Top

‘ഭരണം നോക്കി നിലപാടെടുക്കാറില്ല, ശരിയെ എതിര്‍ക്കാന്‍ കൂട്ടത്തിലുള്ള ചിലര്‍ വന്നത് ദൗര്‍ഭാഗ്യകരം’; ഡിവൈഎഫ്‌ഐയ്ക്ക് എഐഎസ്എഫിന്റെ ഒളിയമ്പ്

ഭരണത്തിൻ്റെ കൊടിയുടെ നിറം നോക്കി നിലപാടുകൾ സ്വീകരിക്കുന്ന സംഘടനയല്ല എഐഎസ്എഫ് എന്നും ഭരണത്തിലിരിക്കുന്നെന്ന് പറഞ്ഞ് തെറ്റുകൾക്ക് നേരെ മൗനം പാലിക്കാൻ തങ്ങള്‍ തയ്യാറല്ലെന്നും എഐഎസ്എഫ് പറഞ്ഞു.

25 Jun 2021 5:44 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘ഭരണം നോക്കി നിലപാടെടുക്കാറില്ല, ശരിയെ എതിര്‍ക്കാന്‍ കൂട്ടത്തിലുള്ള ചിലര്‍ വന്നത് ദൗര്‍ഭാഗ്യകരം’; ഡിവൈഎഫ്‌ഐയ്ക്ക് എഐഎസ്എഫിന്റെ ഒളിയമ്പ്
X

ഗാര്‍ഹിക പീഢന പരാതിയുമായെത്തിയ യുവതിയോട് മോശമായി പെരുമാറിയ എംസി ജോസഫൈനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നപ്പോള്‍ അവരെ പ്രതിരോധിച്ച് രംഗത്തെത്തിയ ഡിവൈഎഫ്‌ഐയെ പരോക്ഷമായി വിമര്‍ശിച്ച് സിപിഐയുടെ യുവജനസംഘടനയായ എഐഎസ്എഫ്. ശരിയായ നിലപാട് തുറന്ന് പറഞ്ഞതിന്റെ പേരില്‍ കൂട്ടത്തിലുള്ളവര്‍ തന്നെ എതിര്‍പ്പുമായി രംഗത്തെത്തുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് എഐഎസ്എഫ് വിമര്‍ശിച്ചു. ഭരണത്തിൻ്റെ കൊടിയുടെ നിറം നോക്കി നിലപാടുകൾ സ്വീകരിക്കുന്ന സംഘടനയല്ല എഐഎസ്എഫ് എന്നും ഭരണത്തിലിരിക്കുന്നെന്ന് പറഞ്ഞ് തെറ്റുകൾക്ക് നേരെ മൗനം പാലിക്കാൻ തങ്ങള്‍ തയ്യാറല്ലെന്നും എഐഎസ്എഫ് പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് സംഘടന നിലപാടറിയിച്ചത്.

പ്രസ്താവന ഇങ്ങനെ:

ഭരണത്തിൻ്റെ കൊടിയുടെ നിറം നോക്കി നിലപാടുകൾ സ്വീകരിക്കുന്ന സംഘടനയല്ല എഐഎസ്എഫ്.ഭരണത്തിലിരിക്കുന്നെന്ന് പറഞ്ഞ് തെറ്റുകൾക്ക് നേരെ മൗനം പാലിക്കാൻ AISF തയ്യാറല്ല. ഇത്തരത്തിൽ ശരിയായ അഭിപ്രായം തുറന്ന് പറയുന്നവരെ എതിർക്കുന്നത് ഇടതുപക്ഷ രാഷ്ട്രീയത്തിന് ചേർന്നതല്ല.ശരിയുടെ നിലപാട് തുറന്നു പറയുന്നവരെ എതിർക്കാൻ കൂട്ടത്തിത്തിൽ നിന്നു തന്നെ ചിലർ രംഗത്ത് വന്നത് ദൗർഭാഗ്യകരമാണ്. ഇത്തരത്തിലുള്ള നിലപാട് സ്വീകരിക്കുന്നത് ശരിയല്ലെന്ന് ചിലരെ ഓർമ്മപ്പെടുത്തുന്നു.

എംസി ജോസഫൈനുമായി ബന്ധപ്പെട്ട വിവാദം അവരുടെ ക്ഷമാപണത്തോടെ അവസാനിച്ചെന്നായിരുന്നു ഡിവൈഎഫ്‌ഐയുടെ നിലപാട്.

ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീമാണ് വിവാദത്തില്‍ സംഘടനയുടെ നിലപാട് വ്യക്തമാക്കിയത്. യഥാര്‍ത്ഥ വിഷയം സ്ത്രീധനമാണ്. ജോസഫൈന്‍ വിവാദം അവരുടെ ക്ഷമാപണത്തോടെ അവസാനിച്ചു. യുവതിയോട് ഉള്ള പ്രതികരണം തെറ്റാണ് എന്ന് അവര്‍തന്നെ പറഞ്ഞിട്ടുണ്ട്. അത് അവിടെ അവസാനിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

‘ജോസഫൈന്‍ വിവാദം അവരുടെ ക്ഷമാപണത്തോടെ അവസാനിക്കേണ്ടതാണ്. യഥാര്‍ത്ഥത്തില്‍ ചര്‍ച്ചകളും പ്രസ്താവനകളും സ്ത്രീധനത്തെ കുറിച്ചാവണമെന്നാണ് ഡിവൈഎഫ്‌ഐ ആഗ്രഹിക്കുന്നത്. എല്ലാ യുവജന സംഘടനകളും കൈ കോര്‍ക്കേണ്ടത് വനിതാ കമ്മീഷന്‍ അധ്യക്ഷയ്ക്ക് എതിരെ അല്ല, സ്ത്രീ ധനം എന്ന വിപത്തിനെതിരെയാണ്. അതിന് പറ്റിയ ഒരു അന്തരീക്ഷമാണ് രൂപം കൊണ്ടിരിക്കുന്നത്. അത് ഉപയോഗപ്പെടുത്തണം എന്നതാണ് സാമൂഹിക പ്രതിബന്ധതയുള്ളവരുടെ ലക്ഷ്യം. അതിനാണ് ഡിവൈഎഫ്‌ഐ ശ്രമിക്കുന്നത്.’ഈ രീതിയിലായിരുന്നു സംഭവത്തില്‍ റഹീമിന്റെ പ്രതികരണം.

Popular Stories

    Next Story