ഐഷ സുല്‍ത്താന രാജ്യദ്രോഹക്കേസ് : കവരത്തി പൊലീസ് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറിയുടെ മൊഴിയെടുക്കുന്നു
സംവിധായിക ഐഷാ സുല്‍ത്താനയ്ക്കെതിരായ രാജ്യദ്രോഹക്കേസ് അന്വേഷിക്കുന്ന പൊലീസ് സംഘം തിരുവനന്തപുരത്ത്. കേസിലെ സാക്ഷിയായ യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി ബിജി വിഷ്ണുവിന്റെ മൊഴിയെടുക്കല്‍ നടപടികള്‍ക്കായാണ് കവരത്തി പൊലീസ് തിരുവനന്തപുരത്ത് എത്തിയത്. സ്വകാര്യ ഹോട്ടലില്‍ വച്ചാണ് മൊഴിയെടുക്കുന്നത്. രാജ്യദ്രോഹക്കേസില്‍ വ്യാഴാഴ്ച ഐഷ സുല്‍ത്താനയെ ലക്ഷദ്വീപ് പൊലീസ് വീണ്ടും ചോദ്യം ചെയ്തിരുന്നു. ഐഷയുടെ കൊച്ചിയിലെ ഫ്ലാറ്റിലെത്തിയയിരുന്നു കവരത്തി പൊലീസ് നടപടി. മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്യല്‍ തുടര്‍ന്ന പൊലീസ് ഐഷയുടെ വീട്ടില്‍ പരിശോധനയും നടത്തി. പരിശോധനയ്ക്ക് ഒടുവില്‍ ഐഷയുടെ സഹോദരന്റെ ലാപ്ടോപ് […]
9 July 2021 12:28 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

സംവിധായിക ഐഷാ സുല്‍ത്താനയ്ക്കെതിരായ രാജ്യദ്രോഹക്കേസ് അന്വേഷിക്കുന്ന പൊലീസ് സംഘം തിരുവനന്തപുരത്ത്. കേസിലെ സാക്ഷിയായ യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി ബിജി വിഷ്ണുവിന്റെ മൊഴിയെടുക്കല്‍ നടപടികള്‍ക്കായാണ് കവരത്തി പൊലീസ് തിരുവനന്തപുരത്ത് എത്തിയത്. സ്വകാര്യ ഹോട്ടലില്‍ വച്ചാണ് മൊഴിയെടുക്കുന്നത്.
രാജ്യദ്രോഹക്കേസില്‍ വ്യാഴാഴ്ച ഐഷ സുല്‍ത്താനയെ ലക്ഷദ്വീപ് പൊലീസ് വീണ്ടും ചോദ്യം ചെയ്തിരുന്നു. ഐഷയുടെ കൊച്ചിയിലെ ഫ്ലാറ്റിലെത്തിയയിരുന്നു കവരത്തി പൊലീസ് നടപടി. മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്യല്‍ തുടര്‍ന്ന പൊലീസ് ഐഷയുടെ വീട്ടില്‍ പരിശോധനയും നടത്തി. പരിശോധനയ്ക്ക് ഒടുവില്‍ ഐഷയുടെ സഹോദരന്റെ ലാപ്ടോപ് ഉള്‍്പ്പെടെ കസ്റ്റഡിയില്‍ എടുത്തിരുന്നു. മുന്‍കൂട്ടി നോട്ടീസ് നല്‍കാതെയാണ് പൊലീസിന്റെ ചോദ്യംചെയ്യല്‍ നടപടിയെന്നും ആരോപണമുണ്ട്.
ലക്ഷദ്വീപിലെ ഭരണ പരിഷ്കാരവുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ ബയോ വെപ്പണ്‍ പരാമര്‍ശത്തെ തുടര്‍ന്നാണ് ഐഷയ്ക്ക് എതിരെ രാജ്യദ്രോഹം കുറ്റം ചുമത്തിയത്. ബിജെപി ലക്ഷദ്വീപ് പ്രസിഡന്റ് സി. അബ്ദുല്‍ ഖാദര്‍ ഹാജിയുടെ പരാതിയിലായിരുന്നു കേസെടുത്തത്. മീഡിയ വണ്‍ ചാനലിലായിരുന്നു അയിഷയുടെ പരാമര്‍ശം. ഇത് കേന്ദ്രസര്‍ക്കാരിനെതിരെ ദുരുദ്ദേശ്യത്തോടെ പറഞ്ഞതാണെന്നാണ് പരാതി.
ചര്‍ച്ചയില്‍ ഐഷയ്ക്ക് ഒപ്പം പങ്കെടുത്ത യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി ബിജി വിഷ്ണു ചര്‍ച്ചയ്ക്കിടെ തന്നെ പരാമര്‍ശം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പിന്നാലെ വിഷ്ണു തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസിലും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പാലക്കാട് പൊലീസ് സ്റ്റേഷനിലും പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പൊലീസ് വിഷ്ണുവിന്റെ മൊഴിയെടുക്കുന്നത്.
അതേസമയം, ഐഷ സുല്‍ത്താനക്കെതിരായ രാജ്യദ്രോഹക്കേസ് പ്രാരംഭ ഘട്ടത്തില്‍ റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. കേസ് റദ്ദാക്കണമെന്ന ഐഷയുടെ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് കോടതി ഇക്കാര്യം അറിയിച്ചത്. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും അന്വേഷണ പുരോഗതി അറിയിക്കണമെന്നും കോടതി അറിയിച്ചു. പ്രോസിക്യൂഷന് ഇനിയും സമയം കൊടുക്കേണ്ടി വരുമെന്നും കോടതി അറിയിച്ചിരുന്നു.