Top

‘ഒക്ടോബര്‍ 24നുശേഷം പട്ടയഭൂമികളില്‍ പലതും നടന്നതായി കളക്ടര്‍മാര്‍ പറഞ്ഞിരുന്നു’; ഉത്തരവ് സദുദ്ദേശത്തോടെയാണ് ഇറക്കിയതെന്ന് ന്യായികരിച്ച് ശശീന്ദ്രന്‍

വനം വകുപ്പ് മന്ത്രി എന്ന നിലയില്‍ മരംമുറി കേസ് അന്വേഷണത്തിലും നടപടിയെടുക്കുന്നതിലും തനിക്ക് കൂടി ഉത്തരവാദിത്വമുണ്ടെന്നും എകെ ശശീന്ദ്രന്‍ വ്യക്തമാക്കി.

12 Jun 2021 12:14 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘ഒക്ടോബര്‍ 24നുശേഷം പട്ടയഭൂമികളില്‍ പലതും നടന്നതായി കളക്ടര്‍മാര്‍ പറഞ്ഞിരുന്നു’; ഉത്തരവ് സദുദ്ദേശത്തോടെയാണ് ഇറക്കിയതെന്ന് ന്യായികരിച്ച് ശശീന്ദ്രന്‍
X

മുട്ടില്‍ മരംമുറിക്കേസിലെ അന്വേഷണത്തില്‍ ഒരു ഘട്ടത്തിലും വീഴ്ചയുണ്ടായെന്ന് പറയാനാകില്ലെന്ന് വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍. വിവാദ ഉത്തരവ് മുന്‍ റവന്യൂ വകുപ്പിറക്കിയത് സദുദ്ദേശത്തോടെയായിരുന്നുവെന്നും താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥര്‍ അത് ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു. ഇത് വകുപ്പുകളുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഫെബ്രുവരി മാസത്തില്‍ നടപടിയുണ്ടാകുന്നത്. ഉടനടി വിവാദ ഉത്തരവ് പിന്‍വലിക്കുകയും ചെയ്തിരുന്നു. വനം വകുപ്പ് മന്ത്രി എന്ന നിലയില്‍ മരംമുറി കേസ് അന്വേഷണത്തിലും നടപടിയെടുക്കുന്നതിലും തനിക്ക് കൂടി ഉത്തരവാദിത്വമുണ്ടെന്നും എകെ ശശീന്ദ്രന്‍ വ്യക്തമാക്കി. സംഭവങ്ങളെല്ലാം നടന്നത് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണെന്ന് ആവര്‍ത്തിക്കുന്ന ശശീന്ദ്രനെതിരെ സിപിഐ രംഗത്തുവന്ന പശ്ചാത്തലത്തില്‍ മനോരമ ന്യൂസിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

സംഭവങ്ങളെല്ലാം നടക്കുന്നത് ദൗര്‍ഭാഗ്യവശാല്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തായിരുന്നുവെന്ന് ശശീന്ദ്രന്‍ ആവര്‍ത്തിക്കുന്നുണ്ട്. ഫെബ്രുവരി മുതല്‍ മെയ് മാസം വരെ മാധ്യമങ്ങളുടേയും സര്‍ക്കാരിന്റേയും പൊതുസമൂഹത്തിന്റേയും ശ്രദ്ധ തെരഞ്ഞെടുപ്പിലായിരുന്നു. ഉത്തരവിറക്കിയ ഒക്ടോബര്‍ 24ന് ശേഷം പട്ടയഭൂമികളില്‍ പലതും നടന്നതായി ജില്ലാ കളക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയതായാണ് താന്‍ ഫയലുകള്‍ നോക്കിയപ്പോള്‍ മനസിലാക്കുന്നതെന്നും ശശീന്ദ്രന്‍ പറഞ്ഞു. ഫെബ്രുവരി മാസത്തിലാണ് മരംമുറിയില്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ നടപടിയെടുക്കുന്നത്. അന്വേഷണത്തില്‍ വീഴചയുണ്ടായിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മരംമുറി വിവാദത്തിന് പിന്നാലെ എ കെ ശശീന്ദ്രന്‍ സ്വീകരിക്കുന്ന നിലപാട് മുന്‍ മന്ത്രിമാരെ സംശയ മുനയില്‍ നിര്‍ത്തുന്നതാണെന്നാണ് സിപിഐ ആക്ഷേപിക്കുന്നത്. മുന്‍ റവന്യു, വനം മന്ത്രിമാര്‍ക്ക് മരംകൊള്ളയില്‍ പങ്കില്ലെന്ന് വ്യക്തമാക്കുന്ന സിപിഐ നിലവിലെ വനം മന്ത്രിയുടെ നിലപാടില്‍ പാര്‍ട്ടിയെയും മുന്നണിയിലും അതൃപ്തി അറിയിച്ചതായാണ് വിവരം.

തന്റെ കാലത്തല്ല മരം മുറി നടന്നത് എന്ന് ശശീന്ദ്രന്‍ ആവര്‍ത്തിക്കുന്നത് തെറ്റിദ്ധാരണ പടര്‍ത്താന്‍ ഇടയാക്കുന്നു. ശശീന്ദ്രന്റെ പരാമര്‍ശം മുന്‍ മന്ത്രിക്ക് തെറ്റ് പറ്റിയെന്ന് വ്യാഖ്യാനിക്കാന്‍ ഇടയാക്കുന്നു. എന്തിനാണ് തന്നെ വേട്ടയാടുന്നത് എന്ന നിരന്തരം ആവര്‍ത്തിക്കുന്ന ശശീന്ദ്രന്‍ മരംമുറിയില്‍ മുന്‍മന്ത്രിമാരെ സംശയ മുനയില്‍ നിര്‍ത്തുന്നതായും സിപിഐ ചൂണ്ടിക്കാട്ടുന്നു.

അതിനിടെ, മരം മുറി കേസില്‍ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സംയുക്ത അന്വേഷണ സംഘത്തെ എഡിജിപി എസ് ശ്രീജിത്ത് നയിക്കും. ക്രൈം ബ്രാഞ്ച്, വനം, വിജിലന്‍സ് വിഭാഗങ്ങളുടെ ഉന്നത ഉദ്യോഗസ്ഥരാണ് മുട്ടില്‍ മരംമുറി അന്വേഷിക്കുന്നത്. ഈ സംയുക്ത അന്വേഷണത്തിന്റെ ഏകോപന ചുമതലയാണ് ശ്രീജിത്തിനുള്ളത്. ശ്രീജിത്തിന് ചുമതല നല്‍കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തെത്തി.

മരംമുറിയില്‍ ഗൂഢാലോചനയുള്ളതായും വിശദമായ അന്വേഷണം വേണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു. മുട്ടില്‍ മരംമുറി അന്വേഷിക്കാന്‍ പ്രത്യേകസംഘം രൂപീകരിക്കുമെന്നും കുറ്റക്കാര്‍ ഒരു തരത്തിലും രക്ഷപ്പെടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളത്തില്‍ വ്യക്തമാക്കിയിരുന്നു.

കര്‍ഷകരെ സഹായിക്കാനായി നിയമ വിധേയമായി പുറത്തിറക്കിയ ഉത്തരവിനെ ചിലര്‍ ദുര്‍വ്യാഖ്യാനം ചെയ്ത് വ്യാപകമായി മരംമുറി നടത്തുകയായിരുന്നു എന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ഈ നടപടിയില്‍ ഉദ്യോഗസ്ഥര്‍ക്ക് ഇതില്‍ പങ്കുണ്ടോ എന്ന് ഉള്‍പ്പെടെയാണ് ക്രൈം ബ്രാഞ്ച്, വിജിലന്‍സ്, വനംവകുപ്പ് സംയുക്ത സംഘം പരിശോധിക്കുക.

Popular Stories

    Next Story