നേരിയ ആശ്വാസം;മൂന്നാം തരംഗം കുട്ടികളെ കൂടുതലായി ബാധിക്കില്ലെന്ന് ലോകാരോഗ്യസംഘടനയുടേയും എയിംസിന്റേയും പഠനഫലം
ന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ശേഖരിച്ച 10000 സാമ്പിളുകളില്‍ നടത്തിയ പഠനത്തിന്റെ ഫലമാണ് മഹാമാരിക്കാലത്ത് നേരിയ ആശ്വാസം നല്‍കുന്നത്.
19 Jun 2021 1:16 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊവിഡ് മഹാമാരിയുടെ മൂന്നാംതരംഗവും രാജ്യത്ത് ശക്തിയാര്ജിച്ചേക്കാമെന്ന സൂചനയ്ക്ക് പിന്നാലെ എല്ലാവരേയും ഏറ്റവും കൂടുതല്‍ ആശങ്കപ്പെടുത്തിയത് ഈ തരംഗം കുട്ടികളെയാണ് കൂടുതലായി ബാധിക്കുക എന്ന വിവരമായിരുന്നു. എന്നാല്‍ ഇത്തരത്തിലുള്ള കടുത്ത ആശങ്ക വേണ്ടെന്ന് തെളിയിക്കുന്ന ഒരു കണ്ടെത്തലുമായിട്ടാണ് ഇപ്പോള്‍ ലോകാരോഗ്യ സംഘടനയും ഓള് ഇന്ത്യ മെഡിക്കള്‍ ഇന്‍സ്റ്റിറ്റ്യൂട്ടും രംഗത്തെത്തിയിരിക്കുന്നത്. കൊവിഡ് മൂന്നാം തരംഗം കുട്ടികളെ കൂടുതലായി ബാധിക്കില്ലെന്ന് ലോകാരോഗ്യസംഘടനയും എയിംസും സംയുക്തമായി നടത്തിയ പഠനത്തില്‍ കണ്ടെത്തി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ശേഖരിച്ച 10000 സാമ്പിളുകളില്‍ നടത്തിയ പഠനത്തിന്റെ ഫലമാണ് മഹാമാരിക്കാലത്ത് നേരിയ ആശ്വാസം നല്‍കുന്നത്.
കുട്ടികളില്‍ രോഗംവന്നശേഷമുള്ള ആന്റിബോഡി സാന്നിധ്യമായ സിറോപോസിറ്റിവിറ്റി മുതിര്‍ന്നവരെ അപേക്ഷിച്ച് കൂടുതലാണെന്ന് വിദഗ്ധസംഘം കണ്ടെത്തി. ദക്ഷിണ ദില്ലിയിലെ നഗരപ്രദേശത്തുനിന്നും ശേഖരിച്ച സാമ്പിളുകളില്‍ 74.7 ശതമാനം വരെ സിറോപോസിറ്റിവിറ്റി ഉണ്ടായിരുന്നുവെന്നാണ് പഠനം കണ്ടെത്തിയത്. രണ്ടാം തരംഗത്തിന് മുന്‍പ് ഇത് 73.9 ശതമാനമായിരുന്നു. കൊവിഡ് രോഗം മൂലം കുട്ടികളെ ഐസിയുവിലും മറ്റും പ്രവേശിപ്പിക്കേണ്ടി വന്ന സാഹചര്യം വളരെ കുറവായിരുന്നു. മിക്ക കുട്ടികള്‍ക്കും രോഗം വന്നുപോയത് തന്നെ അറിഞ്ഞിട്ടില്ലെന്നും പഠനം കണ്ടെത്തി. പഠനത്തിന്റെ ഭാഗമായുള്ള വിവരശേഖരണം ഇപ്പോഴും തുടരുകയാണ്.
അതിനിടെ കൊവിഡ് 19 ന്റെ ഡെല്‍റ്റ വകഭേദം ഇന്ത്യടക്കമുള്ള രാജ്യങ്ങളില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കെ കൊവിഡിന്റെ പുതിയ വകേഭദം ലോകാരോഗ്യസംഘടന സ്ഥിരീകരിച്ചു. ലാംബ്ഡ വകഭേദത്തെയാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഇതിനോടകം 29 രാജ്യങ്ങളില്‍ ലാംബ്ഡ വകഭേദം റിപ്പോര്‍ട്ട് ചെയ്തതായി ലോകാരോര്യ സംഘടന വ്യക്തമാക്കുന്നു. അര്‍ജന്റീന, ചിലി ഉള്‍പ്പെടെയുള്ള ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലാണ് പുതിയ വകേഭദം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പെറുവിലാണ് ആദ്യം ലാംബ്ഡ വകഭേദം സ്ഥിരീകരിച്ചത്.
ഉയര്‍ന്ന രോഗ വ്യാപന സാധ്യത, ആന്റിബോഡികള്‍ പ്രതിരോധിക്കാനുള്ള സാധ്യത എന്നീ മാറ്റങ്ങളോടെയാണ് പുതിയ വകഭേദം എത്തിയിരിക്കുന്നത്. പെറുവില്‍ കഴിഞ്ഞ ഏപ്രിലില്‍ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളില്‍ 81 ശതമാനവും ലാബ്ഡ വകഭേദമാണ്. ചിലിയില്‍ കഴിഞ്ഞ 60 ദിവസത്തിടയില്‍ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളില്‍ 32 ശതമാനവും ഈ വകഭേദം തന്നെയാണ്.