Top

ജഗന്‍മോഹന്‍ റെഡ്ഡിയ്‌ക്കെതിരെ കോടതിയലക്ഷ്യം ചാര്‍ത്തണമെന്ന് ബാര്‍ അസോസിയേഷന്‍; ജസ്റ്റിസ് രമണയ്‌ക്കെതിരെ അപവാദപ്രചരണമെന്ന് പരാതി

ഇത് ജുഡീഷ്യറിയെക്കുറിച്ച് പൊതുജനങ്ങള്‍ക്കുള്ള വിശ്വാസം തകര്‍ക്കുന്നതാണെന്നും അതിനാല്‍ത്തന്നെ ആന്ധ്രാ മുഖ്യമന്ത്രിക്കെതിരെ കോടതിയലക്ഷ്യ നടപടികള്‍ ആരംഭിക്കണമെന്ന ആവശ്യമാണ് ആള്‍ ഇന്ത്യ ബാര്‍ അസോസിയേഷന്‍ ചീഫ് ജസ്റ്റിസിനുമുന്‍പില്‍ ഉന്നയിച്ചത്.

17 Oct 2020 6:39 AM GMT

ജഗന്‍മോഹന്‍ റെഡ്ഡിയ്‌ക്കെതിരെ കോടതിയലക്ഷ്യം ചാര്‍ത്തണമെന്ന് ബാര്‍ അസോസിയേഷന്‍; ജസ്റ്റിസ് രമണയ്‌ക്കെതിരെ അപവാദപ്രചരണമെന്ന് പരാതി
X

ആന്ധ്രാമുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിക്കെതിരെ കോടതി അലക്ഷ്യനടപടികള്‍ ആരംഭിക്കണമെന്ന ആവശ്യവുമായി ആള്‍ ഇന്ത്യ ബാര്‍ അസോസിയേഷന്‍(എഐബിഎ). സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് എന്‍വി രമണയ്‌ക്കെതിരെ റെഡ്ഡി അപവാദപ്രചരണം നടത്തിയെന്ന് ആരോപിച്ചുകൊണ്ടാണ് ബാര്‍ അസോസിയേഷന്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസിനെ സമീപിച്ചത്. ജസ്റ്റിസ് രമണയുടെ കുടുംബാംഗങ്ങള്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നും മുന്‍മുഖ്യമന്ത്രി എന്‍ ചന്ദ്രബാബുവുമായി അടുത്തബന്ധം പുലര്‍ത്തുകയാണെന്നും ആരോപിച്ച് റെഡ്ഡി മുന്‍പ് ചിഫ്് ജസ്റ്റിസ് കത്തയച്ചിരുന്നു. ജുഡീഷ്യറിക്കെതിരെ നടപടി ആവശ്യപ്പെട്ട് കത്തയച്ച അസാധാരണ നടപടിയ്ക്കുശേഷമാണ് ബാര്‍ അസോസിയേഷന്റെ നീക്കം.

അടുത്തചീഫ് ജസ്റ്റിസ് ആകേണ്ട ജസ്റ്റിസ് രമണയ്‌ക്കെതിരെ കുത്സിതവും അത്യന്തം നിന്ദ്യവുമായ പരാമര്‍ശങ്ങളാണ് ജഗന്‍മോഹന്‍ റെഡ്ഡി നടത്തിയതെന്ന് ബാര്‍ അസോസിയേഷന്‍ പരാതിപ്പെടുന്നു. ഇത് ജുഡീഷ്യറിയെക്കുറിച്ച് പൊതുജനങ്ങള്‍ക്കുള്ള വിശ്വാസം തകര്‍ക്കുന്നതാണെന്നും അതിനാല്‍ത്തന്നെ ആന്ധ്രാ മുഖ്യമന്ത്രിക്കെതിരെ കോടതിയലക്ഷ്യ നടപടികള്‍ ആരംഭിക്കണമെന്ന ആവശ്യമാണ് ആള്‍ ഇന്ത്യ ബാര്‍ അസോസിയേഷന്‍ ചീഫ് ജസ്റ്റിസിനുമുന്‍പില്‍ ഉന്നയിച്ചത്.

ടിഡിപി നേതാവും ആന്ധ്രാപ്രദേശ്‌ മുന്‍മുഖ്യമന്ത്രിയുമായിരുന്ന എന്‍ ചന്ദ്രബാബു നായിഡുവുമായി ജസ്റ്റിസ് രമണ അടുത്ത ബന്ധം പുലര്‍ത്തുകയാണെന്നും ജസ്റ്റിസും ജുഡീഷ്യറിയും ചേര്‍ന്ന് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും ആരോപിച്ചുകൊണ്ടായിരുന്നു ജഗന്‍മോഹന്‍ റെഡ്ഡി മുന്‍പ് ചീഫ് ജസ്റ്റിസിന് കത്തയച്ചത്. സംസ്ഥാനസര്‍ക്കാരിന്റെ പദ്ധതികള്‍ ഹൈക്കോടതി ഇടപെട്ട് മരവിപ്പിച്ചതിനെതിരെ റെഡ്ഡിസര്‍ക്കാരിലെ പലമന്ത്രിമാരും പ്രതിഷേധമറിയിച്ചിരുന്നു. എന്നാല്‍ അന്നൊക്കെ നിശബ്ദനായിരുന്ന റെഡ്ഡി കത്തിലൂടെ ജുഡീഷ്യറിക്കെതിരെ അപ്രതീക്ഷിത നീക്കം നടത്തുകയായിരുന്നു. ജുഡീഷ്യറി പക്ഷഭേദം കാണിക്കുന്നുവെന്നും ടിഡിപിയുടെ താല്‍പ്പര്യങ്ങള്‍ അനുസരിച്ച് ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നുവെന്നും റെഡ്ഡി കത്തിലൂടെ ആരോപിച്ചിരുന്നു.

Popular Stories

    Next Story