
ലോകാത്ഭുതമായ താജ്മഹല്‍ പരിസരത്ത് ശിവചാലിസ ഉച്ചരിക്കുകയും കാവിക്കൊടി വീശുകയും ചെയ്ത നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഹിന്ദു ജഗ്രന്‍ മഞ്ചിന്റെ യുവജനസംഘടനയുടെ ഭാരവാഹികളായ നാലുപേരെയാണ് പൊലീസ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. സംഘടനയുടെ ജില്ലാ പ്രസിഡന്റ് ഗൗരവ് തല്‍വാര്‍, പ്രവര്‍ത്തകരായ റിഷി ലവാനിയ, സോനു ബാഗല്, വിശേഷ് കുമാര്‍ എന്നിവര്‍ക്കെതിരെയാണ് പൊലീസിന്റെ നടപടി. താജ്മഹല്‍ പരിസരത്ത് യാതൊരുവിധത്തിലുള്ള മതപരിപാടികളോ മതപ്രചാരണമോ നടത്താന്‍ പാടില്ല എന്ന നിബന്ധന ചൂണ്ടിക്കാട്ടിയാണ് പൊലീസിന്റെ നടപടി.
ആഗ്രയിലെ താജ്മഹലിനുള്ളില്‍ വെച്ച് യുവാക്കള്‍ കാവിക്കൊടി വീശുകയും മന്ത്രോച്ചാരണം നടത്തുകയും ചെയ്യുന്ന വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. തിങ്കളാഴ്ച്ചയാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. യൂടൂബില്‍ ഫോളോവേഴ്സിനെ കൂട്ടുന്നതിനായി സംഘടനയില്‍ ഉള്‍പ്പെട്ട യുവാക്കള്‍ തന്നെയാണ് വീഡിയോ എടുത്ത് സമൂഹമാധ്യമപ്ലാറ്റ്ഫോമുകളില്‍ അപ്പ്ലോഡ് ചെയ്തതെന്ന് പൊലീസ് പറയുന്നു.
മതസ്പര്‍ധ വളര്‍ത്തുന്നതിന് മനപൂര്‍വ്വം ശ്രമിച്ചു എന്നതിന്റെ വിവിധ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ലോക്കല്‍ പൊലീസും സിഐഎസ്എഫും സംയുക്തമായാണ് നാലുപേരെയും കുടുക്കിയത്.