Top

‘വിസ്മയ കേസില്‍ കൃത്യമായ പൊളിറ്റിക്കല്‍ അജണ്ടയുണ്ട്’; കിരണ്‍ കുമാറിന്റെ അഭിഭാഷകന്‍ ബി എ ആളൂരിന് പറയാനുള്ളത്

അഡ്വ. ബി എ ആളൂര്‍. ഒരിടവേളയ്ക്ക് ശേഷം മലയാളികള്‍ക്ക് മുന്നില്‍ വീണ്ടും ഈ പേര് ചര്‍ച്ചയ്ക്ക് എത്തുകയാണ്. ഇത്തവണ കൊല്ലത്തെ വിസ്മയ എന്ന 21 കാരിയുടെ ദുരൂഹ മരണത്തില്‍ കുറ്റാരേപിതനായ ഭര്‍ത്താവ് കിരണ്‍ കുമാറിന്റെ വക്കാലത്തുമായാണ് ആളൂര്‍ പൊതുസമൂഹത്തിന് മുന്നിലെത്തുന്നത്. സ്ത്രീധന പീഡനത്തിന്റെ ഇര എന്ന നിലയില്‍ വിസ്മയക്കൊപ്പമാണ് കേരളത്തിന്റെ മനസ്. അതിന്റെ എതിര്‍ പക്ഷത്താണ് ഇത്തവണയും അഡ്വ. ബി ആളൂര്‍. ദേശീയതലത്തില്‍ തന്നെ ചര്‍ച്ചയായ സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദചാമിക്കും, ജിഷ വധക്കേസില്‍ അമീര്‍ ഉള്‍ […]

3 July 2021 6:25 AM GMT
അനുശ്രീ പി.കെ

‘വിസ്മയ കേസില്‍ കൃത്യമായ പൊളിറ്റിക്കല്‍ അജണ്ടയുണ്ട്’; കിരണ്‍ കുമാറിന്റെ അഭിഭാഷകന്‍ ബി എ ആളൂരിന് പറയാനുള്ളത്
X

അഡ്വ. ബി എ ആളൂര്‍. ഒരിടവേളയ്ക്ക് ശേഷം മലയാളികള്‍ക്ക് മുന്നില്‍ വീണ്ടും ഈ പേര് ചര്‍ച്ചയ്ക്ക് എത്തുകയാണ്. ഇത്തവണ കൊല്ലത്തെ വിസ്മയ എന്ന 21 കാരിയുടെ ദുരൂഹ മരണത്തില്‍ കുറ്റാരേപിതനായ ഭര്‍ത്താവ് കിരണ്‍ കുമാറിന്റെ വക്കാലത്തുമായാണ് ആളൂര്‍ പൊതുസമൂഹത്തിന് മുന്നിലെത്തുന്നത്. സ്ത്രീധന പീഡനത്തിന്റെ ഇര എന്ന നിലയില്‍ വിസ്മയക്കൊപ്പമാണ് കേരളത്തിന്റെ മനസ്. അതിന്റെ എതിര്‍ പക്ഷത്താണ് ഇത്തവണയും അഡ്വ. ബി ആളൂര്‍.

ദേശീയതലത്തില്‍ തന്നെ ചര്‍ച്ചയായ സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദചാമിക്കും, ജിഷ വധക്കേസില്‍ അമീര്‍ ഉള്‍ അസ്ലം, കൂടത്തായി കൂട്ടമരണക്കേസില്‍ 5 പേരെ വകവരുത്തിയെന്ന പോലീസ് പറയുന്ന ജോളി ജോസഫിനുവേണ്ടിയും നിയമ പോരാട്ടം നടത്തിയതിന് ശേഷമാണ് ആളൂര്‍ വിസ്മയ കേസില്‍ എത്തുന്നത്. വിസ്മയ കേസിനെ കുറിച്ചും തന്റെ കാഴ്ചപാടുകളെ കുറിച്ചും റിപ്പോര്‍ട്ടര്‍ ലൈവിനോട് സംസാരിക്കുകയാണ് ആഡ്വ. ആളുര്‍.

വിവാദമാവുന്ന കേസില്‍ കുറ്റാരോപിതര്‍ക്ക് വേണ്ടി ഹാജരാവുന്ന പതിവ് വിസ്മയ കേസിലും ആവര്‍ത്തിച്ചിരിക്കുകയാണ്. ഇത്തരമൊരു താല്‍പര്യത്തിന് പിന്നില്‍?

താല്‍പര്യം എന്ന് പറയുന്നത് വളരെ സങ്കുജിതമായിട്ടുള്ളൊരു വിഷയമാണ്. ഈ കേസിനെ സംബന്ധിച്ച് കിരണിന്റെ പിതാവും ആള്‍ കേരള മെന്‍സ് അസോസിയേഷനും പല പ്രാവശ്യം ഞാനുമായി ബന്ധപ്പെടുകയും കേസില്‍ കിരണിന് വേണ്ടി വാദിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. കേസില്‍ മുന്‍കൂട്ടി ഒരു അഭിഭാഷകനെ കിരണിന്റെ സഹോദരന്‍ ചുമതലപ്പെടുത്തിയിരുന്നു. അദ്ദേഹത്തിന്റെ നോ ഒബ്ജക്ഷന്‍ കൊണ്ടാണ് കേസില്‍ ഹാജരാകാന്‍ വൈകിയത്. ഞാന്‍ ഈ കേസിന്റെ പിന്നാലെ പോകുന്നുവെന്നത് പൊതുജനങ്ങളുടെ തെറ്റായധാരണയാണ്. വിസ്മയയുടെ കുടുംബം ഒരിക്കലും എന്നെ സമീപിക്കില്ല. കാരണം സര്‍ക്കാരാണ് അവരുടെ കേസ് നടത്തുന്നത്. ഈ കേസിന് രാഷ്ട്രീയവുമായി അടുത്ത ബന്ധമുണ്ട്. വിസ്മയയുടെ കുടുംബം സര്‍ക്കാരുമായി ഏറ്റവും അടുത്ത് നില്‍ക്കുന്നു. തീര്‍ച്ചയായും സ്‌പെഷ്യല്‍ പബ്ലിക്‌പ്രോസിക്യൂട്ടര്‍ അടക്കമുള്ള സര്‍ക്കാരിന്റെ സംവിധാനങ്ങള്‍ വെച്ച് കേസ് നടത്തും. അവിടെ ബിഎ ആളുരിന് പ്രസക്തിയില്ല. എന്നാല്‍ തനിക്കെതിരായ ആരോപണം വളരെ ശക്തമാക്കുമ്പോള്‍ പ്രതിഭാഗം അഭിഭാഷകനെ തേടുന്നു. അങ്ങനെ തേടിയ ഒരു അഭിഭാഷകനാണ് ഞാന്‍. എന്റെ അടുത്ത് വരുന്ന കേസ് ഇരയുടേതായാലും വേട്ടക്കാരന്റേതായാലും ഞാന്‍ അത് ഏറ്റെടുക്കും. അതിന് നിയമപരമായി ഏതറ്റം വരെ പോകാന്‍ പറ്റും. അങ്ങനെയൊരാളാണ് ഞാന്‍. അങ്ങനെയായിരിക്കാം അവര്‍ എന്നെ സമീപിച്ചിട്ടുണ്ടാവുക. അല്ലാതെ പ്രത്യേകിച്ച് താല്‍പര്യമൊന്നുമില്ല.

പൊതുമനോഭാവത്തിന് വിരുദ്ധമായ കേസുകളാണ് താങ്കള്‍ വാദിക്കുന്നതില്‍ പലതും. ഇത് വഴി ഉണ്ടാവുന്ന നെഗറ്റീവ് പബ്ലിസിറ്റി ഇഷ്ടപ്പെടുന്നുണ്ടോ? അതിനെ പ്രതിരോധിക്കാന്‍ ശ്രമിക്കാറുണ്ടോ?

ആര് കേസെടുത്താലും അവരെ നെഗറ്റീവ് പബ്ലിസിറ്റിയിലൂടെ ചിത്രീകരിക്കുകയെന്നതാണ് ഇവിടെ നടക്കുന്നത്. കിരണ്‍ കുറ്റവാളിയോ നിരപരാധിയോ ആവട്ടെ. പെതുസമൂഹം കുറ്റവാളിയെന്നും അഹങ്കാരിയെന്നും പറയുന്ന പ്രതിക്ക് വേണ്ടി ഏത് അഭിഭാഷകന്‍ ഹാജരാകുന്നുവോ അയാളേയും കൊടും കുറ്റവാളിയായി പ്രഖ്യാപിക്കുന്ന സമ്പ്രദായമാണിത്. അതില്‍ മാധ്യമങ്ങള്‍ക്കൊപ്പം തന്നെ സോഷ്യല്‍മീഡിയക്കും പങ്കുണ്ട്. ആരോപണ വിധേയനായ പ്രതി കുറ്റവാളിയല്ലെങ്കിലോ? രണ്ട് ഭാഗവും ചിന്തിക്കേണ്ടതുണ്ട്. കുറ്റവാളിയാണെങ്കില്‍ ആ മാനസികാവസ്ഥ തരണം ചെയ്യേണ്ടതുണ്ട്. കുറ്റവാളിയല്ലെങ്കില്‍ മാനവും അഭിമാനവും അയാള്‍ ചെയ്ത തൊഴിലും ഉള്‍പ്പെടെ നഷ്ടപ്പെടുകയാണ്.

ഞാനുമായി സംസാരിച്ചപ്പോള്‍ കക്ഷികള്‍ എന്നോട് പറഞ്ഞത് വീട്ടില്‍ എല്ലാവര്‍ക്കും ഉണ്ടാവുന്നത് പോലെ ഭാര്യഭര്‍ത്താക്കന്മാരായിട്ട് വഴക്കുണ്ടാവുന്നു. അതിന്റെ പരിണിത ഫലമായിരിക്കാം ആത്മഹത്യയെന്നാണ്. അവരെ സംബന്ധിച്ച് ഇത് ആത്മഹത്യമാത്രമാണ്. ഇതില്‍ പൊലീസും സമാന്തര അന്വേഷണം നടത്തുന്നുണ്ട്. ഇന്നുവരേയുള്ള അന്വേഷണത്തില്‍ പൊലീസും കണ്ടെത്തിയത് പീഡനം കൊണ്ടുള്ള ആത്മഹത്യയെന്നാണ്. യഥാര്‍ത്ഥത്തില്‍ കിരണ്‍ കുറ്റവാളിയാണോയെന്നാണ് കണ്ടെത്തേണ്ടത്. ഇവിടെ ആരോപണ വിധേയനായ വ്യക്തി നിരപരാധിത്വം തെളിയിക്കാന്‍ കൊണ്ടുവരുന്ന വ്യഗ്രതയില്‍ നല്ല അഭിഭാഷകനെ വെച്ച് കാര്യങ്ങള്‍ കൊണ്ടുവരേണ്ടതുണ്ട്. ഇതില്‍ പൊതുജനങ്ങള്‍ നെഗറ്റീവ് പബ്ലിസിറ്റിയെന്ന് പറയുമ്പോള്‍ ഈ പറയുന്ന ഒരു കേസില്‍ അവര്‍ കക്ഷിചേരുമ്പോള്‍ മാത്രമാണ് വിഷമം മനസിലാവു. കക്ഷികളാവാതെ പുറത്തുള്ള മനുഷ്യര്‍ക്ക് എന്ത് വിമര്‍ശനവും ഉയര്‍ത്താം.

വിസ്മയ കേസിനെ സംബന്ധിച്ച് ഇരയുടെ (വിസ്മയയുടെ) വാട്‌സ്ആപ് സന്ദേശങ്ങള്‍ പുറത്ത് വന്നിരുന്നു. തനിക്ക് നേരിടേണ്ടി വന്നത് ക്രൂരപീഡനമാണെന്ന് അതില്‍ പറയുന്നുണ്ട്. അത് തന്നെയല്ലേ കേസിലെ ഏറ്റവും വലിയ തെളിവ്?

തീര്‍ച്ചയായും വിസ്മയ ശാരീരികവും മാനസികമായും പീഡനത്തിന് ഇരയായിട്ടുണ്ടാവാം. ഇതെല്ലാം അമ്മയോടോ സഹോദരനോടോ തുറന്ന് പറയാമായിരുന്നു. ഇല്ലാത്തപക്ഷം പരാതികൊടുക്കാമായിരുന്നു. കാരണം ആര്‍ടിഒ ഓഫീസില്‍ ജോലി ചെയ്യുന്ന വ്യക്തിക്കെതിരെ ഇതുവരെ യാതൊരു പരാതിയും കൊടുത്തിട്ടില്ല. കുറ്റം ചെയ്തതായിട്ട് മറ്റൊരിടത്തുമില്ല. അങ്ങനെയിരിക്കുമ്പോള്‍ 29-5-2021 ല്‍ നടന്ന സംഭവം പിന്നെ വെളിച്ചെത്താവുന്നത് 19 ാം തിയ്യതി രാത്രി ഈ കുട്ടി മരിച്ചതിന് ശേഷമാണ്. 29 മുതല്‍ അടുത്ത 19 വരെയുള്ള കാര്യങ്ങള്‍ സാമൂഹിക മാധ്യമം വഴിയാണ് പുറത്ത് വരുന്നത്. അതിന് മുമ്പും ഇങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ അകാര്യങ്ങളൊന്നും ആരോടും പറഞ്ഞിട്ടില്ല. അവസാനം മരണപ്പെട്ടതിന് ശേഷമാണ് ഇതെല്ലാം പുറത്ത് വരുന്നത്. മരിച്ച വിസ്മയ സോഷ്യല്‍മീഡിയയുമായി അടുത്ത ബന്ധമുള്ളയാളാണെന്നാണ് എനിക്ക് മനസിലാക്കാന്‍ സാധിച്ചത്. അവരെ സംബന്ധിച്ച് ഇതിനെകുറിച്ച് എന്തുകൊണ്ട് ഇത് പുറത്ത് പറഞ്ഞില്ലായെന്നത് സംശയത്തിന് ഇടനല്‍കുന്നതാണ്.

ഈ പാട്രിയാര്‍ക്കല്‍ സൊസൈറ്റിയില്‍ ഒരു പെണ്‍കുട്ടി താന്‍ നേരിട്ടിട്ടുള്ള പീഡനങ്ങള്‍ തുറന്ന് പറയുന്നതിന് എടുക്കുന്ന സമയം ചെറുതല്ല. അത്തരത്തില്‍ തുറന്ന് പറയാന്‍ പറ്റാതിരുന്ന സാഹചര്യമായിരുന്നിരിക്കില്ലേ?

അതിനോട് ഞാന്‍ വിയോയോജിക്കുന്നില്ലായെന്ന് പറയുന്നില്ല. പക്ഷേ യോജിക്കാത്തത് എന്തുകൊണ്ടാണെന്നാല്‍ വിസ്മയയെ സംബന്ധിച്ചിടത്തോളം സാധാരണ ഒരു വീട്ടിലെ പെണ്‍കുട്ടിയെ പോലെ ജീവിച്ചുവന്നതല്ല. വിദ്യഭ്യാസവും സമൂഹവുമായി ഇടപഴകുന്നതും നിരവധി സുഹൃത്തുക്കളും ഉണ്ട്. പാട്രീയാര്‍ക്കല്‍ സമൂഹത്തില്‍ ന്യൂജനറേഷനായി ജീവിക്കുന്ന വ്യക്തിയാണ് അവര്‍. അങ്ങനെയുള്ള വ്യക്തികളെ സംബന്ധിച്ച് ഇത്തരം കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ അത് തുറന്ന് പറയാനുള്ള സ്‌പേസ് ഇല്ലേ. ഇത്തരം സംഭവങ്ങള്‍ ഉണ്ടാവുമ്പോള്‍ സ്ത്രീധന പീഡനമായിട്ടോ സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും തെറ്റാണെന്ന് പറഞ്ഞ് വിമര്‍ശിക്കുകയോ അല്ല ചെയ്യേണ്ടത് മറിച്ച് ഇക്കാര്യങ്ങള്‍ മുന്‍കൂട്ടി കണ്ട് വിവാഹത്തിന് ശേഷം പരിഹാരം കാണുകയെന്നതാണ്. വിവാഹം വേര്‍പ്പെടുത്തുകയെന്നതല്ല, കോടതിയില്‍ വരുമ്പോള്‍ കോടതി ഇവരുവരേയും ഒരുമിച്ച് കൊണ്ടുപോകാന്‍ ശ്രമിക്കുന്നു. കുടുംബകോടതിയിലെ കേസുകളില്‍ 90 ശതമാനവും നിസ്സാര കാര്യങ്ങള്‍ക്ക് മോചനം തേടുന്നവരാണ്. അപ്പോള്‍ ഇത്തരം കാര്യങ്ങള്‍ അറിയാം എന്നിരിക്കെ ഭാര്യ ഭര്‍ത്താവിനെ ഉപേക്ഷിക്കുന്നതായികൂടെ. രണ്ടിലും ഭാര്യക്കും ഭര്‍ത്താവും തുല്യപങ്കുണ്ട്. ഇരുവര്‍ക്കും മാനസിക സമ്മര്‍ദം ഉണ്ടാക്കും. കാര്യങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് രണ്ട് വ്യക്തികളും കുടുംബങ്ങളും നേരിട്ട് സമചിത്തതയോടെ മുന്നോട്ട് പോവുകയാണ് വേണ്ടത്.

കിരണിനെ ന്യായീകരിക്കാന്‍ അഡ്വ. ആളൂരിന്റെ പക്കല്‍ എന്ത് തെളിവാണുള്ളത്?

കഴിഞ്ഞ ദിവസം കേസില്‍ രണ്ട് മണിക്കൂറോളം വാദം നടന്നു. പലകാര്യങ്ങളും കോടതിയെ ധരിപ്പിച്ചു. പൊലീസിന്റെ ആരോപണം സ്ത്രീധനപീഡനത്തെ തുടര്‍ന്ന് വിസ്മയ മരിച്ചുവെന്നതാണ്. അതായത് ആത്മഹത്യയല്ല കൊലപാതകം ആണ് എന്ന്. കൊലപാതകത്തിന്റെ പിന്നില്‍ കിരണും അദ്ദേഹത്തിന്റെ വീട്ടുകാരും ആണെന്ന്. എന്നാല്‍ ഈ വാദത്തെ സാധൂകരിക്കുന്ന യാതൊരു തെളിവുകളും പൊലീസിന്റെ ഭാഗത്ത് ഇല്ലായെന്ന് മാത്രമല്ല, അങ്ങനെയാരു സംഭവം നടന്നിട്ടില്ല. ഒരുപക്ഷെ വിസ്മയയുടെ മാനസികാവസ്ഥയില്‍ അവര്‍ ആത്മഹത്യ ചെയ്തതായിരിക്കാം.

വിസ്മയ ആത്മഹത്യ ചെയ്തതാണെന്നത ന്യായീകരിക്കുന്നതിനും തെളിവ് വേണമല്ലോ?

സംഭവസ്ഥലത്ത് നിന്നുള്ള മഹ്‌സര്‍ വായിക്കുമ്പോള്‍ വിസമയ കമ്പിയില്‍ കെട്ടിതൂങ്ങി മരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നിട്ടില്ല. മരണകാരണം തൂങ്ങിമരണം ആണെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ മനസിലാവുന്നത്. അങ്ങനെയാണെങ്കില്‍ കുട്ടി ആത്മഹത്യ ചെയ്തതാണെന്ന് മനസിലാക്കുന്നു. തീര്‍ച്ചയായും കാരണക്കാരന്‍ ആരാപണവിധേയനായ കിരണ്‍ ആണെന്ന് പറയാന്‍ പൊലീസിന് സാധിക്കില്ല. അവര്‍കൊണ്ടുവന്ന തെളിവുകള്‍ കുറ്റപത്രം ലഭിച്ചാല്‍ മാത്രമെ മനസിലാവുകയുള്ളൂ. കിരണ്‍ കൊല ചെയ്തുവെന്ന് പറയുന്ന കേസില്ല. അങ്ങനൊരു കേസ് ഇല്ലാതിരിക്കെ അതിനെകുറിച്ച് ചിന്തിച്ചിട്ട് കാര്യമില്ലല്ലോ. കേസ് പോലും രജിസ്റ്റര്‍ ചെയ്യാതെയാണ് കിരണിനെ പൊലീസ് കൊണ്ടുപോയത്. ശേഷം കിരണിനെ ചോദ്യം ചെയ്ത ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്യുന്നതും അറസ്റ്റ് ചെയ്യുന്നതും. ഇതൊന്നും നിയമപരമല്ല. കിരണും സര്‍ക്കാരിന് വേണ്ടി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനല്ലേ. സംസ്ഥാന കേന്ദ്രസര്‍ക്കാരില്‍ ജോലിചെയ്യുന്ന മറ്റ് ഉദ്യോഗസ്ഥര്‍ക്ക് കിട്ടുന്ന ആനുകൂല്യമെങ്കിലും കിരണിനും കിട്ടാനുള്ള അവകാശമില്ലേ. അതൊന്നും പാലിക്കപ്പെട്ടിട്ടില്ല.

വിസ്മയ കേസിന് ലഭിച്ച പ്രാധാന്യത്തിന്റെ കാരണം എന്തായിരിക്കാം?

ഇതുപോലുള്ള എത്രയോ കേസുകള്‍ ഇന്ത്യയിലും കേരളത്തിലും നടക്കുന്നുണ്ട്. എന്തുകൊണ്ട് കിരണിന്റെ പിന്നാലെ മാത്രം പോകുന്നത് എന്നതിന് പിന്നില്‍ രാഷ്ട്രീയ താല്‍പര്യമാണ്. തീര്‍ച്ചയായും കക്ഷിരാഷ്ട്രീയമുണ്ട്. പൊളിറ്റിക്കല്‍ അജണ്ടയുണ്ട്. അവരെ തേജോവദം ചെയ്യുന്നുവെന്നാണ് വിസ്മയയുടെ ആരോപണം.രാഷ്ട്രീയ ആരോപണത്തിന് പലകാരണങ്ങളുണ്ട്. ഒരു പുതിയ വിഷയം കൊണ്ടുവന്നാല്‍ മാത്രമെ അതിന് മുമ്പുള്ള വിഷയങ്ങള്‍ മറച്ചുവെക്കാന്‍ സാധിക്കുകയുള്ളു. ഒരു പൊളിറ്റിക്കല്‍ അജണ്ടയാണ്.

ഒരു കേസ് ഏറ്റെടുക്കുമ്പോള്‍ ഇരയുടെ ബന്ധുക്കളുടെ വൈകാരികതയെകുറിച്ച് ആലോചിക്കാറുണ്ടോ?

കക്ഷിക്ക് നീതി ലഭിക്കണമെങ്കില്‍ വ്യക്തിപരമാണെങ്കിലും പ്രൊഫഷണല്‍ ആണെങ്കിലും വൈകാരികമായി ഡിഫന്‍സ് ലോയര്‍ ചിന്തിക്കാന്‍ പാടില്ല. വാദിഭാഗത്ത് നിന്നായാലും പ്രതിഭാഗത്ത് നിന്നാലും ഞാന്‍ എന്റെ ചുമതല നിര്‍വഹിക്കുന്നു.

കിരണ്‍ കുറ്റവിമുക്തനാക്കപ്പെടുമോ?

അത് ഇപ്പോള്‍ പറയാന്‍ പാടില്ല. കുറ്റം തെളിയുന്നത് വരെ കിരണ്‍ നിരപരാധിയാണ്, കുറ്റാരോപിതന്‍ മാത്രമാണ്. നിലവില്‍ കിരണിനെതിരെ ആരോപണങ്ങള്‍ പ്രകാരമാണെങ്കില്‍ 304 ബി പ്രകാരം ഏറ്റവും കുറഞ്ഞ ശിക്ഷ 10 വര്‍ഷവും കൂടിയ ശിക്ഷ ജീവപര്യന്തവുമാണ്. എന്നാല്‍ അതിന് വ്യക്തമായ തെളിവുകള്‍ ഉണ്ടാവുകയും അത് കോടതിയില്‍ തെളിയിക്കാനും പറ്റണം.

മാധ്യമങ്ങള്‍ കേസിനെ വളച്ചൊടിക്കുന്ന അവസ്ഥാവിശേഷം ഉണ്ട്. ജോളി കേസില്‍ അത് സംഭവിച്ചു. ഒരു കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്താല്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് വരെ കേസ് കോടതിയുടെ പരിഗണനയിലാണ്. കുറ്റപത്രത്തിലെ കാര്യങ്ങള്‍ മാധ്യമങ്ങള്‍ പൊതുജനങ്ങളുടെ മുന്നില്‍ പറയരുത്. അതിന് നിരവധി കാരണങ്ങളുണ്ട്. വിസ്മയ കേസില്‍ മാധ്യമവിചാരണയാണ് നടക്കുന്നത്. മാധ്യമപ്രസരം വിസ്മയകേസില്‍ ഉണ്ട്. റിപ്പോര്‍ട്ട് ചെയ്യപ്പെടണം. എന്നാല്‍ അത് വ്യക്തിഹത്യയാവരുത്. അത് അഭിഭാഷകര്‍ക്കെതിരേയും പൊലീസുകാര്‍ക്കെതിരേയും.

Next Story

Popular Stories