Top

ബംഗാളില്‍ മുഴുവന്‍ ബിജെപി എംഎല്‍എമാര്‍ക്കും സായുധ കമാന്റോ സുരക്ഷ നല്‍കി കേന്ദ്ര ആഭ്യന്ത്രമന്ത്രാലയം

ബിജെപി എം‌എൽ‌എമാർക്ക് സംസ്ഥാനത്ത്‌ ഭീഷണി നേരിടേണ്ടി വരുന്നുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.

11 May 2021 1:27 AM GMT

ബംഗാളില്‍ മുഴുവന്‍ ബിജെപി എംഎല്‍എമാര്‍ക്കും സായുധ കമാന്റോ സുരക്ഷ നല്‍കി കേന്ദ്ര ആഭ്യന്ത്രമന്ത്രാലയം
X

പശ്ചിമ ബംഗാളിലെ 77 ബിജെപി എം‌എൽ‌എമാർക്കും കേന്ദ്ര സുരക്ഷാസേനയുടെ സംരക്ഷണം നൽകാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ബിജെപി എം‌എൽ‌എമാർക്ക് സംസ്ഥാനത്ത്‌ ഭീഷണി നേരിടേണ്ടി വരുന്നുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. കേന്ദ്ര സുരക്ഷാ ഏജൻസികൾ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഈ ഉത്തരവ്.

പുതുതായി തെരഞ്ഞെടുക്കപ്പെട്ട ബിജെപിയുടെ 77 നിയമസഭാംഗങ്ങൾക്കും സി‌ഐ‌എസ്‌എഫിന്റെയും സി‌ആർ‌പി‌എഫിന്റെയും സായുധ കമാൻഡോകളുടെ സുരക്ഷ നൽകണമെന്നാണ് റിപ്പോർട്ട് ആവശ്യപ്പെട്ടതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിക്കുന്നു. കേന്ദ്ര സുരക്ഷാ ഏജൻസികൾ തയ്യാറാക്കിയ ഈ റിപ്പോർട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകരിക്കുകയായിരുന്നു.

പശ്ചിമ ബംഗാളിലെ വോട്ടെടുപ്പിന് ശേഷം ബിജെപി പാർട്ടി പ്രവർത്തകർക്ക് നേരെ നിരവധി അക്രമങ്ങളാണ് ഉണ്ടായതെന്ന ആരോപണം ഉയർന്നിരുന്നു. ഇതേ തുടർന്ന് കേന്ദ്രം വിഷയത്തിൽ വിശദാന്വേഷണം നടത്താൻ കേന്ദ്ര സുരക്ഷാ ഏജൻസികളെ സംസ്ഥാനത്തേക്ക് അയച്ചിരുന്നു.

അറുപത്തിയൊന്ന് എം‌എൽ‌എമാരെയാണ് ‘എക്സ്’ വിഭാഗത്തിൽ ഉൾപ്പെടുത്തുക. ഇവർക്ക് സുരക്ഷ നൽകുന്നതിനായ് സിഐ‌എസ്‌എഫിൽ നിന്നാണ് കമാൻഡോകളെ നിയോഗിക്കുക. ബാക്കിയുള്ള എംഎൽഎമാർ ഉയർന്ന സുരക്ഷാ വിഭാഗമായ ‘വൈ’ യിലാകും. ബംഗാളിലെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി നിലവിൽ ‘സെഡ് ‘വിഭാഗത്തിന്റെ സുരക്ഷയിലാണ്.

മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിൽ തൃണമൂൽ കോൺഗ്രസ്സ് ആണ് പശ്ചിമ ബംഗാളിൽ സർക്കാർ രൂപീകരിച്ചിട്ടുള്ളത്. ഈ തെരഞ്ഞെടുപ്പിൽ 77 സീറ്റുകൾ നേടിയ ബിജെപിയാണ് സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷ പാർട്ടി.

Popular Stories

    Next Story