Top

’25 വർഷമായി എൽഡിഎഫിനൊപ്പം, ഇത് അർഹമായ അം​ഗീകാരം’; നിയുക്ത മന്ത്രി അഹമ്മദ് ദേവർകോവിൽ

കോഴിക്കോട് സൌത്തിൽ നിന്ന് കാൽനൂറ്റാണ്ടിന് ശേഷം മുസ്ലിം​ ലീ​ഗ് വനിതാ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച തെരഞ്ഞെടുപ്പിൽ മികച്ച വിജയം സ്വന്തമാക്കിയാണ് അഹമ്മദ് രണ്ടാം പിണറായി മന്ത്രിസഭയിലേക്ക് എത്തിച്ചേരുന്നത്.

17 May 2021 7:13 AM GMT

’25 വർഷമായി എൽഡിഎഫിനൊപ്പം, ഇത് അർഹമായ അം​ഗീകാരം’; നിയുക്ത മന്ത്രി അഹമ്മദ് ദേവർകോവിൽ
X

കോഴിക്കോട്: മന്ത്രിസ്ഥാനം നൽകാനുള്ള തീരുമാനം അർഹമായ അം​ഗീകാരമെന്ന് ഐഎൻഎൽ നേതാവ് അഹമ്മദ് ദേവർകോവിൽ. മീഡിയാ വണ്ണിനോട് പ്രതികരിക്കവെയാണ് നിയുക്ത മന്ത്രിയുടെ പ്രതികരണം. കോഴിക്കോട് സൌത്തിൽ നിന്ന് കാൽനൂറ്റാണ്ടിന് ശേഷം മുസ്ലിം​ ലീ​ഗ് വനിതാ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച തെരഞ്ഞെടുപ്പിൽ മികച്ച വിജയം സ്വന്തമാക്കിയാണ് അഹമ്മദ് രണ്ടാം പിണറായി മന്ത്രിസഭയിലേക്ക് എത്തിച്ചേരുന്നത്. ജനക്ഷേമം മുൻ നിർത്തിയായിരിക്കും പ്രവർത്തനമെന്നും അദ്ദേഹം പറഞ്ഞു.

കഴി‍ഞ്ഞ തവണ 13 മന്ത്രിസ്ഥാനങ്ങളുണ്ടായിരുന്ന സിപിഐഎം ഇത്തവണ ഒരു സ്ഥാനം ഘടകകക്ഷികൾക്ക് വിട്ടുനൽകിയിട്ടുണ്ട്. കഴി‍ഞ്ഞ തവണത്തേക്കാൾ കൂടുതൽ എം.എൽ.എമാർ സിപിഐഎമ്മിന് പിണറായി തരം​ഗത്തിൽ ലഭിച്ചുവെങ്കിലും ഘടകകക്ഷികൾക്ക് കൂടുതൽ പരി​ഗണന നൽകാൻ പാർട്ടി തീരുമാനിക്കുകയായിരുന്നു. 10 പുതുമുഖങ്ങളെ മന്ത്രിസഭയിലെത്തിക്കാനും സിപിഐഎം തീരുമാനിച്ചിട്ടുണ്ട്.

ഒരു അംഗങ്ങളുള്ള നാല് കക്ഷികളിൽ രണ്ട് പേർക്ക് ആദ്യ ടേം എന്നത് പ്രകാരം അഹമ്മദ് ദേവർകോവിലും ജനാധിപത്യ കേരള കോൺഗ്രസിന്റെ ആന്റണി രാജുവും ആദ്യ ടേമിൽ മന്ത്രിമാരാവും. രണ്ടാം ടേം മതിയെന്നായിരുന്നു ആന്റണി രാജു അറിയിച്ചിരുന്നത്. എന്നാൽ സാമുദായിക പരിഗണന കൂടി മുന്നിൽ കണ്ടാണ് ആന്റണി രാജുവിനെ ആദ്യ ടേമിൽ മന്ത്രിസ്ഥാനം നൽകുന്നത്. കെബി ഗണേഷ് കുമാറും രാമചന്ദ്രൻ കടന്നപ്പള്ളിയും അടുത്ത ടേമിലായിരിക്കും മന്ത്രിമാരാവുക. കേരള കോൺഗ്രസ് എമ്മിന് ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് സ്ഥാനവും നൽകും.

21 അംഗങ്ങളുള്ള മന്ത്രിസഭയിൽ സിപിഐഎം-12, സിപിഐ-4, ജനതാദൾ എസ്-1, കേരള കോൺഗ്രസ്-1, എൻസിപി-1 എന്നിങ്ങനെയാണ് മന്ത്രിസ്ഥാനം. മന്ത്രിമാരുടെ വകുപ്പ് മുഖ്യമന്ത്രി തീരുമാനിക്കുമെന്നും എല്ലാ വിഭാഗത്തിന്റേയും പ്രാതിനിധ്യം ഉറപ്പാക്കുമെന്നും എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ വ്യക്തമാക്കിയിട്ടുണ്ട്.

ബേപ്പൂർ എംഎൽഎ പിഎം മുഹമ്മദ് റിയാസ്, എം വി ഗോവിന്ദൻ മാസ്റ്റർ, കെ രാധാകൃഷ്ണൻ, വി ശിവൻകുട്ടി, വീണ ജോർജ്, കെ എൻ ബാലഗോപാൽ ,പി രാജീവ് ,എം ബി രാജേഷ്, വി എൻ വാസവൻ, പി നന്ദകുമാർ സജി ചെറിയാൻ എന്നിവരുടെ പേരുകളാണ് സിപിഐഎം മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നത്.

Popular Stories

    Next Story