ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ തമിഴ് റീമേക്ക്; ഐശ്വര്യ രാജേഷ് നായികയാകും

നിമിഷ സജയൻ, സൂരജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ തമിഴിലേക്ക്. ഐശ്വര്യ രാജേഷ് ചിത്രത്തിൽ നായികയായി എത്തുമെന്നാണ് റിപ്പോർട്ടുകൾ. തമിഴിലെ ‘ബൂമറാംഗ്’, ‘ബിസ്‌കോത്ത്’ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ആര്‍ കണ്ണനാണ് ചിത്രം ഒരുക്കുന്നത്.

നേരത്തെ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ തമിഴ്, തെലുങ്ക് ഭാഷകളിലേക്ക് റീമേക്ക് ചെയ്യുന്നുവെന്ന് പ്രഖ്യാപനമുണ്ടായിരുന്നു. ഇപ്പോൾ തമിഴ് പതിപ്പിൽ ഐശ്വര്യ നായികയാകുമെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ ചിത്രത്തിന്റെ അണിയറപ്രവർത്തകരിൽ നിന്നും ഔദ്യോഗികമായ പ്രഖ്യാപനം ഒന്നും ഉണ്ടായിട്ടില്ല.

തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന സിനിമയ്ക്ക് ശേഷം സുരാജ് വെഞ്ഞാറമ്മൂടും നിമിഷ സജയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍. അമേരിക്കന്‍ ആസ്ഥാനമായ ജെകെഎച്ച് ഹോള്‍ഡിങ്സ് എന്ന കമ്പനിയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന മലയാളം സിനിമയ്ക്കുള്ള ഒടിടി പ്ലാറ്റഫോമായ നീസ്ട്രീമിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. ചിത്രം കൈകാര്യം ചെയ്യുന്ന വിഷയം കാരണം വലിയ രീതിയില്‍ തന്നെ ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

ഡിജോ അഗസ്റ്റിന്‍, ജോമോന്‍ ജേക്കബ്, വിഷ്ണു രാജന്‍, സജിന്‍ രാജ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സാലു കെ തോമസ് ക്യാമറ ചെയ്യുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് സൂരജ് എസ് കുറുപ്പാണ്. എഡിറ്റിംഗ് ഫ്രാന്‍സിസ് ലൂയിസ്, കലാസംവിധാനം ജിതിന്‍ ബാബു. കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ് എന്ന ചിത്രത്തിന് ശേഷം ജിയോ ബേബി സംവിധാനം ചെയ്ത ചിത്രം കൂടിയാണിത്.

Latest News