ക്രൈംഫയല്‍ രണ്ടില്‍ ‘പറയാന്‍ ബാക്കിവച്ച കാര്യങ്ങള്‍’; സഭയ്ക്ക് സിനിമ ഭീഷണിയാവില്ലെന്ന് തിരക്കഥാകൃത്ത് എകെ സാജന്

അഭയ കേസ് വിധിപ്രഖ്യാപനവേളയിൽ കേസിനെ ആസ്പദമാക്കി ഒരുക്കിയ ക്രൈം ഫയലിന് രണ്ടാം ഭാഗം ഒരുങ്ങുന്നു. കെ മധു ഒരുക്കുന്ന ചിത്രത്തിൽ സുരേഷ് ഗോപി തന്നെ നായകനെയെത്തും. റിപ്പോർട്ടർ ലൈവുമായുള്ള അഭിമുഖത്തിൽ തിരക്കഥാകൃത്ത് എ കെ സാജൻ ആണ് ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയത്.
1999ൽ പുറത്തിറങ്ങിയ ക്രൈം ഫയലിന്റെ തുടർച്ചയാണോ അതോ മറ്റൊരു കഥ ആയിരിക്കുമോ രണ്ടാം ഭാഗം
അന്ന് സിനിമയിൽ പറഞ്ഞ കാര്യങ്ങൾ പൂർണമല്ല. ആ ചിത്രത്തിൽ പറയാൻ ബാക്കിവെച്ച കാര്യങ്ങൾ ആയിരിക്കും രണ്ടാം ഭാഗത്തിൽ പറയുന്നത്. അന്ന് നമുക്ക് പറയാൻ സാധിക്കാതെ പോയ കാര്യങ്ങൾ തുറന്നു പറയാൻ പറ്റുന്ന ഒരു സമൂഹമാണ് ഇന്ന്. ഈ തലമുറ കുറച്ചുകൂടെ തെളിമയാർന്നതാണ്. അതുകൊണ്ടു നല്ല പ്രതീക്ഷയുണ്ട്. കഥയുടെ മറ്റു കാര്യങ്ങൾ തൽക്കാലം പറയുന്നില്ല. അതൊക്കെ സസ്പെൻസ് ആണ്.
അഭയ കേസിലെ വിധി തിരക്കഥയിൽ സ്വാധീനിക്കുന്നുണ്ടോ
അഭയ കേസ് അതേപോലെ പറഞ്ഞാൽ അത് ഒരു ഡോക്യുമെന്ററി ആയിപ്പോകും . ക്രൈം ഫയൽ ഒരു സിനിമയാണ്, അഭയ യാഥാർത്യവും. അത് രണ്ടും നമുക്ക് രണ്ടു വഴിയേ വിടാം. നമ്മൾ ആ സംഭവത്തെ അതേപോലെ പകർത്തിയാൽ അത് ചിലപ്പോൾ പുതിയ നിയമ പോരാട്ടങ്ങൾക്ക് കാരണമാകും. എന്നാൽ തിരക്കഥയിൽ ഒരു എഴുത്തുകാരന്റെ പൂർണ സ്വാതന്ത്ര്യം ഞാൻ സ്വീകരിക്കും.
ക്രൈം ഫയൽ ആദ്യഭാഗം ചെയ്യുമ്പോൾ ഏതെങ്കിലും തരത്തിലുള്ള ബാഹ്യമായ കൈ കടത്തലുകൾ ഉണ്ടായിരുന്നോ
കൈകടത്തലുകൾ എന്ന പറയാൻ സാധിക്കില്ല, സുഹൃത്തുക്കൾ മുഖാന്തരം ചിലർ സമീപിച്ചു. 2000 വര്‍ഷം പഴക്കമുള്ള സഭയ്ക്ക് ഒരു സിനിമ ഭീഷണിയാകില്ല. വിശ്വാസത്തിന്റെ പാതയിൽ നിർമിക്കപ്പെട്ട സഭയ്ക്കെതിരെ മത്സരിക്കേണ്ട ആവശ്യം നമുക്കുമില്ല. സിനിമ ക്രിസ്തുമതത്തിനെതിരെ ഒന്നും സംസാരിച്ചിട്ടുമില്ല. അതുകൊണ്ടു അത്തരം സമീപനങ്ങൾ ഒന്നും ഒരു ഭീഷണിയായി കാണുന്നുമില്ല.
രണ്ടാം ഭാഗം ഒരുക്കുമ്പോൾ അത്തരം സമീപനങ്ങൾ
രണ്ടാം ഭാഗം ഒരുക്കുമ്പോളും അത്തരം സമീപനങ്ങൾ ഉണ്ടാകാം. അത് ഞാൻ കാര്യമായി എടുക്കുന്നില്ല. ഏത് വിഷയം എടുത്താലും ചില ഭീഷണികൾ ഉണ്ടാകും. അത് കേരളത്തിൽ സംഭവിച്ച ഏത് വിഷയം ആയാലും ഭീഷണികൾ ഉണ്ടാകും. നമ്മൾ അത് കാര്യമാക്കേണ്ട ആവശ്യമില്ലല്ലോ.
ക്രൈം ഫയൽ ആദ്യ ഭാഗത്തിൽ കഥയിലെ ക്ലൈമാക്സ് ട്വിസ്റ്റ് അത് തിരക്കഥ എഴുതുന്ന വേളയിലെ മനസ്സിൽ ഉണ്ടായിരുന്നതാണോ
ഞങ്ങൾ ക്രൈം ഫയൽ എഴുതുന്ന സമയത്ത് അഭയ കേസിൽ പ്രതികളെ ഒന്നും തന്നെ അറസ്റ്റ് ചെയ്തിട്ടില്ല. ഞങ്ങൾക്ക് മുന്നിൽ കുറച്ച് ഊഹാപോഹങ്ങൾ മാത്രമേ ഉള്ളു.ചിത്രത്തിൽ കാളിയാർ അച്ഛന്റെ മൂത്ത സഹോദരൻ ആണ് കൃത്യം ചെയ്യുന്നത്. ജനാര്ദ്ധനന് ചേട്ടൻ ചെയ്യുന്ന കഥാപാത്രം. സിനിമയ്ക്ക് സിനിമയുടേതായ സ്വാതന്ത്ര്യം ഉണ്ട്. അന്ന് കാളിയാർ അച്ഛനെന്ന കഥാപാത്രത്തെയും അദ്ദേഹത്തിന്റെ സഹോദരനെയും സൃഷ്ടിച്ചെന്നെ ഉള്ളു. മലയാളത്തിലെ ഏറ്റവും മികച്ച ത്രില്ലർ സിനിമയായ യവനിക ഏതെങ്കിലും സംഭവത്തെ ആസ്പദമാക്കി ആണെന്ന് പറയാൻ പറ്റുമോ ഇല്ലല്ലോ. അതുപോലെ തന്നെയാണ് ഇവിടെയും. അങ്ങനെ ചെയ്താൽ പ്രേക്ഷകന് സിനിമ കാണാൻ വരില്ല. അങ്ങനെ ആണെങ്കിൽ പത്രം വായിച്ചാൽ പോരെ അല്ലെങ്കിൽ വാർത്ത കണ്ടാൽ പോരെ എന്തിനു സിനിമ കാണണം. അങ്ങനെയാണ് അത്തരം ഒരു കഥയും ട്വിസ്റ്റും രൂപപ്പെടുത്തിയത്.
ക്രൈം ഫയൽ രണ്ടാം ഭാഗത്തിലെ അഭിനേതാക്കളൂം അണിയറപ്രവർത്തകരും
ഇപ്പോൾ എഴുത്തുമേശയുടെ മുന്നിലാണ്. എഴുത്തുകാരനും കഥാപാത്രങ്ങളും മാത്രം.കെ മധു തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുരേഷ് ഗോപി ഈശോ പണിക്കരായി തിരിച്ചെത്തും. രഞ്ജി പണിക്കരും ചിത്രത്തിൽ മുഖ്യമായ വേഷത്തിൽ എത്തുന്നുണ്ട്. മറ്റു കഥാപാത്രങ്ങളെ കുറിച്ച് ഇപ്പോൾ പറയാൻ സാധിക്കില്ല. പുതിയ തലമുറയിലെ നടിനടന്മാർ ചിത്രത്തിൽ ഉണ്ടാകും. കൊവിഡ് പശ്ചാത്തലത്തിൽ ഷൂട്ടിംഗ് എന്ന ആരംഭിക്കാൻ ആകുമെന്നും പറയാൻ സാധിക്കില്ല. സുരേഷ് ഗോപിയുടെ തിരക്കുകൾ കൂടെ നോക്കണം. 2021ൽ തുടങ്ങാൻ ആണ് ആഗ്രഹം.
ക്രൈം ഫയലിനേക്കാൾ കുറച്ചുകൂടെ ഉജ്ജ്വലവും ചടുലവുമായ സിനിമാ ആയിരിക്കും രണ്ടാം ഭാഗമെന്നും എ കെ സാജൻ റിപ്പോർട്ടർ ലൈവിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. എന്നാൽ ചിത്രം ഈശോ പണിക്കർ അന്വേഷിക്കുന്ന മറ്റൊരു കേസ് ആയിരിക്കുമെന്നാണ് സംവിധായകൻ കെ മധു പറഞ്ഞത്.