Top

കൊവിഡ് രോഗിയുടെ ഐസിയു പ്രവേശനത്തിന് കൈക്കൂലി; എയിംസ് ജീവനക്കാരനും സഹോദരിയും പിടിയില്‍

പണം ലഭിച്ചതിന് പിന്നാലെ ഇരുവരും കടന്നുകളഞ്ഞതോടെയാണ് ഹരിപാല്‍ പരാതിയുമായി ഡല്‍ഹി പൊലീസിനെ സമീപിച്ചത്.

18 May 2021 6:24 AM GMT

കൊവിഡ് രോഗിയുടെ ഐസിയു പ്രവേശനത്തിന് കൈക്കൂലി; എയിംസ് ജീവനക്കാരനും സഹോദരിയും പിടിയില്‍
X

ന്യൂഡല്‍ഹി: ഐസിയു പ്രവേശനത്തിന് കൊവിഡ് രോഗിയുടെ ബന്ധുവില്‍ നിന്ന് കൈക്കൂലി വാങ്ങിയ എയിംസ് ജീവനക്കാരനും സഹോദരിയും പിടിയില്‍. ഡല്‍ഹി എയിംസിലെ ഹെമറ്റോളജി ലാബ് ജീവനക്കാരനായ പങ്കജ് കുമാറും സഹോദരി കവല്‍ പ്രീത് കൗറുമാണ് അറസ്റ്റിലായത്. ഹിമാചല്‍ പ്രദേശിലെ മാണ്ടി ജില്ലയില്‍ നിന്നാണ് ഇരുവരേയും ഡല്‍ഹി പൊലീസ് പിടികൂടിയത്.

പരാതിക്കാരനായ ഹരിപാലിന്റെ കൊവിഡ് രോഗിയായ ഭാര്യയ്ക്ക് ഡല്‍ഹി സഫ്ദര്‍ ജംഗ് ആശുപത്രിയില്‍ പ്രവേശനം നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് പങ്കജ് കുമാര്‍ കൈക്കൂലി വാങ്ങിയത്. അഞ്ച് ലക്ഷം രൂപ ആവശ്യപ്പെടുകയും ഹരിപാല്‍ 2.8 ലക്ഷം രൂപ നല്‍കുകയുമായിരുന്നു. ഭൂഷന്‍ കുമാര്‍, സുനില്‍ കുമാര്‍ എന്നീ രണ്ടുപേര്‍ക്കാണ് ഹരിപാല്‍ പണം കൈമാറിയത്.

പണംവാങ്ങിയ ഭൂഷണ്‍ കുമാറാണ് എയിംസിലെ ഉദ്യോഗസ്ഥനായ പങ്കജ് കുമാറിനെ ഹരിപാലിന് പരിചയപ്പെടുത്തിയത്. ആശുപത്രിയില്‍ പ്രവേശനം കിട്ടുക പ്രയാസകരമായതിനാല്‍ പണം നല്കണമെന്ന് പങ്കജ് കുമാര്‍ ആവശ്യപ്പെടുകയായിരുന്നു. ഏത് ആശുപത്രിയില്‍ പ്രവേശനം ലഭിക്കണമെങ്കിലും അഞ്ചുലക്ഷം രൂപ നല്‍കണമെന്നും തന്റെ സഹോദരിയ്ക്ക് ഇക്കാര്യത്തില്‍ സഹായിക്കാനാകുമെന്നും പങ്കജ് കുമാര്‍ അറിയിച്ചു. സഹോദരിയുടെ ഫോണ്‍ നമ്പറും ഇയാള്‍ കൈമാറി.

തുടര്‍ന്ന് 2.8 ലക്ഷം രൂപ ഇരുവരുടേയും അക്കൗണ്ടിലേക്ക് പരാതിക്കാരന്‍ നിക്ഷേപിക്കുകയായിരുന്നു. പണം ലഭിച്ചതിന് പിന്നാലെ ഇരുവരും കടന്നുകളഞ്ഞതോടെയാണ് ഹരിപാല്‍ പരാതിയുമായി ഡല്‍ഹി പൊലീസിനെ സമീപിച്ചത്. പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പങ്കജ് കുമാറിന്റെ പങ്ക് വ്യക്തമാകുന്നത്. പങ്കജ് കുമാറും സഹോദരിയും ഡല്‍ഹി എയിംസിലെ ജീവനക്കാരാണ്.

Also Read: ബംഗാളില്‍ അറസ്റ്റിലായ തൃണമൂല്‍ നേതാക്കള്‍ ശ്വാസതടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍; ജാമ്യത്തിന് കൊല്‍ക്കത്ത ഹൈക്കോടതിയുടെ സ്റ്റേ

Popular Stories

    Next Story