Top

സ്വപ്‌ന സുരേഷിന്റെ ശബ്ദ സന്ദേശത്തില്‍ ആശയക്കുഴപ്പം; അന്വേഷണത്തില്‍ ഇന്ന് എജി നിയമോപദേശം നല്‍കും

സ്വപ്ന സുരേഷിന്റെ ശബ്ദ സന്ദേശം ചോര്‍ന്ന സംഭവത്തില്‍ കേസെടുക്കുന്നതിലെ ആശയക്കുഴപ്പത്തില്‍ ഇന്ന് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ലഭിക്കും.

19 Nov 2020 9:22 PM GMT

സ്വപ്‌ന സുരേഷിന്റെ ശബ്ദ സന്ദേശത്തില്‍ ആശയക്കുഴപ്പം; അന്വേഷണത്തില്‍ ഇന്ന് എജി നിയമോപദേശം നല്‍കും
X

തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ ശബ്ദ സന്ദേശം ചോര്‍ന്ന സംഭവത്തില്‍ കേസെടുക്കുന്നതിലെ ആശയക്കുഴപ്പത്തില്‍ ഇന്ന് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ലഭിക്കും. ശബ്ദം തന്റേതുതന്നെ എന്ന് സ്വപ്‌ന സുരേഷ് സമ്മതിച്ചതോടെ എങ്ങനെയാണ് കേസുമായി മുന്നോട്ടുപോകുമെന്ന ആശയക്കുഴപ്പം ഉണ്ടായ സാഹചര്യത്തിലാണ് നിയമോപദേശം തേടുന്നത്. എജിയില്‍ നിന്ന് നിയമോപദേശം ലഭിച്ചതിനുശേഷമായിരിക്കും പൊലീസ് തുടര്‍നടപടികള്‍ തീരുമാനിക്കുക.

ശബ്ദം തന്റേതാണെന്ന് സ്വപ്ന സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേസെടുക്കാന്‍ കഴിയില്ലെന്ന അഭിപ്രായമാണ് പൊലീസിന് ഉള്ളത്.
എന്നാല്‍ ശബ്ദം സ്വപ്നയുടെത് തന്നെയാണെന്ന് ഉറപ്പുവരുത്തേണ്ട ബാധ്യതയും ജയില്‍ വകുപ്പിനുണ്ട്.
ഈ സാഹചര്യത്തില്‍ ശബ്ദം എവിടെ നിന്നാണ് റെക്കോര്‍ഡ് ചെയ്തതെന്ന് കണ്ടെത്തണമെന്ന ആവശ്യമാണ് ജയില്‍ വകുപ്പ് മുന്നോട്ട് വയക്കുന്നത്. ശബ്ദം റെക്കോര്‍ഡ് ചെയ്ത് എപ്പോള്‍ എവിടെ നിന്നാണെന്ന് കണ്ടെത്തണമെന്നും ജയിലിന്റെ വിശ്വാസ്യത സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ജയില്‍ ഡിജിപി പോലീസ് മേധാവിക്ക് കത്ത് നല്‍കിയിരുന്നു.

അട്ടക്കുളങ്ങര വനിതാ ജയിലില്‍ നിന്നല്ല ശബ്ദം പുറത്തു പോയതെന്ന് ജയില്‍ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. സ്വപ്നയ്ക്ക് ജയിലില്‍ നിന്നും പുറത്തേക്ക് വിളിക്കാനും സന്ദര്‍ശകരെ കാണാനും അനുവാദമുണ്ട്. പക്ഷേ ഇതുവരെ അമ്മയുമായി മാത്രമേ സ്വപ്ന ആശയവിനിമയം നടത്തിയിട്ടുള്ളൂ എന്ന വിശദീകരണമാണ് ജയിലധികൃതര്‍ നല്‍കുന്നത്.

ശബ്ദത്തിന്റെ ആധികാരികത വ്യക്തമാകാന്‍ ഹൈടെക്‌സെല്ലിന് സഹായവും ജയില്‍വകുപ്പ് അഭ്യര്‍ത്ഥിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ശബ്ദം സ്വപ്നയുടെത് തന്നെയാണോ എന്ന് പരിശോധിക്കാന്‍ ഹൈടെക്‌സെല്ലിന് പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശം നല്‍കിയതായാണ് വിവരം. അതേസമയം സ്വപ്ന സുരേഷിനെ വീണ്ടും ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് ഇഡി.

മുഖ്യമന്ത്രിയുടെ പേര് പറഞ്ഞാല്‍ മാപ്പുസാക്ഷി ആക്കാം എന്ന് അന്വേഷണ ഏജന്‍സികള്‍ പറഞ്ഞതായുള്ള സ്വപ്നയുടെ ശബ്ദരേഖ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇതിനുപിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ആണെന്ന ആരോപണമാണ് പ്രതിപക്ഷവും ബിജെപിയും ഉയര്‍ത്തുന്നത്.

Popular Stories

    Next Story