
ഗാസ: പാലസ്തീനിലെ ഗാസയിൽ മാധ്യമ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിന് നേരെ ഇസ്രായേൽ ബോബാക്രണം. ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽജസീറ, അസോസിയേറ്റഡ് പ്രസ് എന്നീ സ്ഥാപനങ്ങളുടെ ഓഫീസ് അടങ്ങുന്ന കെട്ടിടത്തിന് നേരെയാണ് ആക്രമണം നടന്നിരിക്കുന്നത്. നേരത്തെ കെട്ടിടത്തിൽ നിന്ന് ഒഴിഞ്ഞുപോകാൻ ഇരു സ്ഥാപനങ്ങളോടും ഇസ്രായേൽ ആവശ്യപ്പെട്ടിരുന്നു. ആക്രമണത്തിൽ ആളപായമുണ്ടായതായി വ്യക്തമല്ല. മാധ്യമ സ്ഥാപനങ്ങൾക്കും പ്രവർത്തകർക്കും നേരെ നടക്കുന്ന ആക്രമണങ്ങൾ യുദ്ധ കുറ്റകൃത്യങ്ങളാണെന്ന് എത്തിക്കൽ ജേർണലിസം നെറ്റ്വർക്ക് ചൂണ്ടിക്കാണിച്ചു.
അതേസമയം സംഘർഷം അതിരൂക്ഷമായി തുടരവെ ഇസ്രായേലിന്റെ അതിർത്തി രാജ്യങ്ങളിൽ പ്രതിഷേധം ശക്തമാവുകയാണ്. പാലസ്തീൻ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ലെബനനിൽ നിന്നും വൻ ജനാവലി അതിർത്തിയിലേക്ക് എത്താനിരിക്കുന്നു എന്നാണ് പശ്ചിമേഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നഹർ അൽ ബാരെദ് ക്യാമ്പിൽ നിന്നും ലെബനീസ്-പാലസ്തീൻ ബേർഡറിലേക്ക് ബസുകളിലാണ് പ്രതിഷേധക്കാർ പുറപ്പെട്ടിരിക്കുന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം ഇസ്രായേൽ അതിർത്തി കടക്കാൻ ശ്രമിച്ച ഒരു ലെബനീസ് യുവാക്കൾക്ക് നേരെ വെടിവെപ്പ് നടന്നിരുന്നു. ഇവരിൽ ഒരാൾ കൊല്ലപ്പെടുകയും ചെയ്തു. കൊല്ലപ്പെട്ടത് തങ്ങളുടെ അംഗമാണെന്ന് അന്താരാഷ്ട്ര ഭീകര പട്ടികയിലുള്ള ലെബനനിലെ ഹിസ്ബൊള്ള സംഘം അറിയിച്ചിരുന്നു.ഗാസയിലേക്കുള്ള ഇസ്രായേൽ സൈനിക ആക്രമണത്തിൽ നിന്നും നിലവിൽ പിൻമാറില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നിലപാട്.
‘ അവർ ഞങ്ങളുടെ തലസ്ഥാനത്തെ ആക്രമിച്ചു. ഞങ്ങളുടെ നഗരങ്ങളിലേക്ക് റോക്കറ്റാക്രമണം നടത്തി. അവരതിന് ശിക്ഷ അനുഭവിക്കുകയാണ്. അത് തുടരും,’ തെൽ അവീവിലെ സൈനിക ആസ്ഥാനത്ത് നടന്ന സുരക്ഷാ കൂടിക്കാഴ്ചയിൽ നെതന്യാഹു പറഞ്ഞു. ‘ ഇത് അവസാനിച്ചിട്ടില്ല’ നെതന്യാഹു പറഞ്ഞു.
സമാന പ്രതികരണമാണ് നെതന്യാഹുവിന്റെ മുതിർന്ന ഉപദേഷ്ടാവായ മാർക് റെഗവ് ബിബിസിയോട് നടത്തിയത്. സംയമനം പാലിക്കാനുള്ള അന്തരാഷ്ട്ര സന്ദേശം തെറ്റായ സമയത്താണെന്ന് മാർക് റെഗവ് ചൂണ്ടിക്കാണിച്ചു. ലോക രാജ്യങ്ങളിൽ നിന്ന് ഇസ്രായേലിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്. കൂടുതൽ ആക്രമണങ്ങൾ നടത്തിയാൽ ഇത് ശക്തമാകും. നിലവിൽ നിരവധി കുട്ടികൾ ഉൾപ്പെടെ 150ലേറെ മരണങ്ങളാണ് ഇസ്രായേൽ ആക്രമണത്തിന് ശേഷം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.