Top

ജാക്ക് മായെ കാണാനില്ല; തിരോധാനം ചൈനീസ് പ്രസിഡന്റിനെ വിമര്‍ശിച്ചതിന് ശേഷമെന്ന് റിപ്പോര്‍ട്ട്

അദ്ദേഹം പൊതു വേദികളില്‍ പ്രത്യക്ഷപ്പെട്ടിട്ട് രണ്ട് മസത്തോളമായെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സെന്‍ട്രല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായ ചൈനീസ് പ്രിസിഡന്റ് ഷീ ജിന്‍ പിങിനെതിരെ നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം പൊതുമധ്യത്തില്‍ നിന്നും അപ്രത്യക്ഷനായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

4 Jan 2021 4:24 AM GMT

ജാക്ക് മായെ കാണാനില്ല; തിരോധാനം ചൈനീസ് പ്രസിഡന്റിനെ വിമര്‍ശിച്ചതിന് ശേഷമെന്ന് റിപ്പോര്‍ട്ട്
X

ചൈനീസ് ടെക്ക് കോടീശ്വരനും അലീബാബ സ്ഥാപകനുമായ ജാക്ക് മായെ കാണ്മാനില്ല. അദ്ദേഹം പൊതു വേദികളില്‍ പ്രത്യക്ഷപ്പെട്ടിട്ട് രണ്ട് മാസത്തോളമായെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സെന്‍ട്രല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങിനെതിരെ നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം പൊതുമധ്യത്തില്‍ നിന്നും അപ്രത്യക്ഷനായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജാക്ക് മാ വിധികര്‍ത്താവായെത്തുന്ന ‘ആഫ്രിക്കാസ് ബിസിനെസ്സ് ഹീറോസ്’ എന്ന പരിപാടിയിലും അദ്ദേഹം കുറച്ച് നാളുകളായി പങ്കെടുത്തിട്ടില്ല. പരിപാടിയുടെ വെബ്‌പേജില്‍ നിന്നും അദ്ദേഹത്തിന്റെ പേരും ചിത്രവും നീക്കം ചെയ്‌തെന്ന് ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കഴിഞ്ഞ ഒക്ടോബറില്‍ ബിസിനസ്സ് കോണ്‍ഫെറന്‍സിനിടയിലാണ് അദ്ദേഹം ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ വിവാദ പരാമര്‍ശം നടത്തുന്നത്. ചൈനീസ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ബാങ്കുകള്‍ അവസരങ്ങള്‍ നഷ്ടപ്പെടുത്തുകയാണ്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭരിക്കുന്ന വ്യാപാര നിയന്ത്രണ കൗണ്‍സില്‍ ശിലായുഗത്തിന് തുല്ല്യമായ തത്ത്വങ്ങളെ അടിസ്ഥാനമാക്കിയാണ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്. അതില്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ മാത്രമെ പുതു തലമുറയ്ക്കായി പുതിയ സംവിധാനങ്ങള്‍ രൂപീകരിക്കാന്‍ സാധിക്കുകയുള്ളുവെന്നുമായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. ഇതിന് പിന്നാലെ അദ്ദേഹത്തിനും അദ്ദേഹത്തിന്റെ സ്ഥാപനത്തിനും എതിരെ കടുത്ത നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.

ഷീ ജിന്‍ പിങിന്റെ നിര്‍ദ്ദേശപ്രകാരം ജാക്ക് മായ്ക്ക് പരസ്യ വിമര്‍ശനം നേരിടേണ്ടി വരികയും അദ്ദേഹത്തിന്റെ ആന്റ് ഗ്രൂപ്പ് പ്രതിസന്ധിയിലാവുകയും ചെയ്തിരുന്നു. സ്ഥാപനത്തിന് 37 ബില്ല്യണ്‍ ഡോളറിന്റെ നഷ്ടമാണ് ഒറ്റയടിക്കുണ്ടായത്. സ്ഥാപനത്തിന്റെ ഓഹരിയും നല്ല നിലയില്‍ താഴേക്ക് വീണു. പിന്നീട് ജാക്ക് മാ പൊതു വേദികളില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. അദ്ദേഹം എവിടെയാണെന്നത് സംബന്ധിച്ച് ആരും യാതൊരു വിശദീകരണവും ഇതുവരെ നല്‍കിയിട്ടില്ല.

അദ്ദേഹത്തിന്റെ പരിപാടിയായ ആഫ്രിക്കാസ് ബിസിനെസ്സ് ഹീറോസില്‍ ജാക്ക് മായ്ക്ക് പകരം അലിബാബ ഗ്രൂപ്പ് എക്‌സിക്ക്യുട്ടീവിനെയായിരുന്നു പിന്നീട് കാണാനായത്. പരിപാടിയിലെ ഷെഡ്യൂളില്‍ വന്ന മാറ്റമാണ് ജാക്ക് മാ പരിപാടിയില്‍ നിന്നും മാറാന്‍ കാരണമെന്നായിരുന്നു അലിബാബ വക്താവിന്റെ വിശദീകരണം.

Popular Stories

    Next Story