
ഉത്തർപ്രദേശ്: സെറ്റ്ടോപ്പ് ബോക്സ് റീചാർജ് ചെയ്യാനെന്ന വ്യാജേന എത്തി 38കാരിയായ ദന്തഡോക്ടറെ സ്വവസതിയിൽ വെച്ച് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ആഗ്രയിലാണ് നിഷ്ടൂരമായ ഈ സംഭവം നടന്നത്. ഡോ.നിഷ സിങ്കാലിനെ ആണ് അക്രമി കഴുത്തു മുറിച്ച് കൊലപ്പെടുത്തിയത്. സംഭവം നടക്കുമ്പോൾ ഡോക്ടറുടെ എട്ടു വയസ്സും നാലു വയസ്സുമുള്ള രണ്ട് കുട്ടികളും വീട്ടിലെ മറ്റൊരു മുറിയിൽ ഉണ്ടായിരുന്നു.
അക്രമി കുട്ടികളെയും ആക്രമിച്ചെങ്കിലും അവർ രക്ഷപ്പെടുകയായിരുന്നു. സർജനായ ഡോ അജയ് സിങ്കാൽ ആണ് കൊല്ലപ്പെട്ട ഡോ നിഷയുടെ ഭർത്താവ്. അക്രമം നടക്കുമ്പോൾ അദ്ദേഹം ആശുപത്രി ഡ്യൂട്ടിയിലായിരുന്നു. സംഭവം അറിഞ്ഞയുടൻ വീട്ടിലെത്തിയ അദ്ദേഹമാണ് അപകടകരമായി മുറിവേറ്റ ഭാര്യയെ ആശുപത്രിയിൽ എത്തിച്ചത്.
സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ശുഭം പഥക് എന്ന വ്യക്തിയാണ് കൃത്യം നടത്തിയതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതിയുടെ ഉദ്ദേശം കവർച്ചയായിരുന്നു എന്നും, കൊലപാതകത്തിന് ശേഷം ഒരു മണിക്കൂറോളം അയാൾ സിംഗാൾ വസതിയിൽ തന്നെ തുടർന്നതായും പൊലീസ് അറിയിച്ചു.
നിഷ്ടൂരമായ ഈ സംഭവത്തിൽ യുപി മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ് ഞെട്ടൽ പ്രകടിപ്പിച്ചു. സർക്കാർ തങ്ങളുടെ പ്രതിച്ഛായ നന്നാക്കാനും പരസ്യപ്പെടുത്താനുമുള്ള ശ്രമം ഉപേക്ഷിച്ച് സംസ്ഥാനത്തെ കുറ്റകൃത്യങ്ങൾക്ക് തടയിടാൻ കൂടുതൽ ശ്രമിക്കണം എന്നാണ് അഖിലേഷ് യാദവ് പ്രസ്താവിച്ചത്.
- TAGS:
- Murder
- UP Doctor
- Uttar Pradesh