Top

‘കേരള എന്‍സിപി’യെ ശക്തിപ്പെടുത്താന്‍ ഒരുങ്ങി ശശീന്ദ്രന്‍ വിഭാഗം; പുതിയ പാര്‍ട്ടിയെന്ന് സൂചന

പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് പികെ രാജനെ പ്രസിഡന്റാക്കി പുതിയ പാര്‍ട്ടി രൂപീകരിക്കാനാണ് എകെ ശശീന്ദ്രന്‍ വിഭാഗത്തിന്റെ നീക്കം.

2 Jan 2021 8:09 PM GMT

‘കേരള എന്‍സിപി’യെ ശക്തിപ്പെടുത്താന്‍ ഒരുങ്ങി ശശീന്ദ്രന്‍ വിഭാഗം; പുതിയ പാര്‍ട്ടിയെന്ന് സൂചന
X

തിരുവനന്തപുരം: കേരള എന്‍സിപിയെ ശക്തിപ്പെടുത്താനുള്ള നടപടികള്‍ക്കൊരുങ്ങി പാര്‍ട്ടി നേതാവും ഗതാഗത മന്ത്രിയുമായ എകെ ശശീന്ദ്രന്‍. പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് പികെ രാജനെ പ്രസിഡന്റാക്കി പുതിയ പാര്‍ട്ടി രൂപീകരിക്കാനാണ് എകെ ശശീന്ദ്രന്‍ വിഭാഗത്തിന്റെ നീക്കം.

എകെ ശശീന്ദ്രന്റെ സീറ്റായ എലത്തൂരും കുട്ടനാടും ഇടത് മുന്നണി നല്‍കുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടിയിലെ ശശീന്ദ്രന്‍ വിഭാഗം ഇപ്പോഴുള്ളത്. അതുകൊണ്ട് അന്തരിച്ച തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ തോമസും ശശീന്ദ്രന്‍ വിഭാഗത്തിനൊപ്പമാണ്. അവിടെ സീറ്റ് ലഭിച്ചാല്‍ തോമസ് കെ തോമസിനെ നിര്‍ത്താനാണ് സാധ്യത. മാത്രമല്ല, ജില്ലാ കമ്മിറ്റികളെ ഒപ്പം നിര്‍ത്താന്‍ യോഗം വിളിക്കാന്‍ ഒരുങ്ങുകയാണ് ഇരു വിഭാഗങ്ങളും.

പാലാ സീറ്റിനെച്ചൊല്ലി എന്‍സിപി നേതാക്കള്‍ തമ്മില്‍ തുറന്ന വാക്പോരിനിടെയാണ് ശശീന്ദ്രന്‍ വിഭാഗത്തിന്റെ നീക്കം. പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് ആവര്‍ത്തിക്കുന്നതിനിടെ എകെ ശശീന്ദ്രന്‍ നടത്തിയ പ്രതികരണവും അതിന് മാണി സി കാപ്പന്‍ നല്‍കിയ മറുപടിയുമാണ് വീണ്ടും പിളര്‍പ്പ് ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരിക്കുന്നത്. പാലാ സീറ്റ് ഒരു കാരണവശാലും വിട്ടുകൊടുക്കില്ലെന്ന നിലപാട് കാപ്പന്‍ ആവര്‍ത്തിച്ചിരുന്നു. വഴിയേ പോകുന്നവര്‍ക്ക് പാലാ സീറ്റ് ചോദിക്കാന്‍ എന്തവകാശമെന്ന് മാണി സി കാപ്പന്‍ ചോദിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റു നില്‍ക്കുന്ന ജോസ് കെ മാണിക്ക് പാലാ ചോദിക്കാന്‍ അവകാശമില്ലെന്നും പാലാ എംഎല്‍എ പറയുകയുണ്ടായി.

മുന്നണിയില്‍ വിട്ടുവീഴ്ച ചെയ്യേണ്ടി വരുമെന്നു മന്ത്രി എ കെ ശശീന്ദ്രന്റെ പ്രതികരണത്തിന് മറുപടിയായി പാലാ സീറ്റ് സംബന്ധിച്ചു ചര്‍ച്ചകളൊന്നും മുന്നണിയില്‍ നടന്നിട്ടില്ലെന്നും അതുകൊണ്ടുതന്നെ സീറ്റു സംബന്ധിച്ചു വാര്‍ത്തകള്‍ക്കു പ്രസക്തി ഇല്ലെന്നുമായിരുന്നു കാപ്പന്റെ പ്രതികരണം. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ എന്‍സിപിക്ക് അര്‍ഹമായ പരിഗണന നല്‍കിയിട്ടില്ലെന്ന പരാതിയില്‍ ഉറച്ചു നില്‍ക്കുന്നതായും കാപ്പന്‍ ആവര്‍ത്തിച്ചിരുന്നു.

അതേയമയം എന്‍സിപി ഇടത് മുന്നണി വിടുന്നത് സംബന്ധിച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നാണ് മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു. മാണി സി കാപ്പന്‍ പാലാ സീറ്റുമായി ബന്ധപ്പെട്ട് പ്രസ്താവന നടത്തിയിട്ടുണ്ട്. എന്നാല്‍ അതിന്റെ പേരില്‍ മുന്നണി വിടേണ്ട സ്ഥിതിയൊന്നുമില്ലെന്നും എകെ ശശീന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.

Next Story