ഗാന്ധി കുടുംബത്തെ ഒഴിവാക്കിയാല്‍ നേതാക്കള്‍ പൊട്ടിപുറപ്പെട്ടുവരുമെന്നത് ഗുഹയുടെ ദിവാസ്വപ്നമാണ്

ഇന്ത്യയിലെ മുന്‍നിര ബുദ്ധിജീവികളില്‍ ഒരാളാണ് രാമചന്ദ്ര ഗുഹ. ഇവിടെ പ്രബലമായിരിക്കുന്ന മോഡി മാനിയക്കെതിരെ ശക്തമായ നിലപാടെടുത്ത ചരിത്രവുമാണ് അദ്ദേഹത്തിന്റേത്. മോഡിയെ ബ്രാന്‍ഡിങ്ങ് രാഷ്ട്രീയത്തോടുള്ള തന്റെ അവജ്ഞ പ്രകടിപ്പിക്കുന്നതില്‍ ഒരു വാക്ക് പോലും അദ്ദേഹം ലഘുവായി പ്രയോഗിച്ചിട്ടുമില്ല. എന്നാല്‍ നിലവിലെ രാഷ്ട്രീയ ചിത്രങ്ങളില്‍ നിന്ന് തീര്‍ത്തും വിഭിന്നമായ വ്യക്തിത്വ നിരീക്ഷണവും മനശാസ്ത്രപരമായ വീക്ഷണങ്ങളുമാണ് മോഡിയെക്കുറിച്ച് പോലും അദ്ദേഹം നടത്തുന്നത് എന്നതാണ് ഗുഹയെപ്പോലെയൊരു വിമര്‍ശകനെ സംബന്ധിച്ച പ്രശ്നം. നമ്മള് ചര്‍ച്ചചെയ്യുന്നത് വളര്‍ന്നുവരുന്ന ഭൂരിപക്ഷവാദത്തിന്റെ മനശ്ശാസ്ത്രത്തെക്കുറിച്ചാണെങ്കില് തന്നെയും ഇന്ത്യന്‍ സമൂഹത്തിന്റെയും സാമ്പത്തിക രംഗത്തിന്റെയും കഴിഞ്ഞ മൂന്നുപതിറ്റാണ്ടിലെ മാറ്റങ്ങളുടെ സ്വഭാവം ഈ വിമര്ശത്തില് പരിഗണിക്കേണ്ടത് അനിവാര്യമാണ്.
മോഡിയെന്ന മിത്തിന് നിയോ റിയലിസമെന്ന മിത്തുമായി അഗാധബന്ധമാണുള്ളത്. മോഡിയുടെ ആക്രമണോത്സുകമായ അംഗവിന്യാസങ്ങള്‍ സംസാരിക്കുന്നത് അസംതൃപ്തരും അതേസമയം അഭിലാഷങ്ങളാല്‍ ചുറ്റപ്പെട്ടവരുമായ ഒരു തലമുറയോടാണ്, അതേ തലമുറയ്ക്കിടയിലേക്കാണ് അദ്ദേഹം കുടുംബവാഴ്ചയ്ക്കെതിരായ തന്റെ വിമര്ശനങ്ങളഴിച്ചുവിടുന്നതും. ഒരുവശത്ത് ആഗോള മൂലധനത്തിന്റെ ആവശ്യങ്ങളുമായി ബന്ധപ്പെട്ടതും മറുവശത്ത് നിരന്തരം പ്രകോപനത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന, പൗരന്മാര്ക്കിടയിലെ ഉത്കണ്ഠകളുടെ വളര്‍ച്ചയുമാണ് അദ്ദേഹത്തിന്റെ അധികാര കേന്ദ്രീകരണത്തിന്റെ അടിസ്ഥാനം. അത് ഏതെങ്കിലും കുടുംബവാഴ്ചയ്ക്ക് നേടാനാവുന്നതിലുമധികം മോഡി നേടിയും കഴിഞ്ഞു. മാറ്റത്തിനായി അതീവമായി ആഗ്രഹിക്കുകയും എന്നാല്‍, അത് സാക്ഷാത്കരിക്കുന്നതില്‍ പരാജയപ്പെട്ടുപോവുകയും ചെയ്തവരുടെ നിരാശ സൃഷ്ടിച്ച വിടവിലേക്കായിരുന്നു മോദിയുടെ കടന്നുവരവ്. ആ അഭിലാഷങ്ങള്‍ക്ക് പകരമായി അവര്‍ക്ക് ഒരു പ്രതികാര നീതി കണ്ടെത്തിക്കൊടുക്കുന്നതില്‍ മോഡി വിജയിക്കുകയും ചെയ്തു.
ഈ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും അതിന്റെ നേതൃത്വത്തിന്റെയും കര്‍ത്തവ്യത്തെക്കുറിച്ച് വിശകലനം ചെയ്യേണ്ടത്. ഒരു പാര്‍ട്ടിയുടെ നേതൃത്വ പ്രതിസന്ധിയെന്ന രീതിയില്‍ ഗുഹ അവതരിപ്പിച്ചത് ഇന്ന് ആഗോളതലത്തില്‍ ജനാധിപത്യ കാഴ്ചപ്പാട് നേരിടുന്ന വലിയ പ്രതിന്ധിയെയായിരുന്നു. എന്നാല്‍ സാഹചര്യത്തിന്റെ ഉറവിടമായി ഗാന്ധി കുടുംബത്തിലെ പ്രതിസന്ധിയെ എടുത്തുകാട്ടുക വഴി വിഷയത്തെ നിസ്സാരമാക്കുക മാത്രമല്ല, മോഡി തയ്യാറാക്കിവെച്ച ചൂണ്ടയില്‍ ചെന്ന് വീഴുകയും കൂടിയായിരുന്നു ഗുഹ ചെയ്തത്.

സാമ്പത്തിക നവോത്ഥാനത്തില്‍ നിന്ന് ക്ഷേമ പ്രവര്‍ത്തനങ്ങളിലേക്കും മതേതരത്വ വാദത്തില്‍ നിന്ന് മൃദു ഹിന്ദുത്വത്തിലേക്കും മലക്കംമറിയുന്ന കോണ്‍ഗ്രസിന്റെ ഒത്തുതീര്‍പ്പ് രാഷ്ട്രീയ സ്വാഭാവം വിഷയമാക്കി അദ്ദേഹം മുന്‍പ് എഴുതിയ ഒരു ലേഖനത്തിലും അതിന് പിന്നാലെ ദി വയറിന് നല്കിയ അഭിമുഖത്തിലും അദ്ദേഹം തന്നെ യഥാര്‍ഥ പ്രശ്നം ചൂണ്ടിക്കാട്ടുന്നുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടിയെക്കുറിച്ചോ രാഹുല്‍ ഗാന്ധിയുടെ സ്ഥിരതയെക്കുറിച്ചോ ഉള്ള ചര്‍ച്ചയല്ല, നമ്മുടെ കാലത്ത് ലിബറലിസം നേരിടുന്ന പ്രതിസന്ധിയെക്കുറിച്ചുള്ളതാണ്. രാഹുലിന് ബദലാവശ്യപ്പെടുന്നത് കൊണ്ട് അവിടെ യാതൊന്നും ഉണ്ടാകാന്‍ പോകുന്നില്ല. രാഹുല്‍ ആ പ്രതിസന്ധിയുടെ ഭാഗമാണ്, ഉത്ഭവമല്ല. ഗാന്ധികളെ ഒഴിവാക്കിയതിന് പിന്നാലെ ഒരു കൂട്ടം ഊര്‍ജ്ജസ്വലരായ നേതാക്കള്‍ പൊട്ടിപുറപ്പെട്ടുവരുമെന്ന് കരുതുന്നത് ദിവാസ്വപ്നമാണ്. താന്‍ അധികാരത്തിലേക്കെത്തായാല് അത്ഭുതങ്ങള്‍ നടത്തുമെന്ന് അവകാശപ്പെട്ട മോഡിയും ഇതേ മിത്തിനെ തന്നെയാണ് താങ്ങിയതെന്ന് ഓര്‍ക്കണം.
ഗാന്ധികളെപ്പോലെ ബഹുജനസമ്മതിയുള്ള മറ്റൊരു നേതാവും കോണ്‍ഗ്രസില്‍ ഇല്ല. അവര്‍ക്ക് അങ്ങനെ മറ്റൊരു നേതാവില്ല എന്നതല്ല, മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ് മുതല്‍ പി ചിദംബരം, കപില്‍ സിബല്‍ ,ആനന്ദ് ശര്‍മ വരെയുള്ള പാര്‍ട്ടിയുടെ പ്രധാനപ്പെട്ട മുഖങ്ങള്‍ക്കും ഒരു നഗരസഭാതെരഞ്ഞെടുപ്പ് പോലും ജയിക്കാനായേക്കില്ല എന്നതാണ് പ്രശ്നം. അവര്‍ നവ ലിബറല്‍ ആശയങ്ങളുടെ പ്രതിനിധികളാണെന്നതും കെെയ്യില്‍ ഭരണമുണ്ടായിരുന്നപ്പോളെല്ലാം ക്ഷേമപ്രവര്‍ത്തനങ്ങളെ പല്ലും നഖവുമുപയോഗിച്ച് തടഞ്ഞു എന്നുള്ളതുമാണ് മറ്റ് ഘടകങ്ങള്‍. അവിടെ ഗാന്ധികള്‍, പ്രത്യേകിച്ച് സോണിയ ഗാന്ധിയും അവരുടെ നേതൃത്വത്തിലണിനിരന്ന അരുണ റോയിയും ജീന്‍ ഡ്രേസും അടങ്ങിയ നാഷണല്‍ അഡ് വെെസറി കമ്മിറ്റിയുമാണ് ഈ നവ ലിബറല്‍ ഗുരുതക്കന്മാരെ തടഞ്ഞ് ക്ഷേമപ്രവര്‍ത്തനങ്ങളെ പ്രധാന അജണ്ടയായി മുന്നോട്ടുവച്ചത്. രാജ്യത്തെ കോര്‍പ്പറേറ്റുകള്‍ ഗാന്ധികളെയും കോണ്‍ഗ്രസിനെയും വെറുക്കുന്നതിന്റെ കാരണം ഇതാണ്, അല്ലാതെ കുടുംബവാഴ്ചയുടെ ഭാഗമായിരുന്നതിനാലല്ല.
കോണ്‍ഗ്രസിന് ചെയ്യാനാകാതിരുന്നതോ അല്ലെങ്കില്‍ അവര്‍ ചെയ്യാന്‍ വിസമ്മതിച്ചതോ ആയ മേഖലകളില്‍ മികച്ച നേട്ടം കെെവരിക്കുമെന്ന വാഗ്ദാനത്തോടെയാണ് മോഡി അധികാരത്തിലെത്തിയത്. ഇവിടെയാണ് നല്ല ഉദ്ദേശങ്ങളോടെ മുന്നോട്ടുവയ്ക്കപ്പെട്ടവയാണെങ്കില് തന്നെയും രാമചന്ദ്ര ഗുഹ മുന്നോട്ടുവെച്ച വിമര്‍ശനം അസ്ഥാനത്താകുന്നത്. രാഹുല്‍ ഗാന്ധിയുടെ വ്യക്തിപരമായ പരമിതികള്‍ എന്തുതന്നെയുമാകട്ടെ, അതുതന്നയാണ് അദ്ദേഹം മുന്നോട്ടുവയ്ക്കുന്ന ക്ഷേമരാഷ്ട്രീയം അതിനപ്പുറം മറ്റെന്തിനോ ആയി തിരസ്കരിക്കപ്പെടുന്നതിന് പിന്നിലെ കാരണവും.

കോണ്‍ഗ്രസിന്റെ ഈ കഷ്ടകാലത്തെ മുതലെടുത്ത് അവരെ ആക്രമിക്കാനും വിലയിടിച്ച് കാണിക്കാനുമുള്ള ഒരവസരവും (പ്രാദേശിക പാര്‍ട്ടികളെ ആക്രമിക്കുന്നതിലുമധികം) ബിജെപി വിട്ടുകളയാറില്ല. അവരുടെ കുടുംബവാഴ്ചയാണിവിടെ പ്രശ്നമെങ്കില്‍ അത്തരം പ്രവണത തുടരാത്ത ഏത് പാര്‍ട്ടിയാണുള്ളത്. ദക്ഷിണേന്ത്യയില്‍ ഡിഎംകെയും ടിഡിപിയും ഉത്തരേന്ത്യയില്‍ സമാജ് വാദി പാര്‍ട്ടിയും ആര്‍ജെഡിയും എല്ലാം ഉദാഹരണങ്ങളായി മുന്നിലുണ്ട്. ഇവിടെ കോണ്‍ഗ്രസ് പാര്‍ട്ടി നിലകൊള്ളുന്നത് ജനാധിപത്യ കാഴ്ചപ്പാടിനുവേണ്ടിയാണ്. ഇന്ത്യയില്‍ ബിജെപിക്കെതിരെയും ആര്‍എസ്എസിനെതിരെ നില്ക്കാന് ശേഷിയുള്ള ഏക പാര്‍ട്ടിയും കോണ്‍ഗ്രസ് മാത്രമാണ്- ഇതൊക്കെ തന്നെയാണ് അവര്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങള്‍ക്ക് പിന്നിലും. ഒരു പക്ഷേ ആര്‍എസ്എസിനെ നേര്‍ക്കുനേര്‍ നേരിടുന്ന ഏക ദേശീയ നേതാവ് രാഹുല്‍ ഗാന്ധിയാണ്, എന്നാലത് വോട്ടര്മാരിലേക്കെത്തിക്കുന്നതില് അദ്ദേഹം പരാജയപ്പെടുന്നു, പ്രത്യേകാനുകൂല്യങ്ങളോടെ വളര്‍ന്ന രാഹുല്‍ ഗാന്ധിക്ക് മോഡിയുടെ അത്രയും പൊതുസ്വീകാര്യതയില്ല എന്ന ഗുഹയുടെയും മറ്റ് വിമര്‍ശകരുടെയും അഭിപ്രായം ഇവിടെ ശരിയാണ്. അക്കാര്യത്തില്‍ മോഡിക്കനുകൂലമാണ് പരിസ്ഥിതി.
എന്നാല്‍ ഗാന്ധികളെ സ്ഥാനഭ്രഷ്ടരാക്കുന്നതല്ല, ഒത്തുതീര്‍പ്പ് രാഷ്ട്രീയമുയര്‍ത്തുന്ന പ്രതിസന്ധിയാണ് ഇവിടുത്തെ പ്രധാനപ്രശ്നം. മുന്‍പ് ‘കോണ്‍ഗ്രസ് മരിക്കണ’മെന്ന ആശയം യോഗേന്ദ്ര യാദവ് പങ്കുവെച്ചു. എന്നാല്‍ സാഹചര്യത്തിന്റെ ആവശ്യതയും ഉത്ക്കണ്ഠയും പങ്കുവെച്ചുകൊണ്ടായിരുന്നു അത്. കോണ്‍ഗ്രസിന്റെ അഭാവത്തില്‍ ദേശീയതലത്തില്‍ ബിജെപിയെയും ആര്‍എസ്എസിനെയും വെല്ലുവിളിക്കാന്‍ ശേഷിയുള്ള മറ്റൊരു പാര്‍ട്ടിയുണ്ടാകില്ല. അതുകൊണ്ടുതന്നെയാണ് ഒരു കോണ്‍ഗ്രസ് മുക്ത ഭാരതത്തെക്കുറിച്ചുള്ള ആഗ്രഹം ബിജെപിയും ആര്‍എസ്എസും മുന്നോട്ടുവെയ്ക്കുന്നത്. ഗുഹ ഈ പ്രക്രിയയ്ക്ക് അറിയാതെ ഊര്‍ജ്ജം പകരുകയാണ് ചെയ്തത്. അര്‍ണബ് ഗോസ്വാമി തന്റെ പ്രെെംടെെം ചര്‍ച്ചയില്‍ ഇതുനന്നായി ഉപയോഗിക്കാനുള്ള അവസരം പാഴാക്കിയുമില്ല.
വിമര്‍ശനങ്ങള്‍ ഈ സാഹചര്യത്തെ ഗൗരവകരമായി എടുക്കേണ്ടതുണ്ട്. കോണ്‍ഗ്രസിന്റെ ജനാധിപത്യത്തിന് പകരം ആത്യന്തികമായ ബദല്‍ നിര്‍ദ്ദേശിക്കാന്‍ ഗുഹക്കാവുന്നില്ല. അപ്പോള്‍ സാമ്പത്തിക പരിഷ്കരണങ്ങള്‍ക്കുവേണ്ടി നിലനില്‍ക്കുന്ന , മതേതരത്വത്തിന് വേണ്ടി നിലനില്‍ക്കുന്ന ഗുഹയെപ്പോലെ ഒരാള്‍ക്ക് ആ വിഷയങ്ങളില്‍ കോണ്‍ഗ്രസിന്റേതിന് വിരുദ്ധമായ ഒരു കാഴ്ചപ്പാടായിരിക്കില്ല. നവലിബറിലസത്തിന്റെയും അതിന്റെ ഇപ്പോഴത്തെ ഘടനാപരമായ പ്രതിസന്ധിയുടെയും ഫലമായുണ്ടായി വരുന്ന ആശയപരവും ധാര്‍മികവുമായ പ്രതിസന്ധികളെയാണ് നമ്മളിന്ന് നേരിട്ടു കൊണ്ടിരിക്കുന്നത്.

പ്രഭാത് പട് നായിക്കിനെ ശരിവയ്ക്കുകയാണെങ്കില്‍ നമ്മളിന്ന് സാക്ഷ്യം വഹിക്കുന്നതെല്ലാം ഒരുതരം സുസ്ഥിരമായ ഫാസിസത്തിന്റെ ഫലമാണ്. നമ്മുക്കിപ്പോള്‍ വേണ്ട വീക്ഷണം ഇന്നത്തെ നിലയ്ക്ക് പകരം വെയ്ക്കാനൊരു സാമ്പത്തിക മാതൃകയാണ്, ഇന്നത്തെ നിലയനുസരിച്ച്, നമ്മുക്കാവശ്യമുള്ള രാഷ്ട്രീയ മുന്നണി ബിജെപി ഇതര ശക്തികളുടെ കൂടിചേരലാണ്. ഇവിടെയാണ് കോണ്‍ഗ്രസിനും ഗാന്ധികള്ക്കും ചരിത്രപരമായ ഒരു കര്‍ത്തവ്യം നിര്‍വ്വഹിക്കാനുള്ളത്. ഇവരുടെ വിശ്വാസ്യതയെ കുറയ്ക്കുന്നത് ഒരു കുടുംബത്തിന്റെ ഭാഗമായി നില്‍ക്കുന്നതുകൊണ്ടല്ല ( അങ്ങനെ ഒരു പ്രചാരണം തന്നെ വിഷയത്തെ വഴിതിരിച്ചുവിടാനുള്ള ശ്രമത്തിന്റെ ഭാഗമാണ്) പകരം നവ ലിബറല്‍ വികസനമാതൃകയ്ക്ക് പകരം വെക്കാന്‍ അവരുടെ പക്കല്‍ മറ്റൊരു നയമില്ല എന്നതുകൊണ്ടാണ്.
ആത്യന്തികമായ ക്ഷേമപ്രവര്ത്തനങ്ങളിലായിരിക്കണം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസത്തില്‍ തുടങ്ങി തൊഴിലിനുള്ള അവകാശത്തയും ആരോഗ്യത്തെയും അടിസ്ഥാന വേതനത്തെയും മുന്നോട്ടുവെയ്ക്കുന്നതാകണമത്, ആഗോള കോര്‍പ്പറേറ്റുകള്‍ മുന്നോട്ടുവെക്കുന്ന വെല്ലുവിളികളെ തരണം ചെയ്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കത് ചെയ്യാനാകുമെങ്കില്‍ ഇന്ന് സദുദ്ദേശികളായ വിശാദരന്മാരെപോലെ കാണപ്പെടുന്ന അതേ നേതാക്കള്‍ കാലക്രമത്തില്‍ വിശ്വാസയോഗ്യരായി തീരും.
ന്യൂസ് ക്ലിക്കില്‍ അജയ് ഗുഡവര്‍ത്തി എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ. വിവര്‍ത്തനം: അനുപമ ശ്രീദേവി
‘ഇന്ത്യയെ രക്ഷിക്കാന്‍ സോണിയ മക്കളെയും കൂട്ടി രാഷ്ട്രീയം വിടണം’ എന്ന രാമചന്ദ്ര ഗുഹയുടെ നിരീക്ഷണങ്ങള്‍ ഇവിടെ വായിക്കാം