Top

സുദര്‍ശന്‍ ടിവി കേസ്; ഷര്‍ട്ടിടാതെ ‘ഓപ് ഇന്ത്യ’ അഭിഭാഷകന്‍ സുപ്രീം കോടതിയുടെ മുന്നില്‍; ക്ഷുഭിതനായി ജസ്റ്റിസ് ചന്ദ്രചൂഢ്

വാദത്തിന്റെ അവസാനത്തില്‍ ജസ്റ്റിസ് ചന്ദ്രചൂഡും ജസ്റ്റിസ് മല്‍ഹോത്രയും അഭിഭാഷകന്റെ പ്രവര്‍ത്തിയില്‍ കടുത്ത അതൃപ്തിയറിയിച്ചു. ‘അഭിഭാഷകന്റേത് വളരെ മോശപ്പെട്ട പ്രവര്‍ത്തിയായിരുന്നു’, ജസ്റ്റിസ് മല്‍ഹോത്ര പറഞ്ഞു.

27 Oct 2020 8:16 AM GMT

സുദര്‍ശന്‍ ടിവി കേസ്; ഷര്‍ട്ടിടാതെ ‘ഓപ് ഇന്ത്യ’ അഭിഭാഷകന്‍ സുപ്രീം കോടതിയുടെ മുന്നില്‍; ക്ഷുഭിതനായി  ജസ്റ്റിസ് ചന്ദ്രചൂഢ്
X

സുപ്രിം കോടതിയുടെ ഓണ്‍ലൈന്‍ ഹിയറിംഗില്‍ ഷര്‍ട്ടിടാതെ വാദത്തിനെത്തി ‘ഓപ് ഇന്ത്യ’ അഭിഭാഷകന്‍. ‘സുദര്‍ശന്‍ ടിവി’യുടെ ‘യുപിഎസ്‌സി ജിഹാദ്’ കേസ് പരിഗണിക്കുമ്പോഴായിരുന്നു അഭിഭാഷകന്‍ ഷര്‍ട്ടില്ലാതെ പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്ന് പ്രവര്‍ത്തിയില്‍ രൂക്ഷവിമര്‍ശനം നടത്തിയ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അഭിഭാഷകനോട് ഷര്‍ട്ട് ധരിച്ചുവരാന്‍ ആവശ്യപ്പെട്ടു. ‘ഓപ് ഇന്ത്യ’ അഭിഭാഷകന്‍ ഷര്‍ട്ട് ധരിച്ചെത്തിയതിന് ശേഷമാണ് വാദം പുനരാരംഭിച്ചത്.

യുപിഎസ്‌സിയില്‍ മുസ്ലിം വിഭാഗത്തിന് കൂടുതല്‍ നിയമനങ്ങള്‍ ലഭിക്കുന്നത് യുപിഎസ്‌സി ജിഹാദാണെന്ന ‘സുദര്‍ശന്‍ ടിവി’യുടെ പരാമര്‍ശത്തിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസില്‍ കക്ഷിചേര്‍ക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ‘ഓപ് ഇന്ത്യ’ നല്‍കിയ അപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു അഭിഭാഷകന്റെ ഷര്‍ട്ടില്ലാതെയുള്ള പ്രവേശനം. ജസ്റ്റിസ് ചന്ദ്രചൂഡ് ഒന്നിലധികം തവണ അഭിഭാഷകനേതാണെന്ന് ചോദിച്ചെങ്കിലും മറുപടിയുണ്ടായില്ലായിരുന്നു.

വാദത്തിന്റെ അവസാനത്തില്‍ ജസ്റ്റിസ് ചന്ദ്രചൂഡും ജസ്റ്റിസ് മല്‍ഹോത്രയും അഭിഭാഷകന്റെ പ്രവര്‍ത്തിയില്‍ കടുത്ത അതൃപ്തിയറിയിച്ചു.

അഭിഭാഷകന്റേത് വളരെ മോശപ്പെട്ട പ്രവൃത്തിയായിരുന്നു

ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര

കുറച്ച് മാന്യത ആവശ്യമാണ്‌ വീഡിയോ കോളുവഴിയാണ് നടപടികളെങ്കിലും ഇതൊരു കോടതിയാണ്

ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

അതേസമയം വിവാദത്തിലായിരിക്കുന്നത് തങ്ങളുടെ അഭിഭാഷകനാണെന്ന് ‘ഓപ് ഇന്ത്യ’ സ്ഥിരീകരിച്ചു. അഭിഭാഷകന്‍ ഒരു മതചടങ്ങിനിടയിലായിരുന്നു എന്നാണ് ഓപ് ഇന്ത്യയുടെ പ്രതികരണം. വിജയദശമി പൂജയുടെ ഭാഗമായി നടത്തുന്ന പൂജയ്ക്കാവശ്യമായ വേഷത്തിലായിരുന്നു അഭിഭാഷകന്‍ അതിനിടയിലായിരുന്നു കോടതിയിലേക്ക് ചേര്‍ത്തത്. പൂജയ്ക്കിടയിലും കോടതി നടപടികളില്‍ പങ്കെടുക്കാന്‍ തങ്ങളുടെ അഭിഭാഷകന്‍ കാണിച്ച ആത്മാര്‍ഥതയില്‍ അഭിമാനിക്കുന്നുവെന്നും, ഓപ് ഇന്ത്യ പറഞ്ഞു.

താന്‍ പൂജയ്ക്കിടയിലാണ് വീഡിയോ കോളിലേക്ക് ചേര്‍ന്നതെന്നും ഫോണ്‍ ഓഫ് ചെയ്യാന്‍ ശ്രമിച്ചെന്നുമാണ് അഭിഭാഷകന്റെ വാദം. വിഷയത്തില്‍ എസ്ജി തുഷര്‍ മേത്തയ്ക്ക് ഇ മെയില്‍ വഴി വിശദീകരണവും മാപ്പും അറിച്ചിട്ടുണ്ടെന്നും അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തു.

Popular Stories

    Next Story