരുവരും ഇതിനു മുമ്പും ഇതേപോലെ നേര്‍ക്കുനേര്‍ വന്നിട്ടുണ്ട്. എന്നാല്‍ കോപ്പാ ഫൈനല്‍ എന്നതിനാല്‍ ഇത്തവണത്തേതാണ് ഏറ്റവും വലിയ പോരാട്ടം. എന്നിരിക്കിലും ഇതിനു മുമ്പുള്ള പോരാട്ടങ്ങളില്‍ ആര്‍ക്കാണ് അല്‍പം നേട്ടമെന്ന് പരിശോധിച്ചാല്‍ മെസി നെയ്മറിനേക്കാള്‍ ഒരു പണത്തൂക്കം മുന്നിലാണ്.

10 വര്‍ഷം മുമ്പ് ക്ലബ് ഫുട്ബോള്‍ ലോകകപ്പിലാണ് ഇരുവരും ആദ്യമായി നേര്‍ക്കുനേര്‍ വന്നത്. അന്ന് ലാറ്റിനമേരിക്കന്‍ ക്ലബ് ഫുട്ബോള്‍ ജേതാക്കളായ സാന്റോസിനായി നെയ്മറും ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ ബാഴ്സലോണയ്ക്കായി മെസിയും പോരടിച്ചപ്പോള്‍ അന്തിമ ജയം മെസിക്കൊപ്പം നിന്നു. എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് മെസിയുടെ ബാഴ്സ അന്ന് സാന്റോസിനെ തുരത്തി ക്ലബ് ലോകകപ്പില്‍ മുന്നമിട്ടത്.

രാജ്യാന്തര തലത്തില്‍ മൂന്നു തവണ ഇരുവരും നേര്‍ക്കുനേര്‍ വന്നിട്ടുണ്ട്. അതിലും മേല്‍കൈ മെസിക്കൊപ്പമാണ്. 2010-ലായിരുന്നു ആദ്യ അങ്കം. അന്ന് അവസാന മിനിറ്റില്‍ മെസി നേടിയ ഗോളില്‍ അര്‍ജന്റീന 1-0ന് ജയിച്ചു കയറി.

രണ്ടു വര്‍ഷത്തിനു ശേഷം 2012-ലാണ് പിന്നീട് നേരങ്കം നടന്നത്. അത്തവണയും മെസിക്കുമേല്‍ വിജയക്കൊടി നാട്ടാന്‍ നെയ്മറിനായില്ല. ബ്രസീല്‍ താരത്തെ കാഴ്ചക്കാരനാക്കി നിര്‍ത്തി തകര്‍പ്പന്‍ ഹാട്രിക്കിലൂടെ ആവേശപ്പോരാട്ടത്തില്‍ 4-3 എന്ന സ്‌കോറില്‍ മെസി അര്‍ജന്റീനയെ വിജയത്തിലെത്തിച്ചു.

പിന്നീട് കൊമ്പുകോര്‍ത്തത് 2014-ല്‍. അന്നുപക്ഷേ അവസാന ചിരി നെയ്മറിന്റേതായിരുന്നു. മെസി പെനാല്‍റ്റി നഷ്ടപ്പെടുത്തിയ മത്സരത്തില്‍ 2-0 എന്ന സ്‌കോറിന് ബ്രസീല്‍ അര്‍ജന്റീനയെ വീഴ്ത്തി. ഏറ്റവും ഒടുവില്‍ ഇരുതാരങ്ങളും കൊമ്പുകോര്‍ത്തത് 2016-ല്‍ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍. അന്ന് നെയ്മര്‍ ടീമിന്റെ ആദ്യ ഗോള്‍ നേടിയപ്പോള്‍ ബ്രസീല്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് അര്‍ജന്റീനയെ ശിക്ഷിച്ചത്.

Next Story

Popular Stories