‘യുഡിഎഫിന്റെ വിഡ്ഢിത്തങ്ങള്ക്കെതിരെ ജനങ്ങള്‍ പ്രതികരിച്ചു’; എംഎം ഹസ്സനോടും കെ മുരളീധരനോടും നന്ദിയുണ്ടെന്ന് എ കെ ബാലന്
കിഫ്ബി ഇല്ലാതാക്കുമെന്നും അധികാരത്തിലെത്തിയാല്‍ ലൈഫ് മിഷനടക്കം നാല് മിഷനുകള്‍ നിര്‍ത്തുമെന്ന് പറഞ്ഞും ഇതുവരെയില്ലാത്ത രീതിയില്‍ ജമാ അത്തെഇസ്ലാമിയുമായി കൂട്ടുകെട്ടുണ്ടാക്കിയും രണ്ട് തരത്തില്‍ പ്രതിപക്ഷം സഹായിച്ചു. ഇത്തരം വിഡ്ഢിത്തങ്ങള്ക്കെതിരെ ജനങ്ങള്‍ പ്രതികരിച്ചത് കൊണ്ടാണ് ഇത്രയും മികച്ച വിജയം നേടാനായതെന്ന് എ കെ ബാലന് പ്രതികരിച്ചു.

തദ്ദേശതെരഞ്ഞെടുപ്പ് ഫലത്തില്‍ എല്‍ഡിഎഫിനുണ്ടായ മുന്നേറ്റത്തില്‍ പ്രതിപക്ഷത്തെ പരിഹസിച്ച് മന്ത്രി എ കെ ബാലന്. എല്‍ഡിഎഫിന് ചരിത്ര വിജയം നല്കാന് സഹായിച്ച രമേശ് ചെന്നിത്തലക്കും എംഎം ഹസ്സനും കെ മുരളീദരനും നന്ദി. കിഫ്ബി ഇല്ലാതാക്കുമെന്നും അധികാരത്തിലെത്തിയാല്‍ ലൈഫ് മിഷനടക്കം നാല് മിഷനുകള്‍ നിര്‍ത്തുമെന്ന് പറഞ്ഞും ഇതുവരെയില്ലാത്ത രീതിയില്‍ ജമാ അത്തെഇസ്ലാമിയുമായി കൂട്ടുകെട്ടുണ്ടാക്കിയും രണ്ട് തരത്തില്‍ പ്രതിപക്ഷം സഹായിച്ചു. ഇത്തരം വിഡ്ഢിത്തങ്ങള്ക്കെതിരെ ജനങ്ങള്‍ പ്രതികരിച്ചത് കൊണ്ടാണ് ഇത്രയും മികച്ച വിജയം നേടാനായതെന്ന് എ കെ ബാലന് പ്രതികരിച്ചു.
പ്രതിപക്ഷ നേതാവ് രാജിവെക്കുന്നില്ലെങ്കിലും ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് ഉന്നയിച്ച ആരോപണങ്ങളില്‍ നിര്‍വ്യാജം ഖേദിക്കുന്നുവെന്നെങ്കിലും പറയുമോ എന്നും മന്ത്രി ചോദിച്ചു.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പുതുപ്പള്ളി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് എന്നിവരുടെ വാര്‍ഡുകളിലടക്കം യുഡിഎഫ് സ്ഥാനാര്‍ഥികള്‍ പിന്നിലായിരുന്നു. പരാജയത്തില്‍ പ്രതികരിച്ച ടിഎന്‍ പ്രതാപന് എംപി കോണ്‍ഗ്രസിന് ആവശ്യമായിടത്ത് ശസ്ത്രക്രിയ വേണമെന്ന് പ്രതികരിച്ചിരുന്നു.
നിയമസഭതെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ലൈഫ് മിഷനടക്കം നാല് മിഷനുകളും പിരിച്ചുവിടുമെന്ന് കഴിഞ്ഞദിവസം യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന് പറഞ്ഞിരുന്നു. എന്നാല്‍ ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിനും ആലോചിക്കാന്‍ പോലും കഴിയാത്തതാണ് കേരളത്തിന്റെ ആ നാല് പദ്ധതികളെന്നും സ്വബോധം നഷ്ടപ്പെട്ടവര്‍ക്കും മാത്രമേ ഈ മിഷനുകള്‍ ഇല്ലാതാക്കുമെന്ന് പറയാന്‍ കഴിയു എന്നുമാണ് എകെ ബാലന് എംഎം ഹസ്സന്റെ പ്രസ്താവനയോട് പ്രതികരിച്ചത്.
പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം അവരെ തിരിഞ്ഞു കുത്തുകയാണ്. നാല് മിഷനും ഇല്ലാതാക്കുമെന്ന് അടുത്ത നിയമസഭ തെരഞ്ഞെടുപ്പ് സമയത്തും പറയണം. കേരള മനസ്സ് എന്താണെന്ന് അപ്പോള്‍ മനസ്സിലാകും. എവിടെ മത്സരിച്ചാലും ഹസ്സന് തോല്‍ക്കുമെന്ന് പറഞ്ഞത് കെ മുരളീധരനാണ്. അതിനാല്‍ ഹസ്സന് ജനങ്ങളെ പേടിക്കേണ്ടതില്ല. കോണ്‍ഗ്രസിന്റെ നിലവിലുള്ള ജനസ്വാധീനം പോലും ഇല്ലാതാക്കാനാണ് ഹസ്സന് പരിശ്രമിക്കുന്നത്. ജമാ അത്തെ ഇസ്ലാമിക്ക് യുഡിഎഫിലേക്ക് പാലം പണിതതാണ് യുഡിഎഫ് കണ്‍വീനറായപ്പോള്‍ ഹസ്സന് ആകെ ചെയ്ത കാര്യമെന്നും മന്ത്രി വിമര്‍ശിച്ചിരുന്നു.