Top

‘രണ്ട് ദിവസമായി കേരളത്തില്‍ ഉണ്ടായിരുന്നു; ക്ഷണിച്ചിട്ടില്ല’; കൂടെനിന്നവര്‍ക്ക് നന്ദിയെന്ന് കെസി

ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനത്തിന് ക്ഷണിച്ചില്ലെന്ന വിവാദത്തില്‍ പ്രതികരിച്ച് കെസി വേണുഗാപാല്‍ എംപി. കഴിഞ്ഞ രണ്ട് ദിവസമായി ബൈപാസ് ഉദ്ഘാടന പരിപാടിയില്‍ കൂടി പങ്കെടുക്കാവുന്ന തരത്തില്‍ കേരളത്തില്‍ ഉണ്ടായിരുന്നിട്ടും ഉത്തരവാദിത്വപ്പെട്ട ആരും ക്ഷണിക്കുകയോ കത്ത് നല്‍കുകയോ ചെയ്തിട്ടില്ലെന്നാണ് കെസിയുടെ പ്രതികരണം. 2009 ല്‍ ആലപ്പുഴ പാര്‍ലമെന്റിലേക്ക് മത്സരിക്കുമ്പോള്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിലടക്കം ബൈപാസ് എന്ന സ്വപ്നം ഞാന്‍ പങ്കു വെച്ചു തുടങ്ങിയിരുന്നു. എന്തിരുന്നാലും എല്ലാ ആലപ്പുഴക്കാരെ പോലെ ഞാനും ഈ ആഹ്‌ളാദത്തില്‍ പങ്കുചേരുന്നുവെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. കെസി വേണുഗാപാലിന്റെ […]

28 Jan 2021 1:48 AM GMT

‘രണ്ട് ദിവസമായി കേരളത്തില്‍ ഉണ്ടായിരുന്നു; ക്ഷണിച്ചിട്ടില്ല’; കൂടെനിന്നവര്‍ക്ക് നന്ദിയെന്ന് കെസി
X

ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനത്തിന് ക്ഷണിച്ചില്ലെന്ന വിവാദത്തില്‍ പ്രതികരിച്ച് കെസി വേണുഗാപാല്‍ എംപി. കഴിഞ്ഞ രണ്ട് ദിവസമായി ബൈപാസ് ഉദ്ഘാടന പരിപാടിയില്‍ കൂടി പങ്കെടുക്കാവുന്ന തരത്തില്‍ കേരളത്തില്‍ ഉണ്ടായിരുന്നിട്ടും ഉത്തരവാദിത്വപ്പെട്ട ആരും ക്ഷണിക്കുകയോ കത്ത് നല്‍കുകയോ ചെയ്തിട്ടില്ലെന്നാണ് കെസിയുടെ പ്രതികരണം. 2009 ല്‍ ആലപ്പുഴ പാര്‍ലമെന്റിലേക്ക് മത്സരിക്കുമ്പോള്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിലടക്കം ബൈപാസ് എന്ന സ്വപ്നം ഞാന്‍ പങ്കു വെച്ചു തുടങ്ങിയിരുന്നു. എന്തിരുന്നാലും എല്ലാ ആലപ്പുഴക്കാരെ പോലെ ഞാനും ഈ ആഹ്‌ളാദത്തില്‍ പങ്കുചേരുന്നുവെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

കെസി വേണുഗാപാലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം,

‘ആലപ്പുഴയോട് എനിക്കുള്ള സ്‌നേഹവും കടപ്പാടും അവസരം കിട്ടുമ്പോഴൊക്കെ ഞാന്‍ തുറന്നു പറഞ്ഞിട്ടുണ്ട്. എന്നിലെ പൊതു പ്രവര്‍ത്തകന് പാര്‍ലമെന്ററി പ്രവര്‍ത്തനത്തിന് ആദ്യമായി അവസരം തന്നത് ഈ മണ്ണാണ്. 13 വര്‍ഷക്കാലം ആലപ്പുഴയുടെ എം.എല്‍.എ ആയിരിക്കാനും പിന്നീട് പത്തുവര്‍ഷം ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കാനും എനിക്ക് അവസരം ഉണ്ടായി. 2009 ല്‍ ആലപ്പുഴ പാര്‍ലമെന്റിലേക്ക് മത്സരിക്കുമ്പോള്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിലടക്കം ബൈപാസ് എന്ന സ്വപ്നം ഞാന്‍ പങ്കു വെച്ചു തുടങ്ങി. 1987 ല്‍ ആരംഭിച്ച് ആമയിഴയും വേഗത്തിലുള്ള നമ്മുടെ വികസനത്തിന്റെ ഉദാഹരണമായി കൊമ്മാടിയിലെ തുരുമ്പിച്ച ബോര്‍ഡും ശ്രീ.വി.എം.സുധീരന്‍ എം.പി ആയിരുന്നപ്പോള്‍ നിര്‍മ്മിച്ച അപ്രോച്ച് റോഡുകളും കിടന്നു. എം.പി. ആയ ആദ്യ ദിനങ്ങളില്‍ തന്നെ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടപ്പോഴാണ് ആലപ്പുഴ ബൈപാസ് ഒരു മരീചീക ആയി അവശേഷിക്കുന്നതിന്റെ യഥാര്‍ത്ഥ കാരണം ബോധ്യപ്പെട്ടത്. ചേര്‍ത്തല – ഓച്ചിറ നാലു വരി പാത വികസനത്തിന്റെ ഭാഗമായാണ് ആലപ്പുഴ ബൈപാസും ഉള്‍പ്പെടുത്തിയിരുന്നത്. ഇതിനെ ഒരു പ്രത്യേക പദ്ധതി ആക്കിയില്ലെങ്കില്‍ നാലുവരി പാതയുടെ സ്ഥലമെടുപ്പിന് കേരളത്തില്‍ ഉണ്ടാകാവുന്ന പ്രതിസന്ധി ബൈപാസ് എന്ന നമ്മുടെ സ്വപ്നത്തിന് വിലങ്ങു തടിയാകും എന്ന തിരിച്ചറിവാണ് യു.പി.എ അദ്ധ്യക്ഷ ശ്രീമതി സോണിയ ഗാന്ധിയുടെ നിര്‍ദേശാനുസരണം ബഹു.പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, ഉപരിതല ഗതാഗത വകുപ്പ് മന്ത്രി ശ്രീ.കമല്‍നാഥ് എന്നിവരുടെ കൂടി പങ്കാളിത്തമുള്ള ഒരു നിര്‍ണ്ണായക യോഗമാണ് ആലപ്പുഴ ബൈപാസിനെ ഒരു പ്രത്യേക പദ്ധതി ആക്കാന്‍ തീരുമാനിച്ചത്. 2010 ഡിസംബര്‍ 9 ന് ശ്രീ.കമല്‍നാഥ് ഇതിന് ഭരണാനുമതി നല്‍കി. പിന്നെയും ഉണ്ടായിരുന്നു കടമ്പകള്‍ . കേന്ദ്രം നിര്‍മ്മിച്ചാല്‍ ബിഒടി വ്യവസ്ഥയില്‍ വലിയ ടോള്‍ ഏര്‍പ്പെടുത്തേണ്ടി വരും എന്നത് വലിയ പ്രായോഗിക പ്രശ്‌നമായിരുന്നു. കേരളത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും ധനകാര്യ വകുപ്പ് മന്ത്രി ശ്രീ.കെ.എം.മാണിയെയും ഞാന്‍ ഇതിന്റെ പ്രാധാന്യവും പ്രായോഗിക പ്രശ്‌നങ്ങളും പറഞ് മനസിലാക്കി. പദ്ധതിച്ചിലവ് ഭീമമായതിനാല്‍ നിര്‍മ്മാണത്തിനാവശ്യമായ പകുതിതുക സംസ്ഥാനം കൂടി വഹിക്കണമെന്ന അഭ്യര്‍ത്ഥന നടത്തി. അവര്‍ തുറന്ന മനസോടെ ഇതിനെ സമീപിച്ചപ്പോള്‍ ഇന്ത്യയില്‍ ആദ്യമായി സംസ്ഥാന സര്‍ക്കാരിന്റെ പങ്കാളിത്തത്തോടെ ദേശീയ പാതയിലെ ബൈപാസ് എന്ന ആശയം പിറവി കൊണ്ടു.. ബീച്ചിന്റെ മനോഹാരിത നഷ്ടപ്പെടുത്താതെ രണ്ട് റെയില്‍വേ ഓവര്‍ ബ്രിഡ്ജുകള്‍ ചേര്‍ന്ന എലവേറ്റഡ് ഹൈവേ എന്ന ആശയം അവതരിപ്പിച്ചപ്പോള്‍ സമൂഹ മാധ്യമങ്ങളിലും, രാഷ്ട്രീയമായും കടുത്ത എതിര്‍പ്പും വിമര്‍ശനവും ഏറ്റുവാങ്ങി. ഇന്ത്യന്‍ പ്രധാനമന്ത്രി തൊട്ട് റെയില്‍വേയിലെ ക്ലര്‍ക്കിനെ വരെ ഞാന്‍ ഈ ബൈപാസുമായി ബന്ധപ്പെട്ട് വിളിച്ചിട്ടുണ്ട് കണ്ടിട്ടുണ്ട്. എപ്പോഴൊക്കെ തടസ്സങ്ങള്‍ ഉണ്ടായോ അപ്പോഴൊക്കെയും ഇടപെടല്‍ നടത്തുകയും, അധികാരികളെ ഇടപെടീക്കുകയും ചെയ്തിട്ടുണ്ട്. 2019 ല്‍ ഞാന്‍ എം.പി.സ്ഥാനത്തു നിന്നും മാറുമ്പോള്‍ 90% പ്രവര്‍ത്തികള്‍ പൂര്‍ത്തികരിച്ചിട്ടുണ്ട് എന്ന് ബഹു.പൊതുമരാമത്ത് മന്ത്രി നിയമസഭയില്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. 2014 ല്‍ ഞാന്‍ തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ ഇടതു പക്ഷം പൂര്‍ത്തിയാകാത്ത ബൈപാസ് ആയിരുന്നു തെരഞെടുപ്പ് പ്രചരണ ആയുധമായി എനിക്കെതിരേ ഉപയോഗിച്ചത്. ഇന്ന് എല്ലാ കടമ്പകളും കടന്ന് ആലപ്പുഴക്കാരുടെ സ്വപ്ന സാക്ഷാത്ക്കാരത്തിന്റെ നിമിഷത്തിലേക്ക് നാം കടന്നു ചെല്ലുന്നു. ഒരു പൊതു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഞാന്‍ ഏറ്റെടുത്ത ഏറ്റവും വലിയ വെല്ലുവിളി ആണ് ആലപ്പുഴ ബൈപാസിന്റെ പൂര്‍ത്തീകരണം. അത് വൈകിയെങ്കിലും തുറക്കുന്ന നിമിഷം എന്നെ സംബന്ധിച്ച് അഭിമാനവും ചാരിതാര്‍ത്ഥ്യവുമുള്ളതാണ്. കഴിഞ്ഞ രണ്ട് ദിവസമായി ബൈപാസ് ഉദ്ഘാടന പരിപാടിയില്‍ കൂടി പങ്കെടുക്കാവുന്ന തരത്തില്‍ ഞാന്‍ കേരളത്തില്‍ ഉണ്ടായിരുന്നു. ക്ഷണിതാക്കളുടെ കൂട്ടത്തില്‍ പരിപാടിയില്‍ ഉള്‍പ്പെടുത്തിയതായി പത്രത്തില്‍ കണ്ടു എങ്കിലും ഉത്തരവാദിത്വപ്പെട്ട ആരും ക്ഷണിക്കുകയോ കത്ത് നല്‍കുകയോ ചെയ്തിട്ടില്ല. എന്തായാലും എല്ലാ ആലപ്പുഴക്കാരെ പോലെ ഞാനും ഈ ആഹ്‌ളാദത്തില്‍ പങ്കുചേരുന്നു. ആറുവരിയില്‍ ബൈപാസ് വികസിപ്പിക്കുന്നതിനും, ദേശീയ പാത വികസനത്തിനും പാര്‍ലമെന്റിലെ ഗതാഗത സ്ഥിരം സമിതി അംഗം എന്ന നിലയില്‍ ഞാന്‍ ഇനിയുമേറേ കഠിനാധ്വാനം ചെയ്യും. പൊതു ജീവിതത്തിലെ ഏറ്റവും അനര്‍ഘ നിമിഷത്തിലൂടെയാണ് ഇന്ന് ഞാന്‍ കടന്നു പോകുന്നത്. ഈ സ്വപ്നം പങ്കുവെച്ച, ഏറെ പ്രതിസന്ധികള്‍ ഉണ്ടായപ്പോഴും അതെല്ലാം മറികടക്കാന്‍ കൂടെ നിന്ന, ബൈപാസ് പൂര്‍ത്തിയാക്കാന്‍ പ്രയത്‌നിച്ച എല്ലാവര്‍ക്കും നന്ദി.’

Next Story