
വാളയാര്‍ പെണ്‍കുട്ടികളുടെ മരണത്തില്‍ സര്‍ക്കാരിന്റെയും കുടുംബത്തിന്റെയും വാദം ഒന്നാണെന്ന് മന്ത്രി എ കെ ബാലന്. കുടുംബത്തെ സര്‍ക്കാരിനെതിരാക്കാന്‍ ആരെങ്കിലും തെറ്റിധരാണയുണ്ടാക്കിട്ടുണ്ടെങ്കില് അതില്‍ നിന്നും പിന്മാറണം. അത്തരം പ്രചാരണങ്ങള്‍ മുഖ്യമന്ത്രിക്കെതിരെ വിഷയം തിരിക്കാനുള്ള അജണ്ടയുടെ ഭാഗമാണന്നും മന്ത്രി പറഞ്ഞു. വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് മാതാപിതാക്കള്‍ നടത്തുന്ന സത്യാഗ്രഹത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി കേസിലെ പ്രതികളെ വെറുതെ വിട്ടതിന് ഒരു വര്‍ഷം തികയുമ്പോഴാണ് വിധി ദിനം മുതല്‍ ചതി ദിനം വരെ എന്ന പേരില്‍ മാതാപിതാക്കള്‍ സമരമാരംഭിക്കുന്നത്.
പ്രതികളെ വെറുതെ വിട്ട പോക്സോ കോടതിയുടെ വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് വീട്ടുമുറ്റത്ത് നടത്തുന്ന സമരത്തില്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ സ്ഥാനകയറ്റത്തിനെതിരെയും ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്. പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കുറ്റം ഏറ്റെടുത്താല്‍ രക്ഷപ്പെടുത്താമെന്ന് ഡിവൈഎസ്പി സോജന് പറഞ്ഞുവെന്നാണ് കുട്ടികളുടെ രണ്ടാനച്ഛന് വെളിപ്പെടുത്തി. ഇതിന് പുറമെ കുട്ടികളുടെ അമ്മയുടെ മൊഴി തെറ്റായി രേഖപ്പെടുത്തി കുറ്റവാളികളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചുവെന്നും കുടുംബം ആരോപിക്കുന്നുണ്ട്. പ്രതികളോടൊപ്പം നില്ക്കുന്ന ഉദ്യോഗസ്ഥരുടെ സ്ഥാനകയറ്റം അട്ടിമറിയുടെ തെളിവാണെന്ന് കുട്ടികളുടെ മാതാപിതാക്കള്‍ ആരോപിച്ചു. എന്നാല്‍ സര്‍ക്കാരിന് ഉദ്യോഗസ്ഥരുടെ സ്ഥാനകയറ്റം തടയാകില്ലെന്നായിരുന്നു മന്ത്രി എ കെ ബാലന്റെ പ്രതികരണം.
ഒക്ടോബര്‍ 25 മുതല്‍ ഒരാഴ്ചത്തേക്കാണ് സമരത്തില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ പുനരന്വേഷണം വേണമെന്നും മാതാപിതാക്കള്‍ ആവശ്യപ്പെടുന്നു. പ്രതികളെ വെറുതെ വിട്ട പോക്സോ കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്കിയ അപ്പീലില്‍ അടുത്തയാഴ്ച ഹൈക്കോടി വാദം കേള്‍ക്കാനിരിക്കെയാണ് സമരം.