Top

ലക്‌നൗവില്‍ യുവതിയെ ഒരാഴ്ച്ച തടങ്കലില്‍ വെച്ച് കൂട്ടബലാത്സംഗം; പൊലീസ് കേസെടുത്തത് ഒരു മാസത്തിന് ശേഷം ഹത്രാസ് വാര്‍ത്തയായപ്പോള്‍

സംഘത്തില്‍ നിന്നും പരുക്കുകളോടെ രക്ഷപ്പെട്ട യുവതി ഗുഡുംബ പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും സംഭവത്തില്‍ എഫ്‌ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നില്ല.

2 Oct 2020 12:23 PM GMT

ലക്‌നൗവില്‍ യുവതിയെ ഒരാഴ്ച്ച തടങ്കലില്‍ വെച്ച് കൂട്ടബലാത്സംഗം; പൊലീസ് കേസെടുത്തത് ഒരു മാസത്തിന് ശേഷം ഹത്രാസ് വാര്‍ത്തയായപ്പോള്‍
X

ഹാത്രസിനും ബല്‍റാംപൂരിനുംശേഷം യുപിയില്‍ വീണ്ടും കൂട്ടബലാത്സംഗം. ലക്‌നൗവിലെ ഗുഡുംബെയിലാണ് അഞ്ച്‌പേര്‍ ചേര്‍ന്ന് ഒരു ദളിത് യുവതിയെ ക്രൂരമായ ബലാത്സംഗത്തിനിരയാക്കിയത്. യുവതിയെ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി പ്രതികള്‍ ഒരാഴ്ച്ചയോളം ക്രൂരപീഢനത്തിനിരയാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.

ആഗസ്റ്റ് 22ന് കേസിലെ മുഖ്യപ്രതിയായ വിപിന്‍ എന്നയാള്‍ ജോലിവാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തുകയും സുഹൃത്തുക്കളോടൊപ്പം ചേര്‍ന്ന് പീഢിപ്പിക്കുകയായിരുന്നുവെന്നുമാണ് യുവതിയുടെ പരാതി. ഒരാഴ്ച്ചയ്ക്ക്‌ശേഷം യുവതിയുടെ ആരോഗ്യനില വഷളായപ്പോള്‍ പ്രതികള്‍ യുവതിയെ ഉപേക്ഷിച്ച് സംഭവസ്ഥലത്തുനിന്നും കടന്നു.

പൊലീസില്‍ പരാതി നല്‍കരുതെന്ന് പ്രതികള്‍ യുവതിയേയും കുടുംബത്തേയും ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. സംഘത്തില്‍ നിന്നും പരുക്കുകളോടെ രക്ഷപ്പെട്ട യുവതി ഗുഡുംബ പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും സംഭവത്തില്‍ എഫ്‌ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നില്ല. പിന്നീട് ഹാത്രസില്‍ ദളിത് പെണ്‍കുട്ടി അതിക്രൂരമായ കൂട്ടബലാത്സംഗത്തിനിരയായി കൊലചെയ്യപ്പെട്ട സംഭവം രാജ്യം മുഴുവന്‍ ചര്‍ച്ചയായതോടെയാണ് പൊലീസ് കേസെടുക്കുന്നത്.

അതേസമയം ഹാത്രസ് സംഭവവുമായി ബന്ധപ്പെട്ട് ജന്തര്‍ മന്ദറില്‍ പ്രതിഷേധം തുടരുകയാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഉത്തരവ് പ്രകാരം മുതിര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെ 5 പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Popular Stories

    Next Story