Top

‘കോണ്‍ഗ്രസ് എസില്‍ ചേരുമെന്നുള്ളത് ഭാവനാസൃഷ്ടി മാത്രം’; എന്‍സിപി 40 വര്‍ഷമായി ഇടത് മുന്നണിക്കൊപ്പം നില്‍ക്കുന്ന പാര്‍ട്ടിയെന്ന് എകെ ശശീന്ദ്രന്‍

എന്‍സിപിയെ കുറിച്ച് പുറത്ത് വരുന്ന വാര്‍ത്തകള്‍ തീര്‍ത്തും അടിസ്ഥാന രഹിതമാണെന്നും ശശീന്ദ്രന്‍ വ്യക്തമാക്കി.

2 Jan 2021 10:58 PM GMT

‘കോണ്‍ഗ്രസ് എസില്‍ ചേരുമെന്നുള്ളത് ഭാവനാസൃഷ്ടി മാത്രം’; എന്‍സിപി 40 വര്‍ഷമായി ഇടത് മുന്നണിക്കൊപ്പം നില്‍ക്കുന്ന പാര്‍ട്ടിയെന്ന് എകെ ശശീന്ദ്രന്‍
X

തിരുവനന്തപുരം: താന്‍ കോണ്‍ഗ്രസ് എസില്‍ ചേരുമെന്നുളളത് ഭാവനാ സൃഷ്ടി മാത്രമെന്ന് എന്‍സിപി നേതാവും ഗതാഗത മന്ത്രിയുമായ എകെ ശശീന്ദ്രന്‍. എന്‍സിപിയെ കുറിച്ച് പുറത്ത് വരുന്ന വാര്‍ത്തകള്‍ തീര്‍ത്തും അടിസ്ഥാന രഹിതമാണ്‌. എന്‍സിപി 40 വര്‍ഷമായി ഇടത് മുന്നണിയ്‌ക്കൊപ്പം നില്‍ക്കുന്ന പാര്‍ട്ടിയാണെന്നും ശശീന്ദ്രന്‍ പറഞ്ഞു.

എന്‍സിപി 40 വര്‍ഷമായി ഇടത് മുന്നണിയ്‌ക്കൊപ്പം നില്‍ക്കുന്ന പാര്‍ട്ടിയാണ്. മുന്നണി വിടേണ്ട സാഹചര്യം പാര്‍ട്ടിക്ക് ഉണ്ടായിട്ടില്ല. കഴിഞ്ഞ തവണ മത്സരിച്ച എല്ലാ സീറ്റിലും എന്‍സിപി തന്നെ മത്സരിക്കും. അതില്‍ സംശയമില്ല. മുന്നണിമാറ്റം ചര്‍ച്ച ചെയ്യാനുള്ള രാഷ്ട്രീയ സാഹചര്യം ഉണ്ടായിട്ടില്ല. ഇപ്പോള്‍ ഉയര്‍ന്ന് കൊണ്ടിരിക്കുന്ന‌ പ്രചാരണങ്ങള്‍ അണികളെ ആശയക്കുഴപ്പത്തിലാക്കാനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരള എന്‍സിപിയെ ശക്തിപ്പെടുത്താനായി ശശീന്ദ്രന്റെ നേതൃത്വത്തില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചേക്കും എന്ന വാര്‍ത്തകള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് പികെ രാജനെ പ്രസിഡന്റാക്കി പുതിയ പാര്‍ട്ടി രൂപീകരിക്കാനാണ് എകെ ശശീന്ദ്രന്‍ വിഭാഗത്തിന്റെ നീക്കമെന്നായിരുന്നു അഭ്യൂഹങ്ങള്‍.

പാലാ സീറ്റിനെച്ചൊല്ലി എന്‍സിപി നേതാക്കള്‍ തമ്മില്‍ തുറന്ന വാക്‌പോരിനിടെയാണ് അഭ്യഹങ്ങള്‍ ഉയര്‍ന്നത്. പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് ആവര്‍ത്തിക്കുന്നതിനിടെ എകെ ശശീന്ദ്രന്‍ നടത്തിയ പ്രതികരണവും അതിന് മാണി സി കാപ്പന്‍ നല്‍കിയ മറുപടിയും പിളര്‍പ്പ് ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരുന്നു. പാലാ സീറ്റ് ഒരു കാരണവശാലും വിട്ടുകൊടുക്കില്ലെന്ന നിലപാട് കാപ്പന്‍ ആവര്‍ത്തിച്ചിരുന്നു. വഴിയേ പോകുന്നവര്‍ക്ക് പാലാ സീറ്റ് ചോദിക്കാന്‍ എന്തവകാശമെന്ന് മാണി സി കാപ്പന്‍ ചോദിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റു നില്‍ക്കുന്ന ജോസ് കെ മാണിക്ക് പാലാ ചോദിക്കാന്‍ അവകാശമില്ലെന്നും പാലാ എംഎല്‍എ പറയുകയുണ്ടായി.

മുന്നണിയില്‍ വിട്ടുവീഴ്ച ചെയ്യേണ്ടി വരുമെന്നു മന്ത്രി എ കെ ശശീന്ദ്രന്റെ പ്രതികരണത്തിന് മറുപടിയായി പാലാ സീറ്റ് സംബന്ധിച്ചു ചര്‍ച്ചകളൊന്നും മുന്നണിയില്‍ നടന്നിട്ടില്ലെന്നും അതുകൊണ്ടുതന്നെ സീറ്റു സംബന്ധിച്ചു വാര്‍ത്തകള്‍ക്കു പ്രസക്തി ഇല്ലെന്നുമായിരുന്നു കാപ്പന്റെ പ്രതികരണം. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ എന്‍സിപിക്ക് അര്‍ഹമായ പരിഗണന നല്‍കിയിട്ടില്ലെന്ന പരാതിയില്‍ ഉറച്ചു നില്‍ക്കുന്നതായും കാപ്പന്‍ ആവര്‍ത്തിച്ചിരുന്നു.

Popular Stories

    Next Story