Top

‘സ്ത്രീകളെ ബഹുമാനിക്കുന്നതാണ് ആണത്തമെന്ന് പഠിപ്പിക്കൂ’; പ്രതികരണങ്ങളുമായി ബോളിവുഡ് താരങ്ങള്‍

ആണ്‍കുട്ടികളാണെന്നു പറഞ്ഞ് തെറ്റുകളോട് കാണിക്കുന്ന അവഗണന അവസാനിപ്പിച്ച് സ്ത്രീകളെ ബഹുമാനിക്കുന്നതാണ് ആണത്തമെന്ന് പറഞ്ഞുകൊടുക്കു

2 Oct 2020 11:34 AM GMT

‘സ്ത്രീകളെ ബഹുമാനിക്കുന്നതാണ് ആണത്തമെന്ന് പഠിപ്പിക്കൂ’; പ്രതികരണങ്ങളുമായി ബോളിവുഡ് താരങ്ങള്‍
X

ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ക്കെതിരെ തുടര്‍ച്ചയായുണ്ടാകുന്ന ലൈംഗീക അതിക്രമങ്ങളില്‍ പ്രതികരണവുമായി ബോളിവുഡ് താരങ്ങളായ അനുഷ്‌ക ശര്‍മയും കൃതി സാനനും. സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് ഇരുവരുടേയും പ്രതികരണം. ബലാത്സംഗകേസുകളില്‍ ഉപയോഗിക്കുന്ന ഭാഷ തിരുത്തപ്പെടേണ്ടതാണെന്നും ലിംഗസമത്വം ആരംഭിക്കുന്നത് വീടുകളില്‍ നിന്നാണെന്നും ഇരുവരും ചൂണ്ടിക്കാട്ടി.

ആണ്‍കുട്ടിയുണ്ടാകുന്നത് ഭാഗ്യമായിക്കാണുന്ന കാഴ്ചപ്പാടിനെക്കുറിച്ചും അനുഷ്‌ക അഭിപ്രായപ്പെട്ടു. യഥാര്‍ഥത്തില്‍ ആണ്‍കുട്ടികളുണ്ടാകുന്നത് ഉത്തരവാദിത്വമായിക്കാണുകയാണ് വേണ്ടത്. പെണ്‍കുട്ടികളെ ബഹുമാനിക്കുവാന്‍ പഠിപ്പിക്കാനുള്ള അവസരം മാത്രമാണ് ആണ്‍കുട്ടികളുണ്ടാകുന്നതുകൊണ്ട് പ്രിവിലേജായി ലഭിക്കുന്നത്. അത് നിങ്ങളുടെ ഉത്തരവാദിത്വമാണ് പ്രത്യേക ആനുകൂല്യമല്ല. ഹാത്രസിന് പിന്നാലെ യുപിയിലെ ബല്‍റാംപൂരില്‍ 22 വയസ്സുള്ള യുവതി ബലാത്സംഗത്തിനിരയായ വാര്‍ത്തയില്‍ ഞെട്ടലറിയിച്ച താരം നമ്മുടെ സമൂഹത്തില്‍ പെണ്‍കുട്ടികള്‍ ആക്രമിക്കപ്പെടുന്നത് പരിതാപകരമാണെന്ന് പ്രതികരിച്ചു. ഇത്ര ചെറുപ്പത്തില്‍ ഇത്തരം ക്രൂരകൃത്യങ്ങളിലേര്‍പ്പെടാന്‍ എങ്ങനെയാണ് നമ്മുടെ സമൂഹം പുരുഷന്മാര്‍ക്ക് ധൈര്യം നല്‍കുന്നതെന്നും അനുഷ്‌ക ചോദിച്ചു.

അവള്‍ ബലാത്സംഗം ചെയ്യപ്പെട്ടുവെന്നല്ല അവന്‍ അവളെ ബലാത്സംഗം ചെയ്തുവെന്നാണ് പറയേണ്ടതെന്ന പോസ്റ്റ് നടി കൃതി സാനനും പങ്കുവെച്ചു.

പെണ്‍മക്കളെ സംരക്ഷിക്കുന്നതിന് പകരം ആണ്‍മക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കുക. പെണ്‍മക്കളോട് നേരത്തെ വീട്ടിലെത്തണമെന്നും രാത്രി സുരക്ഷിതമല്ലെന്നും പറയുന്നതിന് പകരം ആണ്‍കുട്ടികളോട് വീട്ടില്‍ നേരത്തെ എത്തണമെന്ന് പറയൂ.

കൃതി സാനന്‍

ഇന്ത്യയിലെ ബലാത്സംഗകേസുകളുടെ കണക്കുപങ്കുവച്ച കൃതി സ്ഥിതി പഴയത് തന്നെയാണെന്ന് ചൂണ്ടിക്കാട്ടി. കാലങ്ങളായുള്ള പോരാട്ടങ്ങള്‍ക്കും ലക്ഷക്കണക്കിനാളുകളുടെ മെഴുകുതിരി പ്രതിഷേധങ്ങള്‍ക്കും ശേഷവും ഒന്നിലും മാറ്റങ്ങള്‍ വന്നിട്ടില്ല. സമൂഹത്തിലെ പുരുഷമേധാവിത്വ ചിന്തകള്‍ മാറേണ്ട സമയമായി. അടിത്തറയില്‍ നിന്നാണ് മാറ്റം വരേണ്ടത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും തുല്യരായാണ് വളരേണ്ടത്.

പെണ്‍കുട്ടികളെ പൂജിക്കുന്നതിന് പകരം അവര്‍ക്ക് വിദ്യാഭ്യാസവും അവസരങ്ങളും നല്‍കി പരാശ്രയമില്ലാതെ ജീവിക്കാന്‍ പഠിപ്പിക്കൂ. പെണ്‍കുട്ടികളാണ് കരയുന്നതെന്ന് പഠിപ്പിക്കുന്ന സമീപനവും ആണ്‍കുട്ടികളാണെന്നു പറഞ്ഞ് തെറ്റുകളോട് കാണിക്കുന്ന അവഗണനയും അവസാനിപ്പിച്ച് സ്ത്രീകളെ ബഹുമാനിക്കുന്നതാണ് ആണത്തമെന്ന് പറഞ്ഞുകൊടുക്കു’, കൃതി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

ഹാത്രസില്‍ കൂട്ടബലാത്സംഗത്തിനിരയായ ദളിത് പെണ്‍കുട്ടി കൊല്ലപ്പെട്ടതിനു പിന്നാലെ രാജ്യമെമ്പാടും പ്രതിഷേധം ആഞ്ഞടിക്കുമ്പോഴാണ് ഉത്തര്‍പ്രദേശിലെ തന്നെ ബല്‍റാംപൂരില്‍ മറ്റൊരു പെണ്‍കുട്ടിയും പീഢിപ്പിക്കപ്പെട്ട വാര്‍ത്ത പുറത്തുവന്നത്. സംഭവങ്ങളില്‍ രൂക്ഷ പ്രതികരണങ്ങളുമായി രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ രംഗത്തെത്തിക്കൊണ്ടിരിക്കുകയാണ്.

Next Story