
പട്ന: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐയുടെ പിന്തുണയില്ലാതെ ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങി വിദ്യാര്‍ത്ഥി സംഘടനയായ എഐഎസ്എഫ്. 14 സീറ്റുകളില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് എഐഎസ്എഫ് അറിയിച്ചിരിക്കുന്നത്. കനയ്യ കുമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് നീക്കം.
കോണ്‍ഗ്രസിന്റെയും ആര്‍ജെഡിയുടെയും നേതൃത്വത്തിലുള്ള മഹാസഖ്യത്തിനൊപ്പമാണ് സിപിഐ അടക്കമുള്ള ഇടത് പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ആറ് സീറ്റുകളാണ് സഖ്യം സിപിഐയ്ക്ക് നല്‍കിയിരിക്കുന്നത്. സഖ്യത്തില്‍ സിപിഐക്ക് കുറഞ്ഞ സീറ്റുകള്‍ മാത്രം നല്കുന്നതിനോടും പാര്‍ട്ടി ആര്‍ജെഡിയുടെ ആധിപത്യത്തിന് വഴങ്ങിക്കൊടുക്കുന്നതും എഐഎസ്എഫിനെ ചൊടിപ്പിച്ചിട്ടുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബീഹാറില്‍ സിപിഐയുടെ മുഖമായിരുന്ന കനയ്യകുമാറിനെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പരിഗണിക്കാത്തതിനോടും എഐഎസ്എഫിന് വിയോജിപ്പുണ്ട്. കനയ്യകുമാറിന്റെ ജനസമ്മിതിയും സ്വാധീനവും മുതലാക്കാന്‍ സിപിഐക്ക് കഴിയുന്നില്ലെന്ന വിമര്‍ശനവും സംഘനടയ്ക്കുണ്ട്.
ആര്‍ജെഡി അധ്യക്ഷന്‍ തേജസ്വി യാദവിന്ഡറെ ഭീഷണിക്ക് സിപിഐ വഴങ്ങുകയാണെന്നും അതുകൊണ്ടാണ് കനയ്യയെ സ്ഥാനാര്‍ത്ഥിയാക്കാത്തതെന്നും എഐഎസ്എഎഫ് ആരോപിക്കുന്നു.
നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കനയ്യകുമാര്‍ പ്രചരണ പരിപാടികള്‍ ആരംഭിച്ചിരുന്നു. പൗരത്വ നിയമത്തിനെതിരെ കനയ്യകുമാറും കോണ്‍ഗ്രസ് നേതാവ് ഷക്കീല്‍ അഹമ്മദ് ഖാനും ചേര്‍ന്ന് നടത്തിയ സംസ്ഥാന യാത്രയില്‍ വലിയ ആള്‍ക്കൂട്ടങ്ങളാണ് ഉണ്ടായിരുന്നത്. ഇതിനെ തുടര്‍ന്ന് വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കനയ്യകുമാര്‍ ഉറപ്പായും മത്സരിക്കാനുണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതിയിരുന്നത്.
ഇടതുപക്ഷ കക്ഷികള്‍ മഹാസഖ്യത്തില്‍ ചേര്‍ന്നതോടെ വിജയ പ്രതീക്ഷകളും സിപിഐയ്ക്ക് ഇത്തവണ കൂടുതലാണ്. ആറ് സീറ്റുകളാണ് സിപിഐക്ക് നല്‍കിയിരുന്നത്. ഇതില്‍ രണ്ട് സീറ്റുകള്‍ സിപിഐയുടെ സ്വാധീന മേഖലയായ ബെഗുസരായിലാണ്. അതിനാല്‍ ഇതില്‍ ഒരു സീറ്റില്‍ കനയ്യകുമാര്‍ മത്സരിക്കുമെന്നാണ് അഭ്യൂഹങ്ങളുണ്ടായിരുന്നത്.
എന്നാല്‍ കനയ്യകുമാറിന്റെ പേര് സിപിഐ പുറത്തിറക്കിയ പട്ടികയില്‍ ഇടം നേടിയിട്ടില്ല. ബെഗുസരായിലെ ബക്കാരി നിയമസഭ സീറ്റില്‍ സൂര്യകാന്ത് പാസ്വാന്, ബെഗുസരായിലെ തേഗ്ഡ മണ്ഡലത്തില്‍ രാം രത്തന്‍ സിങ്, ബാച്വാര മണ്ഡലത്തില്‍ അവാദേശ് കുമാര്‍ റായ്, ഹര്‍ലഖി മണ്ഡലത്തില്‍ രാം നരേഷ് പാണ്ഡെ, ജാംഞ്ജ്ഹര്‍പൂര്‍ മണ്ഡലത്തില്‍ രാംനാരായണ്‍ യാദവ്, രുപാലി സീറ്റില്‍ വികാസ് ചന്ദ്ര മണ്ഡല് എന്നിവരാണ് മത്സരിക്കുന്നത്.
എഐഎസ്എഫ് പരസ്യമായി മുന്നോട്ടുവന്നതോടെ വെട്ടിലായിരിക്കുകയാണ് സിപിഐ. അനുനയ നീക്കവുമായി ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍, നിയമസഭാ തെരഞ്ഞെടുപ്പില്‍ കനയ്യ മത്സരിക്കേണ്ടതില്ല എന്ന അഭിപ്രായവും പാര്‍ട്ടിയില്‍ ചിലര്‍ക്കുണ്ട്.