ജമ്മു കശ്മീരിലെ കേന്ദ്രത്തിന്റെ സര്‍വ്വകക്ഷിയോഗം 24ന്; സ്വാഗതം ചെയ്ത് കോണ്‍ഗ്രസും സിപിഐഎമ്മും
24ന് നടക്കുന്ന യോഗത്തിന് തനിക്ക് ക്ഷണം ലഭിച്ചിട്ടുണ്ടെന്ന് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി അധ്യക്ഷ മെഹ്ബൂബ മുഫ്തി അറിയിച്ചിട്ടുണ്ട്.
20 Jun 2021 1:40 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ജമ്മുകശ്മീരിലെ വിവിധ പാര്‍ട്ടി നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന കൂടിക്കാഴ്ച ജൂണ്‍ 24ന്. കേന്ദ്രസര്‍ക്കാര്‍ വിളിച്ചുചേര്‍ത്തിരിക്കുന്ന സര്‍വ്വകക്ഷിയോഗത്തില്‍ കശമീരിലെ പ്രമുഖ പാര്‍ട്ടിയിലെ നേതാക്കളൈല്ലാം ക്ഷണിച്ചിട്ടുണ്ട്. നാല് മുഖ്യമന്ത്രിമാരടക്കം 14 പേര്‍ക്കാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ നിന്നും ക്ഷണം ലഭിച്ചിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കശ്മീരിലെ ഭാവി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായാണ് സര്‍വ്വകക്ഷി യോഗം വിളിച്ചിരിക്കുന്നതെന്നാണ് സൂചന.
കശ്മീര്‍ വിഷയം ചര്‍ച്ചചെയ്യാന്‍ കേന്ദ്രം വിളിച്ച് സര്‍വ്വകക്ഷിയോഗത്തിന് പിന്തുണ നല്‍കുന്നതായി കോണ്‍ഗ്രസും സിപിഐഎമ്മും അറിയിച്ചിട്ടുണ്ട്. 24ന് നടക്കുന്ന യോഗത്തിന് തനിക്ക് ക്ഷണം ലഭിച്ചിട്ടുണ്ടെന്ന് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി അധ്യക്ഷ മെഹ്ബൂബ മുഫ്തി അറിയിച്ചിട്ടുണ്ട്. അതേസമയം പീപ്പിള്‍സ് അലൈയ്ന്‍സ് ഫോര്‍ ഗുപ്കര്‍ ഡിക്ലറേഷന്‍ അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുക്കുമോ എന്ന കാര്യം ഇപ്പോഴും വ്യക്തമായിട്ടില്ല.
കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായ അജയ് ഭല്ലയാണ് കശ്മീരിലെ നേതാക്കളെ യോഗത്തിലേക്ക് ക്ഷണിച്ചത്. മെഹ്ബൂബ മുഫ്തിയെക്കൂടാതെ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറുഖ് അബ്ദുള്ള, മകന് ഒമര്‍ അബ്ദുള്ള, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായി ഗുലാം നബി ആസാദ്, കോണ്‍ഗ്രസ് നേതാവ് താരാചന്ദ്, പീപ്പിള്‍സ് കോണ്‍ഫറന്‍ഡസ് നേതാവ് മുസാഫര്‍ ഹുസൈന് ബൈഗ്, ബിജെപി നേതാക്കളായ നിര്‍മ്മല്‍ സിംഗ്, കവീന്ദര്‍ ഗുപ്ത, സിപിഐഎം നേതാവായ യൂസഫ് തരിഗാമി എന്നിവര്‍ക്കാണ് ക്ഷണം ലഭിച്ചിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍.