യുപി പോലിസിന്റെ വാദം പൊളിയുന്നു; ഹാത്രസ് പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് അലിഗഢ് ഹോസ്പിറ്റലിന്റെ റിപ്പോര്‍ട്ട്
പ്രതികള്‍ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ ശരീരത്തില്‍ ബീജത്തിന്റെ അംശം കണ്ടെത്താന്‍ കഴിയില്ലെന്നും കുറ്റകൃത്യത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെങ്കില്‍ പ്രതികള്‍ അത്തരം മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടാകാമെന്നുമാണ് ഡോക്ടര്‍മാരുടെ നിഗമനം

ദില്ലി: ഹാത്രസിലെ ദളിത് പെണ്‍കുട്ടി ബലാല്‍സംഗത്തിന് ഇരയായിട്ടില്ലെന്ന യുപി പൊലിസിന്റെ വാദം തള്ളി ജവഹര്‍ലാല്‍ നെഹ്റു മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍ (ജെഎന്എംസിഎച്ച്) തയ്യാറാക്കിയ മെഡിക്കല്‍-ലീഗല്‍ എക്സാമിനേഷന് റിപ്പോര്‍ട്ട്. പെണ്‍കുട്ടിയെ ആദ്യമെത്തിച്ച ജവഹര്‍ലാല്‍ നെഹ്റു മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ നടത്തിയ പ്രാഥമിക പരിശോധനയിലാണ് ബലാത്സംഗത്തിന്റെയും ബലപ്രയോഗത്തിന്റെയും സൂചനയുണ്ടെന്ന് കണ്ടെത്തിയത്.
എന്നാല്‍ സെപ്റ്റംബര്‍ 14ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടി പരിശോധനയ്ക്ക് വിധേയയാകുന്നത് എട്ട് ദിവസങ്ങള്‍ക്ക് ശേഷമാണ്. പെണ്‍കുട്ടി പീഢനവിവരം ഡോക്ടര്‍മാരെ അറിയിക്കുന്നത് സെപ്റ്റംബര്‍ 22നായതിനാലാണ് പരിശോധന വൈകിയതെന്നും അബോധാവസ്ഥയില്‍ ആയതിനാലായിരിക്കാം ഇക്കാര്യം പുറത്തുപറയാന്‍ വൈകിയതെന്നുമാണ് ഡോക്ടര്‍മാരുടെ നിഗമനം. അന്നുതന്നെ നടത്തിയ പ്രാഥമിക പരിശോധനയിലാണ് ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന് റിപ്പോര്‍ട്ട് നല്‍കിയത്. മെഡിക്കല്‍ എക്സാമിനറായ ഫൈസ് അഹമ്മദാണ് പെണ്‍കുട്ടിയെ പരിശോധിച്ചത്.
പ്രതികള്‍ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ ശരീരത്തില്‍ ബീജത്തിന്റെ അംശം കണ്ടെത്താന്‍ കഴിയില്ലെന്നും കുറ്റകൃത്യത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെങ്കില്‍ പ്രതികള്‍ അത്തരം മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടാകാമെന്നുമാണ് ഡോക്ടര്‍മാരുടെ നിഗമനം. ഇനിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുകൊണ്ടുവരേണ്ടത് പൊലിസാണെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടി.
ലൈംഗികാതിക്രമത്തിന് ഇരയായവരുടെ വൈദ്യപരിശോധനയ്ക്കുള്ള കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാനദണ്ഡം അനുസരിച്ച്, ഡോക്ടര്‍മാര്‍ പ്രാഥമിക പരിശോധനയിലൂടെ ഒരു ലൈംഗിക കുറ്റകൃത്യം നടന്നിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കരുതെന്ന് വ്യവസ്ഥയുണ്ട്, അതിനാല്‍ കൂടുതല്‍ പരിശോധനകള്‍ക്കായി ആഗ്രയിലെ സംസ്ഥാന സര്‍ക്കാരിന്റെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്ക് കേസ് റഫര്‍ ചെയ്യുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.