Top

മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് കര്‍ണി സേന; അക്ഷയ് കുമാറിന്റെ ‘ലക്ഷ്മി ബോംബി’ല്‍ നിന്ന് ‘ബോംബ്’ നീക്കുന്നു

അക്ഷയ് കുമാര്‍, കിയാര അധ്വാനി എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്നുന്ന ചിത്രം അടുത്തമാസം പുറത്തുവരാനിരിക്കുമ്പോഴാണ് പുതിയ പ്രഖ്യാപനം.

29 Oct 2020 9:41 AM GMT
ഫിൽമി റിപ്പോർട്ടർ

മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് കര്‍ണി സേന; അക്ഷയ് കുമാറിന്റെ ‘ലക്ഷ്മി ബോംബി’ല്‍ നിന്ന് ‘ബോംബ്’ നീക്കുന്നു
X

തുടര്‍ച്ചയായ വിവാദങ്ങള്‍ക്കൊടുവില്‍ അക്ഷയ്കുമാര്‍ ചിത്രം ‘ലക്ഷ്മി ബോംബി’ന്റെ പേര് മാറുന്നു. ചിത്രത്തിന്റെ പേര് ഹിന്ദു ദൈവമായ ലക്ഷ്മി ദേവിയെ അപമാനിക്കുന്നതാണെന്നാരോപിച്ച് ശ്രീ രജ്പുത് കര്‍ണിസേന അയച്ച വക്കീല്‍ നോട്ടീസയച്ചതിന്റെ തുടര്‍ന്നാണ്‌ ‘ലക്ഷ്മി ബോംബി’ല്‍ നിന്ന് ‘ബോംബ്’ മാറ്റാന്‍ അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്. ചലചിത്രനിരീക്ഷകന്‍ തരണ്‍ ആദര്‍ശ് ട്വിറ്ററിലുടെയാണ് പേരുമാറ്റത്തിന്റെ വാര്‍ത്ത പുറത്തുവിട്ടത്.

അഭിഭാഷകനായ രാഘവേന്ദ്ര മെഹ്‌റോത്ര അയച്ച നോട്ടീസില്‍ ചിത്രം ഹിന്ദു ദൈവത്തിന്റെ പേരിനെ അപമാനിക്കുന്നുവെന്നും അതുവഴി ഹിന്ദുക്കളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നു എന്നും ആരോപിക്കുന്നു. ‘ലക്ഷ്മി ബോംബ്’ എന്ന പേര് ഹിന്ദു സമൂഹത്തെക്കുറിച്ച് തെറ്റായ സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നത്‌. അതിനാല്‍ ചിത്രത്തിന്റെ പേര് മാറ്റണമെന്നും കര്‍ണി സേന ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് പേരുമാറ്റമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിനെതിരെ സമാനരീതിയില്‍ ഹിന്ദുസംഘടനകളുടെ ഭാഗത്ത് നിന്ന് പ്രതിഷേധമുയര്‍ന്നിരുന്നു. ട്വിറ്ററില്‍ ചിത്രം ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് കാംപയിനടക്കം ശക്തമായിരുന്നു.

അക്ഷയ് കുമാര്‍, കിയാര അധ്വാനി എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്നുന്ന ചിത്രം അടുത്തമാസം പുറത്തുവരാനിരിക്കുമ്പോഴാണ് പുതിയ പ്രഖ്യാപനം. തമിഴ് നടനും സംവിധായകനുമായ രാഘവ ലോറന്‍സാണ് ചിത്രം സംവിധാനം ചെയ്തത്. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലുടെ നവംബര്‍ ഒമ്പതിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. തുഷാര്‍ കപൂര്‍, ഷരദ് കേല്‍ക്കര്‍, തരുണ്‍ അറോറ, അശ്വിനി കല്‍സേക്കര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.തമിഴ് ഹൊറര്‍ കോമഡി ചിത്രം ‘കാഞ്ചന’യുടെ റീമേക്കാണ് ചിത്രം.

Next Story