2020 Year Ender Story

ക്ലാസ്സ് മുറികളെ അഞ്ചിഞ്ച്‌ സ്ക്രീനിലേക്ക് ഒതുക്കിയ ലോക് ഡൗൺ ; ഓൺലൈൻ ക്ലാസുകളുടെ 9 നേട്ടങ്ങൾ ഇങ്ങനെ

ഇന്ന് വരെ കണ്ടും കേട്ടും അനുഭവിച്ചും ശീലിച്ചും പരിചയിച്ചിട്ടില്ലാത്ത പലതിനും സാക്ഷിയായ വർഷമായിരുന്നു 2020. കൊവിഡ്‌ കൊണ്ടുവന്ന ഈ ‘ന്യൂ നോർമൽ’ ജീവിതരീതിയെ സംബന്ധിച്ച പല കണക്കെടുപ്പുകളും ഇതിനകം വന്നുകാണും. എന്നാൽ കൊവിഡും പിന്നാലെ വന്ന ലോക്‌ഡൗണും അടപടലം മാറ്റം വരുത്തിയ ഒരു മേഖലയെ പരിചയപ്പെടാം. പറഞ്ഞു വരുന്നത് വിശാലമായ സ്‌കൂൾ അങ്കണത്തിൽ നിന്നും അഞ്ചിഞ്ച് സ്‌ക്രീനിലേക്കൊതുങ്ങിയ നമ്മുടെ വിദ്യാഭ്യാസ മേഖലയെ പറ്റിയാണ്.

ലോക് ഡൗണിനോട് കൂടി ലോകമെമ്പാടുമുള്ള വിദ്യാഭ്യാസ സമ്പ്രദായം തന്നെ ഓൺലൈൻ ക്‌ളാസ്സ്‌മുറികളിലേക്കായി ചുരുങ്ങി. യുനെസ്കോയുടെ കണക്കനുസരിച്ച് 138 രാജ്യങ്ങളിലെ 1.37 ബില്യൺ വിദ്യാർത്ഥികളെയും സ്‌കൂളുകളെയും കോളേജുകളെയും ലോക് ഡൌൺ നേരിട്ട് ബാധിച്ചിട്ടുണ്ട്. ഏതാണ്ട് 60.2 ദശലക്ഷം സ്‌കൂൾ-യൂണിവേഴ്‌സിറ്റി അധ്യാപകർ ക്ലാസ് മുറികളിൽ നിന്ന് അപ്രത്യക്ഷരായി എന്ന് പറയുമ്പോൾ വിദ്യാഭ്യാസമേഖല അഭിമുഖീകരിക്കേണ്ടി വന്ന പ്രതിസന്ധിയുടെ ആഴം വ്യക്തമാണല്ലോ.

എന്നാൽ ആശങ്കകൾക്ക് വഴിപ്പെടാതെ സുരക്ഷാ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിച്ച് കൊണ്ട് ഓൺലൈൻ പഠനരീതി തന്നെ അവലംബിച്ചുള്ള മുന്നേറ്റമാണ് നമ്മൾ പിന്നെ കണ്ടത്. വിദ്യാർത്ഥികളുമായി മുഖാമുഖം കണ്ട് ഇടപഴകി പഠിപ്പിക്കുന്നതിനായി അധികൃതർ ഓൺലൈൻ വീഡിയോ കോൺഫറൻസിംഗ് പ്ലാറ്റ്‌ഫോമുകളായ സൂം, സ്കൈപ്പ്, ഗൂഗിൾ ക്ലാസ് റൂം എന്നിവയിൽ അക്കൗണ്ടുകൾ ക്രമീകരിക്കുന്നു. കുട്ടികളും രക്ഷിതാക്കളും പുതിയ പഠനരീതിക്കായി തങ്ങളെയും ചുറ്റുപാടുകളെയും ഉടനടി സജ്ജരാക്കുന്നു എന്നിങ്ങനെ .

പിന്നീട് നമ്മൾ കാണുന്നത് കാലാനുഗതമായ ഡിജിറ്റൽ വിദ്യാഭ്യാസ പ്രക്രിയയാണ്. അതായത് നിലവിലുള്ള പാഠപുസ്തകങ്ങളോടും വായനാ സാമഗ്രികൾക്കുമൊപ്പം പിഡിഎഫ് പോലുള്ള നവമാധ്യമങ്ങളും ചേർന്ന് കൊണ്ടുള്ള ഒരു മിശ്രിതം.

കാര്യം വിദ്യാഭ്യാസമോ..വിദൂര വിദ്യാഭ്യാസമോ ഒന്നും കേരളീയർക്ക് ഒരു വിഷയമേ അല്ലെങ്കിലും ‘പിള്ളേരുടെ കൈയ്യിൽ മൊബൈൽ ഫോൺ കൊടുക്കരുത് ‘എന്ന പല്ലവി പാടിയ നമ്മൾ തന്നെയാണ് ഇന്ന് മുടക്കം വരാതെ പഠിക്കാനായി സ്മാർട്ട് ഫോണും ഇന്റർനെറ്റ് കണക്ഷനും എടുത്തുകൊടുത്ത് കുഞ്ഞുങ്ങളെ പാകപ്പെടുത്തിയിരിക്കുന്നത്. ഇനി വിഷയത്തിലേക്ക് വന്നാൽ, കൊവിഡ് നമ്മുടെ വിദ്യാഭ്യാസ രീതിയോട് ചെയ്തതെന്തെന്ന് പരിശോധിക്കാം.

  1. വീണ്ടും പുത്തനൊരു ക്രമത്തിലേക്ക്

ഇനി ഓൺലൈൻ ക്‌ളാസ് മുറികളിലേക്ക് ഒതുങ്ങിയ ഈ പഠനം ആത്യന്തികമായി വിദ്യാഭ്യാസ നിലവാരത്തെ ഗുണകരമായി എങ്ങനെയെല്ലാം ബാധിച്ചു എന്നൊന്ന് നോക്കാം. അതിലാദ്യം പറയേണ്ടത് കുട്ടികളുടെ വളർച്ചാ കാലഘട്ടങ്ങളിൽ അവരെ പരിചയപ്പെടുത്തേണ്ട ചില ശൈലികളെയും ജീവിതചര്യകളെയും പറ്റിയാണ്. കാരണം പഠനങ്ങൾ സൂചിപ്പിക്കുന്നത് നിശ്ചിതമായ ഒരു ദിനചര്യ ശീലിക്കുന്ന കുട്ടികൾക്ക് സുരക്ഷിതത്വ ബോധം അച്ചടക്കം ആത്മവിശ്വാസം ആത്മാഭിമാനം എന്നിവ കൂടുതലാണെന്നാണ്.

ഒന്നുകൂടെ ലളിതമാക്കിയാൽ രാജ്യം പൊടുന്നനെ ലോക് ഡൗണിലേക്ക് കടന്നതോടെ ഉറങ്ങേണ്ടതെപ്പോൾ..എഴുന്നേൽക്കേണ്ടതെപ്പോൾ.. പഠിക്കേണ്ടതെപ്പോൾ.. കളിക്കേണ്ടതെപ്പോൾ എന്നുള്ള കാര്യങ്ങളിലൊക്കെ ഒരു അനിശ്ചിതാവസ്ഥ കുഞ്ഞുങ്ങളിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ കുട്ടികളെ ആ മാനസികാവസ്ഥയിൽ തുടരാൻ അനുവദിക്കാതെ കൃത്യമായ ക്ലാസ്സുകളും, ഗൃഹപാഠങ്ങളും, മറ്റ് ചുമതലകളുമായി പുതിയൊരു ക്രമമാണ് ഓൺലൈൻ ക്ലാസ് റൂമുകൾ നൽകിയത്.

2. എളുപ്പത്തിൽ ലഭ്യമാകുന്ന അറിവ്

വേഗതയുള്ള ഇന്റർനെറ്റ് കണക്ഷനും ക്ലാസ്സിൽ പങ്കെടുക്കാനായി കമ്പ്യൂട്ടറോ , ടാബ്‌ലെറ്റോ അല്ലെങ്കിൽ സ്മാർട്ട്‌ഫോണോ മാത്രമേ ആവശ്യമുള്ളൂ എന്നതിനാലും വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസ് മുറികളിൽ തങ്ങളുടെ സാന്നിധ്യം അറിയിക്കാൻ എളുപ്പമാണ്. അതുകൊണ്ട് തന്നെ സ്കൂളിലേക്കുള്ള പ്രതിദിന യാത്രാ ബുദ്ധിമുട്ടുകളെ ഒഴിവാക്കി ഇപ്പോൾ വിദ്യാർത്ഥികൾക്ക് അവരുടെ വീട്ടിലിരുന്ന് എളുപ്പത്തിൽ ക്ലാസ് റൂമുകളുമായി ബന്ധപ്പെടാനാകുന്നു.

കൂടാതെ പാഠങ്ങൾ റെക്കോർഡ് ചെയ്യുന്നതിനും സൂക്ഷിച്ചു വെക്കുന്നതിനും മറ്റും ഓൺലൈൻ ക്ലാസുകൾ അനുവദിക്കുന്നതിനാൽ, വിദ്യാർത്ഥികൾക്ക് അവരുടെ സൗകര്യാനുസരണം വിഷയങ്ങൾ പഠിക്കാനുള്ള അവസരമുണ്ട്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ വിർച്വൽ ക്ലാസുകൾ വിദ്യാർത്ഥികൾക്ക് പഠിച്ച വിവരങ്ങൾ മനസ്സിലാക്കാനും അത് പരിശീലിക്കാനും സ്വന്തമായി ഗവേഷണം നടത്താനും വിഷയത്തെക്കുറിച്ചുള്ള അവരുടെ ഗ്രാഹ്യം വർദ്ധിപ്പിക്കാനും ധാരാളം സമയം നൽകുന്നു എന്നർത്ഥം.

3. 24 മണിക്കൂറും നിങ്ങൾക്കായി

ഓൺലൈൻ ക്ലാസ് മുറികളിൽ ഉണ്ടാകുന്ന ഏതൊരു ചോദ്യത്തിനും സംശയത്തിനും പരിഹാരം കാണാൻ പ്രത്യേകമൊരു സമയം നോക്കേണ്ട സാഹചര്യം ഇല്ലെന്നുള്ളതാണ് മറ്റൊരു ഗുണവശം. എപ്പോൾ വേണമെങ്കിലും അധ്യാപകരുമായി സംവദിക്കാനും സംശയങ്ങൾ പരിഹരിക്കാനും അല്ലെങ്കിൽ ചോദ്യങ്ങൾ ചോദിക്കാനും ഈ സംവിധാനം വിദ്യാർത്ഥികളെ അനുവദിക്കുന്നുണ്ട്.

4. പുതിയ സാങ്കേതികവിദ്യ പഠിക്കാനുള്ള അവസരം

ഓൺലൈൻ ക്ലാസ്സുകളിലൂടെ പഠനം സാധ്യമാക്കാനായി പുതിയ സാങ്കേതിക വിദ്യകളും പ്ലാറ്റുഫോമുകളും ഡിജിറ്റൽ ഉപകരണങ്ങളും കുട്ടികൾക്ക് പരിചയിക്കേണ്ടിയും അഭ്യസിക്കേണ്ടി വന്നിട്ടുണ്ട്. തീർച്ചയായും ഗൂഗിൾ മീറ്റ്, സൂം മുതലായവ വിദ്യാർത്ഥികൾക്ക് നൂതനമായ പല സാങ്കേതിക വിദ്യകളും പഠിക്കാനുള്ള അവസരമൊരുക്കിയിട്ടുണ്ട്. അസൈൻമെന്റുകൾക്കായി പവർപോയിന്റ് പ്രസന്റേഷൻ ഉണ്ടാക്കുന്നത് മുതൽ ഓൺ‌ലൈൻ ഗവേഷണം വരെ ഇതിൽ ഉൾപ്പെടുന്നു. ഓൺലൈൻ ക്ലാസ്സുകളിലൂടെ വിദ്യാർത്ഥികൾ നേടുന്നത് ഡിജിറ്റൽ നൈപുണ്യവും, വൈദഗ്ധ്യവും കൂടിയാണെന്നുള്ളത് ഒരു കാരണവശാലും തള്ളിക്കളയാവുന്നതല്ല.

5. ഏകാന്തതയും ഒറ്റപ്പെടലും ഒഴിവാകുന്നു

ലോക് ഡൗണും സാമൂഹിക അകലവും മുതിർന്നവരെക്കാളേറെ കുട്ടികളിൽ കൂടുതൽ ഏകാന്തതയും ഒറ്റപ്പെടലും സൃഷ്ടിച്ചിട്ടുണ്ട് . ഈ സാഹചര്യത്തിൽ സുഹൃത്തുക്കളോടും സമപ്രായക്കാരോടും സമ്പർക്കം പുലർത്താനുള്ള അവസരമാണ് ഓൺലൈൻ ക്ലാസ് മുറികൾ കുട്ടികൾക്ക് വീണ്ടും നൽകുന്നത്. ഇത്തരം ഇടപഴകലുകൾ ഇല്ലാതായാൽ കുഞ്ഞുങ്ങൾ ഒരുപക്ഷെ ഉത്കണ്ഠയിലേക്കും വിഷാദത്തിലേക്കും വീണുപോയേക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ബന്ധങ്ങളുടെയും സൗഹൃദങ്ങളുടെയും ഊഷ്‌മളത നില നിർത്താനും അങ്ങനെ മാനസികാരോഗ്യം കൈമോശം വരാതെ നോക്കാനും ഓൺലൈൻ ക്ലാസുകൾ വേദിയാകുന്നു.

6. വ്യക്തിഗതമായ ക്ലാസ്സ് റൂമുകൾ

വെർച്വൽ ക്ലാസ് മുറികളിൽ , വിദ്യാർത്ഥികളുടെ ആവശ്യവും താൽപര്യവും കണ്ടറിഞ്ഞു പഠനരീതികൾ അവലംബിക്കാൻ സാധിക്കും. ഉദാഹരണത്തിന് കണ്ടു പഠിക്കേണ്ടവർക്ക് വീഡിയോകൾ വഴിയും , അല്ലാത്തവർക്ക് ശബ്ദ സന്ദേശങ്ങൾ വഴിയും പഠനത്തിൽ കൂടുതൽ താല്പര്യം ജനിപ്പിക്കാനും പഠനം കൂടുതൽ രസകരമാക്കാനും പഠന ഫലങ്ങൾ മെച്ചപ്പെടുത്താനും ഇത് കൂടുതൽ സഹായകമാകുന്നു.

7. മെച്ചപ്പെട്ട ഹാജർനില

യാത്ര ചെയ്യേണ്ടതില്ല എന്നതിനാൽ ക്ലാസ്സ്മുറികളിൽ വിദ്യാർത്ഥികളുടെ സാന്നിധ്യം കൂടുതലാണ്. ക്ലാസിലെ പങ്കാളിത്തത്തിലും ആശയവിനിമയത്തിലും കുട്ടികൾ ഗണ്യമായ പുരോഗതിയും കാണിക്കുന്നുണ്ട് . ഒരു സ്‌ക്രീനിന് പിന്നിൽ നിന്ന് അധ്യാപകരുമായി ആശയവിനിമയം നടത്തുന്നത് കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമായി നിരവധി വിദ്യാർത്ഥികൾ കാണുന്നു എന്നതാണ് കാരണം.

8. പഠന നിലവാരത്തെ കൃത്യമായി അളക്കാം

ഓരോ വിദ്യാർത്ഥിയുടെയും പ്രകടനം ഓൺലൈൻ ക്ലാസുകളിൽ എളുപ്പത്തിൽ ട്രാക്കുചെയ്യാനാകും. എന്നത് മെച്ചപ്പപ്പെട്ട നിർണയത്തിന് അവസരം നൽകുന്നു. വെർച്വൽ ക്ലാസുകളിലെ ഹാജർ റെക്കോർഡുകൾ, ടെസ്റ്റ് സ്‌കോറുകൾ, പരീക്ഷാ ഫലങ്ങൾ എന്നിവ ഉൾപ്പെടെ ഓരോ വിദ്യാർത്ഥിയുടെയും ഡാറ്റ ഓൺലൈനിൽ സൂക്ഷിക്കപ്പെടുന്നു. ഇത് വിദ്യാർത്ഥികളെ ട്രാക്കുചെയ്യാനും അവരുടെ പഠന നിലവാരം എളുപ്പത്തിൽ മനസ്സിലാക്കാനും അധ്യാപകരെ സഹായിക്കുന്നു. തൽഫലമായി പഠന മാതൃകകൾക്കും വിദ്യാർത്ഥികളുടെ പഠന ആവശ്യങ്ങൾക്കും അനുസൃതമായി ഓൺലൈൻ ക്ലാസുകളെ രൂപപ്പെടുത്താൻ ഇത് സഹായകമാകുന്നു.

9. രസകരവും ആവേശകരവുമായ അനുഭവം

ഏറ്റവും പ്രധാനമായി പറയേണ്ടത് ഓൺലൈൻ ക്ലാസുകൾ കുട്ടികൾക്ക് നൽകുന്ന രസകരവും ആവേശകരവുമായ അനുഭവത്തെ പറ്റിയാണ്. ഇന്നത്തെ തലമുറ ഡിജിറ്റൽ സാങ്കേതികവിദ്യയിൽ കഴിവുറ്റവരാണെന്നതിൽ തർക്കമില്ല. ചെറുപ്പം മുതൽ തന്നെ അവർക്ക് ഇതെപറ്റിയെല്ലാം നല്ല പ്രവൃത്തി പരിചയവും ധാരണയുമുണ്ട്. അതിനാൽ ഓൺലൈൻ ക്ലാസ്സ് എന്ന സങ്കൽപ്പവുമായി പൊരുത്തപ്പെട്ടു പോകാൻ അവർക്ക് എളുപ്പത്തിൽ കഴിയുന്നു. പരമ്പരാഗത പഠനരീതിയുടെ മടുപ്പിനെ ഇത് തകർക്കുന്നു എന്ന് മാത്രമല്ല ഏറ്റവും ശ്രമകരമായ ഒരു പാഠ്യവിഷയത്തെ പോലും രസകരവും ആവേശകരവുമാക്കുന്നു.

ഇനിയൊന്ന് ചുരുക്കി പറഞ്ഞാൽ നിത്യേന മാറിക്കൊണ്ടിരിക്കുന്ന ഒരു ലോകത്തിലാണ് നമ്മൾ ജീവിക്കുന്നത്. അതുകൊണ്ട് തന്നെ അപ്രതീക്ഷിതമായ ഏത് പ്രതിസന്ധി ഘട്ടത്തെയും നേരിടാനും വേണ്ട വിട്ടുവീഴ്ചകൾ ചെയ്യാനുമായി വരും തലമുറയെ സജ്ജരാക്കാൻ സഹായകമാകട്ടെ സ്‌കൂൾ മുറികളിൽ നിന്നുമുള്ള ഈ മാറ്റങ്ങൾ ഈ മാറ്റങ്ങൾ എന്നാണ് ഇതേ പറ്റി പഠനം നടത്തിയിട്ടുള്ളവർ പ്രത്യാശിക്കുന്നത്. മാത്രമല്ല വിർച്വൽ ക്ലാസ് മുറികൾ ഇന്നിന്റെ ആവശ്യം മാത്രമല്ല അവ ഭാവിയിലേക്കുള്ള വഴിയും കൂടിയാണെന്നും അവർ സൂചിപ്പിക്കുന്നു.

Latest News